- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടറിയേറ്റ് നടയിൽ കത്തുന്നത് ഇടതു സർക്കാർ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത യുവരോഷം; മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ മതിലുചാടിക്കടന്ന് യുവമോർച്ച പ്രവർത്തകർ; സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സും; അവസാന നാളുകളിൽ സഖാക്കളെ സർക്കാരുദ്യോഗസ്ഥരാക്കാനൊരുങ്ങിയ പിണറായി സർക്കാരിന് പണിയായി തൊഴിൽ രഹിതരുടെ പ്രതിഷേധം
തിരുവനന്തപുരം: മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെ സെക്രട്ടറിയേറ്റ് നടയിൽ ഇടത് സർക്കാരിനെതിരായ യുവരോഷം ഇരമ്പുന്നു. പി എസ് സി റാങ്ക് ഹോൾഡേഴ്സിനെ നോക്കുകുത്തികളാക്കി ആയിരക്കണക്കിന് സിപിഎമ്മുകാരെ സർക്കാർ ജീവനക്കാരായി സ്ഥിരപ്പെടുത്താൻ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഭരണസിരാ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധം കത്തിപ്പടർന്നത്. സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ചെത്തിയ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടി അകത്ത് കയറി.
സെക്രട്ടേറിയറ്റ് പരിസരത്ത് ഇന്ന് യുവാക്കളുടെ പ്രതിഷേധത്തിന്റെ വേലിയേറ്റമാണ്. പ്രതീകാത്മക ശവമഞ്ചം തീർത്തുള്ള പ്രതിഷേധം അടക്കം പുരോഗമിക്കുകയാണ്. സിപിഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും എല്ലാം സമരത്തിന് ഉണ്ട്. യൂത്ത് കോൺഗ്രസ് യുവമോർച്ച പ്രവർത്തകർ അടക്കം പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തുന്നുമുണ്ട്. അതിനിടെയാണ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ യുവമോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് ചാടിക്കയറുന്ന അവസ്ഥ ഉണ്ടായത്.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.വനിതകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിക്കറിയത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്.
റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നതിനാൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഗേറ്റിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രതിഷേധക്കാർ മതിൽ ചാടിയത്. വനിതാ പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാർ ഉന്തും തള്ളുമായി.
സമരത്തെ നേരിടാൻ സെക്രട്ടറിയേറ്റിനകത്തും പുറത്തുമുള്ള പൊലീസ് സംവിധാനം സർക്കാർ ശക്തമാക്കിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ലാസ്റ്റ് ഗ്രേഡ് സർവൻറ്സ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക്്ലിസ്റ്റിലേത് അടക്കമുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. എല്ലാജില്ലകളിലുമുള്ള ലാസ്റ്റ് ഗ്രേഡ് സർവൻറ്സ് റാങ്ക്്ലിസ്റ്റിലെ ഉദ്യോഗാർഥികളെ തലസ്ഥാനത്തെ സമരവേദിയിലെത്തിക്കാനാണ് നീക്കം. തുടർച്ചയായ രണ്ടാം ദിവസവും ഉദ്യോഗാർഥികളുടെ ആത്മഹത്യാശ്രമമുണ്ടായിരുന്നു.
റദ്ദായ റാങ്ക്ലിസ്റ്റ് പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരാനാണ് സിവിൽ പൊലീസ് ഓഫിസർ ഉദ്യോഗാർഥികളുടെയും തീരുമാനം. ഉദ്യോഗാർഥികൾ സമരം ശക്തമാക്കിയതിനെ തുടർന്നു സെക്രട്ടറിയേറ്റിനകത്തും പുറത്തുമുള്ള പൊലീസ് സുരക്ഷ ശക്തമാക്കി. കർശന പരിശോധനകളോടെ മാത്രം സെക്രട്ടറിയേറ്റിനകത്തേക്ക് പ്രവേശനം നൽകിയാൽ മതിയെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സർക്കാരിൽ നിന്ന് നീതി ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ.ഈ സർക്കാരിന്റെ അവസാന കാലത്ത് തങ്ങൾക്ക് അനുകൂല തീരുമാനവും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നുണ്ട്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ നീട്ടിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഇതുകൊണ്ട് കാര്യമില്ലെന്നാണ് റാങ്ക് ജേതാക്കൾ പറയുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ രാഷ്ട്രിയ വിഷയമായും പ്രതിപക്ഷം ഉയർത്തി കാട്ടാൻ സാധ്യതയുണ്ട്. ഇന്നലെ സിപിഒ സമരത്തിന് പിന്തുണയുമായി കോൺഗ്രസും ബിജെപിയും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റാങ്ക് ലിസ്റ്റ് സംബന്ധിച്ച സമരങ്ങൾ ചർച്ചയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ