കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഗുഡാലോചനാ അന്വേഷണം എങ്ങുമെത്താതെ നീളുമ്പോൾ പ്രതിസന്ധിയിലാകുന്നത് അമേരിക്കയിലെ ഒരു ഡോക്ടറാണ്. ഹൂസ്റ്റണിലെ സെന്റ് ലൂക്ക് ആശുപത്രിയിലെ അനസ്തീഷ്യാ ഡോക്ടർ. എത്രയും പെട്ടെന്ന് ഈ കേസ് തീർന്നില്ലെങ്കിൽ നഷ്ടമുണ്ടാകുന്ന മലയാളിയാണ് ഡോക്ടർ സഖറിയാ തോമസ്. ദിലീപും നാദിർഷായുമായി ഏറ്റവും അടുപ്പമുള്ള വ്യക്തികളിൽ ഒരാൾ. നാദിർഷായ്ക്ക് സിനിമയിൽ സംവിധായക കുപ്പായം നൽകിയ പ്രൊഡ്യൂസർ.

തോമസ് അമർ അക്‌ബർ ആന്റണിയുടെ നിർമ്മാതാവാണ്. ദിലീപുമായി ചേർന്ന് കട്ടപ്പനയിലെ ഋതിക് റോഷൻ നാദിർഷാ സംവിധാനം ചെയ്തപ്പോഴും ഡോക്ടറുണ്ടായിരുന്നു. സഹ നിർമ്മാതാവിന്റെ കുപ്പായമായിരുന്നു ഈ സിനിമയിൽ നാദിർഷായുടെ മൂന്നാമത്തെ പടത്തിന്റയും നിർമ്മാണം ഡോ. സഖറിയയാണ് ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പ്രാരംഭ പണികൾ പൂർത്തിയായിരുന്നു. ഒട്ടേറെ താരങ്ങൾക്ക് അഡ്വാൻസ് നൽകി കഴിഞ്ഞിരുന്നു. ഏതാണ്ട് 18 കോടി മുതൽ മുടക്കുന്ന ചിത്രത്തിന്റെ കടലാസ് പണികൾ പൂർത്തിയായി വരികയായിരുന്നു. ഈ ചിത്രത്തിലും ദിലീപുണ്ട്. അതും നായകനായി. ദിലീപിനുൾപ്പെടെ ഇദ്ദേഹം അഡ്വാൻസ് കൊടുത്തു കഴിഞ്ഞു. വലിയ താരനിരയിൽ ദിലീപിനായി ഒരുക്കുന്ന ചിത്രത്തിൽ വലിയൊരു തുക അഡ്വാൻസ് ഇനത്തിൽ തന്നെ നൽകി.

ഈ വർഷം അവസാനത്തോടെ ഈ സിനിമ തുടങ്ങാനിരിക്കുകയാണ്. നാദിർഷാ യ്ക്ക് നടിയെ തട്ടിക്കൊണ്ടു പോകൽ സംഭവവുമായി ബന്ധമുണ്ടെന്ന വാർത്ത പരന്നതോടെ അമേരിക്കൻ നിർമ്മാതാവ് ആകെ അസ്വസ്ഥനാണ്. രണ്ട് മാസം മുമ്പ് അമേരിക്കയിൽ നടന്ന ദിലീപ് സ്റ്റേജ് ഷോയുടെ മുഖ്യ സംഘാടകനായിരുന്നു ഡോ. സഖറിയ തോമസ്. ഈ ഷോയും വലിയ ലാഭം നൽകിയില്ല. അപ്പോഴും നടിയെ ആക്രമിക്കപ്പെട്ട കേസ് അന്തരീക്ഷത്തിൽ സജീവമായിരുന്നു. ദിലീപിന്റെ കുടുംബപ്രശ്‌നങ്ങളുമെല്ലാമായി വലിക്ക് ഭീഷണി പോലും ഉണ്ടായിരുന്നു. മികച്ച ടീമിനെ അണിനിരത്തി നല്ല പരിപാടികൾ നാദിർഷായെന്ന സംവിധായകൻ ഒരുക്കിയെന്നതും യാഥാർത്ഥ്യം. എന്നിട്ടും ഷോ കൊണ്ട് വലിയ നേട്ടമുണ്ടായില്ല. ഇതെല്ലാം പുതിയ ചിത്രത്തിലൂടെ തിരിച്ചു പിടിക്കാമെന്നതായിരുന്നു സഖറിയാ തോമസിന്റെ പ്രതീക്ഷ. ഇതും അവതാളത്തിലായി.

ദിലീപിന് കേസിൽ നിന്ന് രക്ഷപ്പെടാനായേക്കാം. എങ്കിലും താരമെന്ന നിലയിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഇത് മറികടക്കാൻ കാലങ്ങൾ ഏറെയെടുക്കും. ഇതാണ് സഖറിയാ തോമസിനെ വേദനിപ്പിക്കുന്നത്. ദിലീപും നാദിർഷായുമായുള്ള ബന്ധം കാരണം സിനിമയിൽ നിന്ന് പിന്മാറാനും കഴിയാത്ത അവസ്ഥ-സഖറിയാ തോമസ് അടുപ്പക്കാരോട് തന്റെ വികാരം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ദിലീപിനൊപ്പം അമേരിക്കൻ ഷോയിലുടനീളം നിറഞ്ഞു നിന്നത് സഖറിയാ തോമസായിരുന്നു. അദ്ദേഹവും ദിലീപുമായുള്ള ബന്ധം തന്നെയാണ് അമേരിക്കൻ ഷോയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമാ ലോകത്ത് ദിലീപിന്റെ പേരിന് കളങ്കമുണ്ടാതോടെ വലിയ പ്രതിസന്ധിയിലാണ് ഡോക്ടർ എന്നും സൂചനയുണ്ട്.

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു എന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത് പെട്ടെന്ന് മാറ്റി. നാദിർഷയുടെ അടുത്ത പടത്തിലെ നായകൻ ദിലീപാണെന്ന് പ്രഖ്യാപനം യാദൃശ്ചികമായാണ് എത്തിയത്. ജോർജ്ജേട്ടൻസ് പൂരം പൊളിഞ്ഞതിനെ തുടർന്നെടുത്ത തീരുമാനമായിരുന്നു അത്. ഇത് ഏറ്റെടുക്കാൻ സഖറിയാ തോമസും സമ്മതിക്കുകയായിരുന്നു. അന്ന് തന്നെ വിവാദങ്ങളുടെ കാര്യം പല വിശ്വസ്തരും സൂചിപ്പിക്കുകയും ചെയ്തു. പക്ഷേ ഇത് സഖറിയാ തോമസ് കേട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിലീപിന്റെ സിനിമകളെല്ലാം വൻ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളെത്തിയതോടെ ഈ പ്രവാസി മലയാളിയും കുടുങ്ങുകയായിരുന്നു.

ദിലീപിന്റെ രാമലീല സിനിമ വലിയ പ്രതിസന്ധിയിലാണ്. ടോമിച്ചൻ മുളകുപാടത്തിന് റീലീസ് പോലും നീട്ടിവയ്‌ക്കേണ്ടി വന്നു. ചിത്രീകരണം നടക്കുന്ന ഡിങ്കനും ഇതേ അവസ്ഥയിലാണ്. കുമാര സംഭവവും ആകെ പ്രതിസന്ധിയിലാണ്.