ആറ്റിങ്ങൽ: ദേശീയ പാതയോരത്തിന് സമീപം 90 ശതമാനം പൊള്ളലേറ്റ നിലയിൽ കാണപ്പെട്ട യുവമോർച്ച നേതാവ് മരിച്ചു. ആറ്റിങ്ങലിൽ ദേശീയപാതക്ക് സമീപത്തെ കടയുടെ സമീപം പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ യുവമോർച്ച പാലക്കാട് ജില്ലാസെക്രട്ടറി പാലക്കാട് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയിൽവീട്ടിൽ രാജന്റെ മകൻ സജിൻരാജാണ് (ലാലു-31) മരിച്ചു. കൊലപാതകമെന്ന സംശയിക്കുന്ന സംഭവം ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിങ്ങൽ മാമം പാലത്തിനടുത്തുള്ള കടത്തിണ്ണയിൽ ഗുരുതരമായ നിലയിൽ പെള്ളലേറ്റ സജിനെ കാണപ്പെട്ടത്. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മാമംപാലത്തിനും പാലമൂട് ജംഗ്ഷനും ഇടയ്ക്ക് ഏതാനുംമീറ്റർ അകത്തേയ്ക്ക് മാറിയുള്ള കടത്തിണ്ണയിലാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ആളൊഴിഞ്ഞ ഈ ഭാഗത്ത് ഞരക്കംകേട്ട് സമീപത്തെ കടയുടെ കാവൽക്കാരൻ നോക്കുമ്പോഴാണ് തലയ്ക്ക് താഴേയ്ക്ക് പൊള്ളലേറ്റ സജിൻ രാജിനെ കാണുന്നത്. കാവൽക്കാരൻ ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇയാൾക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നതായി മെഡിക്കൽകോളേജധികൃതർ അറിയിച്ചു.

ഇയാൾ കിടന്നിരുന്നതിന് സമീപത്തായി തിരുവനന്തപുരം കരമനസ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാക്സികാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഈ കാറിലാണ് ഇയാൾ ഇവിടെയെത്തിയതെന്ന് പൊലീസ് കരുതുന്നു. കാറിനുള്ളിൽ നിന്ന് ഒരുകുപ്പിയിൽ നിറയെ പെട്രോളും പെട്രോൾ നിറച്ച ശേഷം ഒഴിഞ്ഞ നിലയിലുള്ള മറ്റൊരു കുപ്പിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒരാൾ ചതിച്ചു എന്ന നിലയിലെഴുതിയ കുറിപ്പും ഒറ്റപ്പാലത്തെ ബി.ആർ.ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിങ് കാർഡും കാറിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാർ നിർത്തിയിട്ടശേഷം ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹപരിശോധനയും മൊഴികളും ശേഖരിച്ചശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ എ.എസ്‌പി. ആർ.ആദിത്യ, സിഐ എം.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒറ്റപ്പാലത്ത് രാജപ്രസ്ഥം ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന സജിൻരാജ് അച്ഛൻ നടത്തുന്ന ലോട്ടറി ഏജൻസിയിലും ജോലി ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തുണ്ടായിരുന്ന ഇയാളെ ഉച്ചയ്ക്ക് ശേഷം കാണാതായതായാണ് ബന്ധുക്കൾ പൊലീസിന് നല്കിയിട്ടുള്ള വിവരം. അവിവാഹിതനാണ്. അമ്മ: സുമംഗല. സഹോദരങ്ങൾ: ജിതിൻരാജ്, ജിനുരാജ്.