- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിൽ അടയ്ക്കാതെ സാധനങ്ങളുമായി യുവാവ് മുങ്ങി; രഹസ്യമായി വന്ന് ബില്ലടച്ചാൽ ഒത്തുതീർപ്പാക്കാമെന്ന സൂപ്പർ മാർക്കറ്റ് ഉടമയുടെ പോസ്റ്റ് വൈറലുമായി; ഒന്നുമറിയാതെ വീണ്ടും മോഷണത്തിന് വന്ന യുവാവിനെ കയ്യോടെ പിടികൂടിയപ്പോൾ കേട്ട കഥയിൽ മനസലിഞ്ഞ് പാവം ഉടമ
കാസർകോട്: ബിൽ അടയ്ക്കാതെ വില കൂടിയ സാധനങ്ങളുമായി ഒരുതവണ മുങ്ങിയ ആൾ വീണ്ടുമെത്തിയതോടെ കയ്യോടെ പിടികൂടി. നേരത്തെ ബിൽ അടയ്ക്കാതെ മുങ്ങിയ ഇയാളുടെ മുഖം മറച്ച ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും രഹസ്യമായി വന്ന് ബിൽ അടച്ചാൽ ഒറിജിനൽ ഫോട്ടോ പുറത്തിറക്കില്ലെന്നും, പൊലീസിൽ പരാതി നൽകില്ലെന്നും, കാസർകോട്ട മാർജിൻ ഫ്രീ കട ഉടമ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ഇട്ടിട്ടും, ആളെ കിട്ടാതെ വന്നതോടെ പരാതിയൊന്നും നൽകാതെ വിട്ടുകളഞ്ഞു. അതിനിടയിലാണ് ഇതൊന്നുമറിയാതെ ബില്ലടയ്ക്കാതെ മുങ്ങിയ വിരുതൻ വീണ്ടും സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾക്കായി എത്തിയത്. ആദ്യ തവണ വന്നതുപോലെ കോട്ട് ധരിച്ച് തന്നെയായിരുന്നു ഇത്തവണയും വരവ്. ആളെ തിരിച്ചറിഞ്ഞതോടെ കയ്യോടെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് ആളുകൾ സ്ഥലത്ത് കൂടി.
ആദ്യ തവണ ഇയാൾ കടന്നുകളഞ്ഞപ്പോൾ സൂപർ മാർക്കറ്റ് ഉടമ പുറത്തിറക്കിയ, മുഖം മറച്ച് കൊണ്ടുള്ള പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ജൂൺ 25നായിരുന്നു ഇയാൾ കടയിലെത്തിയത്. ജൂലൈ അഞ്ചിനുള്ളിൽ കടയിൽ വന്ന് രഹസ്യമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്യുമെന്ന് അതിൽ കുറിച്ചിരുന്നു.
ഇയാളുടെ കയ്യിൽ സ്മാർട് ഫോണുണ്ടായിരുന്നില്ല. സാധാരണ ഫോണായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. അതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ സൂപർമാർക്കറ്റ് ഉടമ ഇറക്കിയ പോസ്റ്ററിന്റെ പുകിലൊന്നും ഇയാൾ അറിഞ്ഞിരുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം നേരത്തെ ചെയ്തിരുന്ന ജോലി നഷ്ടപ്പെടുകയും പുതിയ ജോലി ലഭിക്കാതെ വരികയും കുടുംബം പട്ടിണിയിലാവുകയും ചെയ്തതോടെയാണ് സാധനങ്ങൾ എടുത്തതെന്ന് ഇയാൾ പറഞ്ഞതോടെ കടയുടമയുടെ മനസ്സലിഞ്ഞു.
സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട കട ഉടമ, ബന്ധുക്കൾ എത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ ഏൽപിക്കാതെ മേലാൽ ആവർത്തിക്കരുതെന്ന താക്കീതോടെ വിട്ടയച്ചു. നേരത്തെ കാസർഗോഡ് മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ ചില തൊഴിലാളികൾ ലക്ഷങ്ങളുടെ സാധനങ്ങൾ കടത്തി വിറ്റത് വലിയ വാർത്തയായിരുന്നു. മൂന്നോളം വലിയ മോഷണങ്ങൾക്കും കട ഇരയാവുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്