ഡൽഹി: പൊലീസ് വിലക്ക് വകവെക്കാതെ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിലെ പ്രതിഷേധ റാലിയിൽ അണിനിരന്നത് 2000ത്തോളം ആളുകൾ. റാലി നടക്കുന്ന വേദിക്കു സമീപം ജലപീരങ്കികളും കണ്ണീർവാതകങ്ങളുമായി പൊലീസ് നേരത്തെ തന്നെ തമ്പടിച്ചിരുന്നെങ്കിലും മുൻനിശ്ചയിച്ച പ്രകാരം പരിപാടിയുമായി മുന്നോട്ടു പോകാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സഹാരൺപൂരിൽ പ്രതിഷേധിച്ചതിന്റെ ഭാഗമായി യു.പി പൊലീസ് തടവിലിട്ട ദളിത് ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ആസാദിന്റെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് അദ്ദേഹത്തെ പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു വലിയൊരു വിഭാഗം റാലിയിലേക്കെത്തിയത്.

ദളിത് നേതാവും എംഎ‍ൽഎയുമായ ജിഗ്‌നേഷ് മെവാനി, മനുഷ്യാവകാശ പ്രവർത്തകൻ അഖിൽ ഗോഗോയ്, വിദ്യാർത്ഥി നേതാക്കളായ ഉമർ ഖാലിദ്, ഷെഹ്ല റാഷിദ്, കനയ്യകുമാർ, എ.എം.യു വിമൻസ് കോളജ് പ്രസിഡന്റ് നബ, ഭീം ആർമി നേതാവ് വിനയ് രതൻ, ലക്നൗ യൂണിവേഴ്സിറ്റിയിലെ പൂജന ശുക്ല, ബി.എച്ച്.യുവിലെ ശന്തനു, ഫിലിംമേക്കർ നകുൽ സ്വാഹ്നെ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ റാലിയിൽ അണിനിരന്നു.

ഡോ. ബി.ആർ അംബേദ്കറിന് ആദരവ് അർപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. 'വികസനത്തിനുവേണ്ടി നിലകൊള്ളുകയാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാൽ ഗുജറാത്തിൽ അമ്പലമാണോ പള്ളിയാണോ വേണ്ടതെന്ന് ചോദിക്കുകയും ചെയ്യും' എന്നാണ് പൂജ ശുക്ല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

റാലി റദ്ദാക്കിയെന്ന വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് ഷെഹ്ല റാഷിദ് സംസാരിച്ചത്. ഈ മുന്നേറ്റത്തിൽ പങ്കുചേരാനായി ജനക്കൂട്ടത്തിനായി 9959902277 എന്ന മൊബൈൽ നമ്പറും ഷെഹ്ല പങ്കുവെച്ചു. എൻ.ഡി.എ സർക്കാറിന്റെ തെരഞ്ഞെടുപ്പു കരാർ നയങ്ങളെ വിമർശിച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ സംസാരിച്ചത്. പാർട്ടികളിലേക്ക് കള്ളപ്പണം ഒഴുകുകയാണെന്നും അതിനായി നിയമങ്ങൾ ഭേദഗതി ചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നജീബിന്റെ സഹോദരിയും റാലിയിൽ പങ്കെടുത്തു സംസാരിച്ചു. 'ഒരുദിവസം എന്റെ സഹോദരൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ഒരു നജീബിനെയാണ് കാണാതായത്. ഇന്ന് ആയിരക്കണക്കിന് നജീബുമാരെ എനിക്കറിയാം.' എന്നാണ് അവർ പറഞ്ഞത്.

ദളിതർക്കും മുസ്ലീങ്ങൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാറിന്റെ പരാജയവും ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ യുവാക്കൾ റാലി സംഘടിപ്പിച്ചത്. മോദി സർക്കാറിനെതിരെ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളുടെ തുടക്കമെന്ന നിലയിലാണ് പാർലമെന്റിലെ റാലി. ഭീമാ കോറേഗാവിലെ അതിക്രമങ്ങൾക്കു പിന്നാലെ നടന്ന ദളിത് പ്രതിഷേധം, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അറസ്റ്റിനുശേഷം ഉത്തർപ്രദേശിലെ സഹാരൺപൂരിൽ നടന്ന ദളിത് പ്രതിഷേധം എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സ്വതന്ത്ര ജനകീയ മുന്നേറ്റങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.