ന്യൂഡൽഹി: സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷൺ. ഇന്ത്യയിൽ ദളിതരും മുസ്ലിംങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് ഭൂഷൺ ആരോപിച്ചു. അടിയന്തരാവസ്ഥക്കലത്ത് നമ്മൾ ഭീഷണി നേരിട്ടിരുന്നു. പക്ഷെ, നമ്മുടെ സംസ്‌കാരം ഇപ്പോൾ ആക്രമിക്കപ്പെടുകയാണെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.

രാജ്യത്തെ യുവജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് ഈ റാലിയിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ നേതാവ് ഷെഹലാ റാഷിദ് ആഹ്വാനം ചെയ്തു. എന്നാൽ യുവജന നേതാക്കൾ ജയിലിലടക്കപ്പെടുമ്പോൾ ആ കേസുകൾ യുപി സർക്കാർ മറച്ചുവെയ്ക്കുകയാണെന്നും ഷെഹലാ ആരോപിച്ചു.

ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ നടക്കുന്ന റാലിക്ക് സുരക്ഷാ പ്രശ്‌നങ്ങൾ കാരണം അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മേവാനിയും സംഘവും റാലി സംഘടിപ്പിക്കുകയായിരുന്നു. ജലപീരങ്കി ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളുമായി ഡൽഹി പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മേവാനി, ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങൾ നിർഭാഗ്യകരമെന്ന് പ്രതികരിച്ചു. ജനാധിപത്യപരമായി സമാധാനപൂർവം റാലി നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തങ്ങളെ ലക്ഷ്യമിടുകയാണെന്ന് മേവാനി ആരോപിച്ചു. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയിൽ ജിഗ്നേഷ് മേവാനി, അസമിൽ നിന്നുള്ള യുവജന നേതാവ് അഖിൽ ഗോഗോയ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

അതേസമയം പ്രകടനം നടത്താതിരിക്കാനുള്ള ശ്രമങ്ങൾ പലഭാഗത്ത് നിന്നുമുണ്ടായെന്ന് സംഘാടന സമിതിയുടെ നേതൃത്വം വഹിക്കുന്ന മോഹിത് കുമാർ പാണ്ഡെ ആരോപിച്ചു.