മലപ്പുറം: സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കളക്റ്റ്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണനടക്കം എട്ടുപേർക്ക് പേർക്ക് ഗുരുതര പരുക്കേറ്റു. 26പേർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച മാർച്ച് കളക്റ്റ്രേറ്റിന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് ലാത്തിവീശിയത്. സമരത്തെ അടിച്ചമർത്താനുള്ള നീക്കം പ്രവർത്തകർ ധൈര്യത്തോടെ നേരിട്ടതോടെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നുവെന്ന് യുവമോർച്ച ആരോപിച്ചു.

ശിതുകൃഷ്ണൻ, സജീഷ് ഏലായിൽ, ഉണ്ണിക്കൃഷ്ണൻ തൊഴാക്കര, കെ.അനീഷ്, ശ്രീനാഥ് കോട്ടേപ്പാടം, പി.ശ്രീജിത്ത്, പി.അഖിലേഷ് തുടങ്ങി എട്ടോളം പ്രവർത്തകർക്ക് സംഘർഷത്തിൽ ഗുരുതര പരിക്കേറ്റു.സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായിയുടെ ശ്രമം നടക്കില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സജേഷ് ഏലായിൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത്, മേഖലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എൻ.ശ്രീ.പ്രകാശ്, എന്നിവർ സംസാരിച്ചു.പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

ബിജെപി ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു

സ്വർണ്ണക്കടത്തു കേസിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ആഖജ -യുവമോർച്ച നേതാക്കളെയും പെൺകുട്ടികളടക്കമുള്ള പ്രവർത്തകരെയും തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ബിജെപി ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് അടക്കമുള്ള നേതാക്കളോട് പൊലീസ് സിപിഎം ഗുണ്ടകളെപ്പോലെയാണ് പെരുമാറിയത്.നാളെ ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് രവിതേലത്ത് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ജനറൽ സെക്രട്ടറി എം.പ്രേമൻ മാസ്റ്റർ, സംസ്ഥാന കമ്മറ്റി അംഗം കെ.നാരായണൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എൻ. ശ്രീ പ്രകാശ്, അഡ്വ.ടി.കെ.അശോക് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് സജേഷ് ഏലായിൽ എന്നിവർ പ്രസംഗിച്ചു.