സൂറത്ത്: യുവാവിനെ മർദ്ദിച്ച് അവശനാക്കി വാഹനത്തിൽ കെട്ടിവലിച്ച ഭാര്യയും ഭാര്യാസഹോദരനും കസ്റ്റഡിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്തിലെ കഡോദാര സ്വദേശികളായ ശീതൾ റാത്തോഡ്, സഹോദരൻ അനിൽ ചൗഹാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശീതളിന്റെ ഭർത്താവ് ബാൽകൃഷ്ണ റാത്തോഡിനെയാണ് ഇരുവരും ചേർന്ന് മർദിച്ച ശേഷം ടെംപോ വാനിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം കണ്ട നാട്ടുകാരാണ് വാഹനം തടഞ്ഞ് ഇരുവരെയും പൊലീസിന് കൈമാറിയത്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തുന്ന ബാൽകൃഷ്ണ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ടും മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടു. ഇതോടെ ശീതൾ സഹോദരനായ അനിൽ ചൗഹാനെ വിളിച്ചുവരുത്തി. ടെംപോ ഡ്രൈവറായ അനിൽ സഹോദരിയുടെ വീട്ടിലെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ബാൽകൃഷ്ണ ഭാര്യാസഹോദരനെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ശീതളും സഹോദരനും ചേർന്ന് ബാൽകൃഷ്ണയെ മർദിച്ചത്. തുടർന്ന് ടെംപോ വാനിൽ ഇയാളെ കെട്ടിയിട്ട് അരക്കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാർ വാഹനത്തെ പിന്തുടർന്നാണ് പ്രതികളെ തടഞ്ഞുവെച്ചത്. തുടർന്ന് രണ്ടുപേരെയും പൊലീസിന് കൈമാറുകയായിരുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണ നിലവിൽ അബോധാവസ്ഥയിലാണെന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.