ന്യൂഡൽഹി: ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസുമായി കൈകോർത്ത് യപ്പ് ടിവി പ്രവാസികൾക്കായി പുത്തൻ സിനിമാ കളക്ഷൻ അവതരിപ്പിക്കുന്നു. യപ്പ് ഫ്‌ളിക്‌സ് വഴിയാണ് കൂടുതൽ പുതിയ സിനിമകൾ എത്തുന്നത്. സൗത്ത് ഏഷ്യൻ ദൃശ്യവിഭവങ്ങൾ കൂടുതലായി പ്രേക്ഷകരിൽ എത്തിക്കുന്നതിൽ മുൻപന്തിയിലാണ് യപ്പ്ടിവി.

മുൻനിര പ്രൊഡക്ഷൻ ഹൗസായ ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസുമായി കൈകോർക്കുകയാണ് അവർ ഇപ്പോൾ. ഇതോടെ ഫോക്‌സിന്റെ പോപ്പുലറായ സിനിമാ കളക്ഷൻസ് ഇനിമുതൽ ലോകം മുഴുവനുമുള്ള യപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. യേ ദിൽ ഹെ മുശ്കിൽ, ജോളി എൽഎൽബി 2, അകീര, എംഎസ് ധോണി അൻഡ് നീരജ തുടങ്ങിയവയെല്ലാം പ്രേക്ഷകർക്കുമുന്നിലെത്തും. യപ്പ്ഫ്‌ളിക്‌സ് വഴി ലോകമാകെ പ്രവാസികൾക്ക് ഈ സേവനം ലഭ്യമാകും.

ഇന്ത്യയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുമായി കൈകോർക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡി വ്യക്തമാക്കി. ഗ്‌ളോബൽ യൂസേഴ്‌സിന് ഇത് വൻതോതിൽ പ്രയോജനം ചെയ്യും. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ദൃശ്യവിരുന്ന് എത്തിക്കാൻ യപ്പ് ടിവി എന്നും മുൻനിരയിലുണ്ടാകുമെന്നും റെഡ്ഡി വ്യക്തമാക്കി.

ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവാണ്. യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാറും നേരത്തേ അവതരിപ്പിച്ചിട്ടുണ്ട് ഇവർ. വിദ്യാഭ്യാസം, ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, ട്രെയിലേഴ്സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രീമിയം നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങളാണ് യപ്പ് ടിവി ബസാറിലൂടെ ലഭ്യമാകുന്നത്.

വീഡിയോ വിഭവങ്ങളുടെ സ്വതന്ത്ര സ്രഷ്ടാക്കൾക്ക് ഏറെ ആഹ്ലാദം പകരുന്നതാണ് യപ്പ് ടിവി ബസാറിന്റെ തുടക്കം. തങ്ങളുടെ വീഡിയോ സൃഷ്ടികൾക്ക് പരമ്ബരാഗത വീഡിയോ ഷെയറിങ് പോർട്ടലുകൾ സാറ്റലൈറ്റ്, ഡിടിഎച്ച് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ വിപണി കണ്ടെത്താനുള്ള അവരുടെ ബുദ്ധിമുട്ടിന് യപ്പ് ടിവി ബസാർ പരിഹാരമായിട്ടുണ്ട്.

കർശന ഗുണനിലവാര മാനദണ്ഡങ്ങളും വിപുലമായ ഉപഭോക്തൃശ്രേണിയുമുള്ള യപ്പ് ടിവി ബസാർ, ഈ സംരംഭകർക്ക് തങ്ങളുടെ ഉന്നത നിലവാരത്തിലുള്ള വീഡിയോ സൃഷ്ടികൾ വിശ്വസനീയമായ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, പഴ്സണൽ കമ്ബ്യൂട്ടർ എന്നിവ വഴി എത്തിക്കാനുമാണ് വഴി തുറന്നിരിക്കുന്നത്. വീഡിയോ വിഭവങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അനിയന്ത്രിതമായി ലഭ്യമായതോടെ ഇവയ്ക്ക് പ്രതിഫലവും പ്രേക്ഷകരെയും ലഭിക്കുന്നത് ഇവയുടെ സ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. ഇതിനാണ് യപ്പ് ടിവി മാറ്റമുണ്ടാക്കിയത്.

2015 ഒക്ടോബറിലാണ് യപ്പ് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ വിനോദ വ്യവസായത്തിൽ തനതായ സമീപനത്തിലൂടെയും വിപുലമായ ശൃംഖലയിലൂടെയും തരംഗം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യപ്പ് ടിവിയുടെ രംഗപ്രവേശം. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ടെലിവിഷനും വീഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ് സേവനദാതാവുമാണ് യപ്പ് ടിവി.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആപ്ലിക്കേഷനും എൽജി, സാംസങ് സ്മാർട്ട് ടെലിവിഷനുകളിൽ ഏറ്റവും പ്രിയപ്പെട്ട ടിവി ആപ്ലിക്കേഷനുമാണ് യപ്പ് ടിവി. ഇരുന്നൂറ്റമ്പതിൽ പരം ടിവി ചാനലുകളും അയ്യായിരത്തിൽ പരം സിനിമകളും നൂറിലധികം ടിവി ഷോകളും പതിനാല് ഭാഷകളിലായി യപ് ടിവിയിൽ ലഭ്യമാണ്. അടുത്തിടെ എമറാൾഡ് മീഡിയയിൽ നിന്നും ഫണ്ടിങ് ലഭ്യമാകുന്നുണ്ട്. നിലവിൽ കാൽലക്ഷം മണിക്കൂറുകൾ ദൈർഘ്യമുള്ള എന്റർടെയ്ന്മെന്റ് കണ്ടന്റുണ്ട് യപ്പ് ടിവിക്ക്.