- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘം സഞ്ചരിച്ചത് മോഷണം പോയ വാഹനത്തിലെന്ന് പൊലീസ്; പൊലീസിനെ കണ്ട് ഇറങ്ങിയോടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൊലീസ്; ബൈക്കിൽ യാത്ര ചെയ്ത മൂവർ സംഘം പൊലീസിന് മുന്നിൽ പെട്ടത് രാത്രി പരിശോധനക്കിടെ
പാലക്കാട്: രാത്രി പരിശോധനക്കിടെ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. മോഷണം പോയ വാഹനത്തിലാണ് യുവാവ് ഉൾപ്പടെ മൂന്നുപേർ സഞ്ചരിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.ഇരുചക്രവാഹനം മോഷണം പോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ; കൽമണ്ഡപം ഐഎംഎ ജംക്ഷൻ റോഡിൽ ഇന്നലെ പുലർച്ചെ 1.30ന് ഇരുചക്ര വാഹനത്തിലെത്തിയ 3 പേരിൽ ഒരാൾ പൊലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെട്ടു. മറ്റു 2 പേരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികളാണു ലഭിച്ചത്. തുടർന്ന് ഇവരെ സ്റ്റേഷനിലെത്തിച്ചു.പ്രായപൂർത്തിയായിട്ടില്ലെന്നു മനസ്സിലായതോടെ ഇരുവരെയും കുന്നത്തൂർമേട് ചിറക്കാട് കനാൽ വരമ്പിലുള്ള വീടുകളിലെത്തിച്ചു രക്ഷിതാക്കളെ വിവരം അറിയിച്ചു. അപ്പോഴാണു വാഹനം ഇവരുടേതല്ലെന്നും കൽമണ്ഡപം സ്വദേശിയുടേതാണെന്നും അറിയുന്നത്. തുടർന്നു രക്ഷപ്പെട്ടയാളെ അന്വേഷിച്ചപ്പോഴാണു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.
മരിച്ചയാളുടെ മാതാപിതാക്കൾ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു തമിഴ്നാട്ടിലായിരുന്നു. 16 വയസ്സുകാരനെയും സഹോദരിയെയും ബന്ധുവിന്റെ വീട്ടിലാക്കിയാണു പോയത്. മരിച്ചയാൾ രാത്രി കനാൽ വരമ്പിലുള്ള വീട്ടിലാണ് ഉറങ്ങാൻ കിടന്നത്. ഒപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാൾ ഇയാളുടെ ബന്ധുവാണ്. പുലർച്ചെ പൊലീസ് വന്നപ്പോഴാണു വിവരം അറിയുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ