മ്മിൽ മിക്കവരും യൂട്യൂബിനെ വെറുമൊരു നേരമ്പോക്കായിട്ടാണ് കാണാറുള്ളത്. എന്നാൽ ഇതിൽ നല്ലൊരു പ്രഫഷൻ കരുപ്പിടിപ്പിക്കാമെന്ന് എത്ര പേർക്കറിയാം..?? കാനഡക്കാരിയായ ഇന്ത്യൻ വംശജ ലില്ലി സിംഗിനെ ഇക്കാര്യത്തിൽ നമുക്ക് മാതൃകാക്കാവുന്നതാണ്. നമ്മിൽ ഭൂരിഭാഗം പേരും യൂട്യൂബ് കണ്ട് അതിലെ തമാശകൾ ആസ്വദിച്ച് ചിരിക്കുമ്പോൾ ലില്ലി യൂട്യൂബ് വീഡിയോ അപ്ഡേറ്റ് ചെയ്ത് വർഷം തോറും സമ്പാദിക്കുന്നത് കോടികളാണ്. വ്യത്യസ്തമായി ചിന്തിച്ച് ജീവിത വിജയം നേടിയ ഒരു യുവതിയുടെ കഥ കൂടിയാണിത്. തുടക്കത്തിൽ തന്റെ മാനസിക സമ്മർദത്തിൽ നിന്നും മോചനം നേടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലില്ലി വീഡിയോകൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മിഷെൽ ഒബാമ, ജെയിംസ് ഫ്രാങ്കോ തുടങ്ങിയ സെലിബ്രിറ്റികളോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചത് വരെയെത്തി നിൽക്കുന്നു ലില്ലിയുടെ ജീവിതത്തിലെ വഴിത്തിരിവുകൾ.

ഇത്തരത്തിലുള്ള എല്ലാ സൗഭാഗ്യങ്ങൾക്കും ഈ യുവതിയുടെ ജീവിതത്തിൽ അവസരമൊരുക്കിയിരിക്കുന്നത് യൂട്യൂബ് വീഡിയോ അപ്ഡേഷനാണ്. ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ വനിതാ യൂട്യൂബർ എന്ന ബഹുമതിയും ലില്ലിയെ തേടിയെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ വീഡിയോകളാക്കി അത് യൂട്യൂബിൽ അപ്ഡേറ്റ് ചെയ്ത് പൊതുജനത്തിന് കാണാനുള്ള അവസരമൊരുക്കുകയാണ് ലില്ലിയെ പോലുള്ള യൂട്യൂബർമാർ ചെയ്യുന്നത്. എന്നാൽ എപ്പോഴും യൂട്യൂബ് ചാനലിൽ ജനശ്രദ്ധ ആകർഷിച്ച് മുന്നേറുകയെന്നത് കടുത്ത സമ്മർദമുണ്ടാക്കുന്ന കാര്യമാണ്. ഇതിന് തനതായ കഴിവും അത്യാവശ്യമാണെന്ന് ലില്ലി തെളിയിക്കുന്നു. ഇതിലൂടെ യൂട്യൂബിലെ സൂപ്പർ വുമണായി മാറാനും അവർക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം ലില്ലി 7.5 മില്യൺ ഡോളർ നേടിയാണ് യൂട്യൂബിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന വനിതയായിത്തീർന്നിരിക്കുന്നത്.

എല്ലാദിവസത്തിലെയും മിക്ക സമയവും തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടിയാണ് ലില്ലി ഉപയോഗിക്കുന്നത്. തന്റെ ജീവിതത്തിൽ മോശപ്പെട്ട ദിവസങ്ങൾ ഇല്ലെന്ന് തന്നെ പറയാമെന്നാണ് ലില്ലി വെളിപ്പെടുത്തുന്നത്. 2010ലായിരുന്നു അവർ യൂട്യൂബിന് വേണ്ടി തന്റെ സൂപ്പർ വുമൺ ചാനൽ ലോഞ്ച് ചെയ്തിരുന്നത്. ഇതിന് അവർക്ക് 10 മില്യൺ സബ്സ്‌ക്രൈബർമാരെയും 1.5 മില്യൺ വ്യൂസും ലഭിച്ചിട്ടുണ്ട്. ആദ്യം ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലില്ലി നിലവിൽ ലോസ് ഏയ്ജൽസിലാണ്. ഇന്ത്യൻ കുടിയേറ്റക്കാരുടെ പുത്രിയായ ലില്ലി ടൊറന്റോയിലെ സ്‌കാർബറോയിലാണ് വളർന്നത്. തന്റെ മാനസിക സമ്മർദത്തെ അതിജീവിക്കാനാണ് അവർ തുടക്കത്തിൽ യൂട്യൂബ് വീഡിയോകൾ നിർമ്മിക്കാനാരംഭിച്ചിരുന്നത്. സൈക്കോളജിയിലെ അണ്ടർഗ്രാജ്വേറ്റ് ഡിഗ്രിയുടെ ബലത്തിൽ തൊഴിൽ തേടി നിരാശയായിരിക്കുമ്പോഴാണ് യൂട്യൂബിൽ ഒരു കൈ പരീക്ഷിക്കാൻ ലില്ലി ശ്രമിച്ചത്. തുടർന്ന് ലില്ലിയുടെ വീഡിയോകൾ ഹിറ്റാവുകയും അവരുടെ നില മെച്ചപ്പെടുകയുമായിരുന്നു.

തീരെ സുപരിചിതമല്ലാത്ത പുതിയ തൊഴിൽ മേഖലയിൽ മകൾ വിജയിക്കുമോ എന്ന കാര്യത്തിൽ തുടക്കത്തിൽ ലില്ലിയുടെ മാതാപിതാക്കൾക്ക് തികഞ്ഞ ആശങ്കയുണ്ടായിരുന്നു. എന്നാൽ മകൾ പുതിയ വഴിയിൽ നടന്ന് മുന്നേറിയപ്പോൾ അവൾക്ക് തുണയായി മാതാപിതാക്കൾ നിലകൊള്ളുകയായിരുന്നു. യൂട്യൂബ് വീഡിയോകൾക്കുള്ള സ്‌ക്രിപ്റ്റ്, ഡയറക്ഷൻ, തുടങ്ങിയവയെല്ലാം നിർവഹിക്കുന്നത് ലില്ലിയാണ്. യുവതികളെ ആകർഷിക്കുന്ന നിരവധി വിഷയങ്ങൾ ലില്ലി തന്റെ വീഡിയോകൾക്ക് പ്രമേയമാക്കി വൻ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ പഞ്ചാബി പാരമ്പര്യത്തെ തന്റെ വീഡിയോകൾക്കുള്ള പ്രചോദനമായി ലില്ലി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇതിലൂടെ തന്റെ മാതാപിതാക്കളുടെ കൈയടി നേടുകയെന്നതും ലില്ലിയുടെ ലക്ഷ്യമാണ്. ഈ വർഷം യൂട്യൂബിൽ ഏറ്റവും പ്രതിഫലം നേടിയ മൂന്നാമത്തെ യൂട്യൂബർ കൂടിയാണ് ലില്ലി. യൂട്യൂബ് പ്രേക്ഷകരുടെ സൈക്കോളജി അറിഞ്ഞ് പ്രവർത്തിച്ച് മുന്നേറുകയെന്നത് അനായാസമായ കാര്യമല്ലെന്നും അതിൽ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നുവെന്നും ലില്ലി പറയുന്നു.