മെൽബൺ: ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു. ഈയിടെ പുറത്ത് വന്ന  എഎംപി നാറ്റ്‌സെം (നാഷണൽ സെന്റർ ഫോർ സോഷ്യൽ ആൻഡ്  എക്കണോമിക്ക് മോഡെലിങ്) റിപ്പോർട്ടാണിക്കാര്യം ചൂണ്ടിക്കാട്ടുന്നത്.  ലോബർ മാർക്കറ്റ്, ജനസംഖ്യാപരമായ വെല്ലുവിളികൾ എന്നിവയെയാണീ റിപ്പോർട്ട് ഫോക്കസ് ചെയ്യുന്നത്. ഒഇസിഡി രാജ്യങ്ങൾക്കിടയിലെ ലേബർ മാർക്കറ്റുകളിൽ താരതമ്യേന മികച്ച് പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഒഇസിഡി രാജ്യങ്ങളിൽ ഇക്കാര്യത്തിൽ മുകളിൽ നിൽക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്നുമാണിത്. ഇവിടുത്തെ ജനങ്ങളിൽ 53 ശതമാനം പേർക്കു തൊഴിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചു വരുന്നുവെന്നാണ് പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഇവിടുത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 27. 2 ശതമാനമായി വർധിച്ചിരിക്കുകയാണ് . 1990 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2008-ൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള കാലത്ത് 16.6 ശതമാനമായിരുന്നു ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക്. ജനറൽ അൺഎംപ്ലോയ്‌മെന്റ് നിരക്കിനേക്കാൾ 4.5 ശതമാനം വർധിച്ചിരിക്കുകയാണ് യുവജനങ്ങൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാർട്ട് ടൈമായി ജോലി ചെയ്യുന്ന യുവജനങ്ങളുടെ എണ്ണവും പെരുകിയിരിക്കുന്നു. യുവനജനങ്ങളിലെ തൊഴിലില്ലായ്മയും പാർട്ട്‌ടൈം ജോലിക്കാരുടെ എണ്ണവും വർധിക്കുന്നത് യുവജനങ്ങൾ ലേബർ മാർക്കറ്റിൽ പ്രവേശിക്കാൻ പാടുപെടുന്നുവെന്നതിന്റെ സൂചകമാണെന്നാണ് നാറ്റ്‌സെമിലെ പ്രഫസറായ റോബർട്ട് ടാൻടൻ പറയുന്നത്.

സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധി,  കൂടുതൽ യോഗ്യതകളുടെ ആവശ്യകത തുടങ്ങിയവ യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതിൽ തടസ്സമായി വർത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രായമായവർ പരിചയസമ്പന്നതയോടെയും കഴിവുകളോടെയും റിട്ടയർ ചെയ്യുകയാണെന്നും പ്രവർത്തി പരിചയവും അറിവും അവർക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രായമായവരെ മാറ്റി പകരം പുതിയവരെ നിയമിക്കാൻ തൊഴിലുടമകൾ തയ്യാറായില്ലെങ്കിൽ കഴിവുള്ളവരും പ്രവർത്തനപരിചയമുള്ളവരുമായ തൊഴിലാളികളുടെ ക്ഷാമത്തെ ഓസ്‌ട്രേലിയ നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. സമീപ വർഷങ്ങളിലായി തൊഴിൽ നിരക്ക് കുറഞ്ഞ് വരികയാണ്. പുതിയ ഉപകരണങ്ങളിലും ജീവനക്കാരിലും നിക്ഷേപിക്കാൻ അനുകൂലമായ സാമ്പത്തിക സാഹചര്യം കാത്തിരിക്കുന്ന അവസ്ഥയിലാണ് ഇന്ന് പല ബിസിനസ്സ് സ്ഥാപനങ്ങളും. തൊഴിലില്ലായ്മ നിരക്ക് കുറയാൻ അതുമൊരു കാരണമായി വർത്തിക്കുന്നുണ്ട്.