തിരുവല്ല: ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷനായി കഴിഞ്ഞ പത്തു വർഷമായി ശുശ്രൂഷ നിർവ്വഹിച്ചു വരിവേ സഭംഗങ്ങൾക്കും അതിന് അപ്പുറത്തേക്കും സൗഹൃദവും കാരുണ്യവും ചൊരിഞ്ഞ വ്യക്തിത്വമായിരുന്നു ഇന്ന് വൈകുന്നേരത്തോടെ അന്തരിച്ച ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. മാർത്തോമാ സഭയിലെ വളരെ സീനിയറായ അദ്ദേഹം തന്നെ സാന്നിധ്യം ലോകത്തിൽ കൃത്യമായി കുറിച്ചിട്ടാണ് വിടപറഞ്ഞിരിക്കുന്നത്. എല്ലാ അർത്ഥത്തിലും ജനകീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു തെയോഫിലോസ്. തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന്റെ വിയോഗം സഭയ്ക്ക് കനത്ത നഷ്ടം തന്നെയാണ്.

സഭകൾ തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹം അതിനായി മുൻകൈയെടുത്ത് പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്‌നേഹപൂർണമായ കരുതൽ കേരളത്തിനകത്തും പുറത്തുമുള്ള അശരണർക്ക് തണലായി മാറിയിട്ടുണ്ട്. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അശരണർക്ക് എന്നും ആശ്രയമേകിയ വ്യക്തിത്വമായിരന്നു മെത്രാപ്പൊലീത്തയുടേത്.

അനാഥരായവർക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ അദ്ദേഹം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്കും താങ്ങും തണലുമായി അദ്ദേഹം എത്തിയിരുന്നു. രോഗികൾക്ക് ആശ്വാസം പകരുന്ന കരുതൽ പദ്ധതി തുടങ്ങിവച്ചത് മെത്രാപ്പൊലീത്തയാണ്. കൂടാതെ അശരണർക്കായി ആരംഭിച്ച പത്തനാപുരത്തെ ആശാഭവൻ, ആലുവ ശാന്തിഗിരി ആശ്രമം, മദ്യാസക്തിയിൽ നിന്നുള്ള മുക്തിക്കായി ആരംഭിച്ച മോചന, അങ്ങനെ ആ നല്ല മനസിൽ നിന്ന് പിറവിയെടുത്തത് കരുണ തുളുമ്പുന്ന പദ്ധതികളായിരുന്നു. ഏറ്റവും ഒടുവിൽ ഒഡീഷയിലേയും ആന്ധ്രയിലേയും ഭിക്ഷക്കാരെ പുനഃരധിവസിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വേർപാടുണ്ടായത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു അദ്ദേഹം അടുത്തകാലത്ത്.

സഭകളെ ഏകോപിപ്പിക്കാൻ വേണ്ട ശ്രമങ്ങളും നടത്തിയിരുന്നു തെയോഫിലോസ്. 348 സഭകൾ അംഗമായ അഖില ലോക സഭാ കൗൺസിലിൽ വർഷങ്ങളോളം അംഗമായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ നേതൃപാഠവം ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് മിസിയോളജിയിൽ ഡോക്ടറേറ്റ് നേടിയ മെത്രാപ്പൊലീത്ത അടൂർ മാവേലിക്കര, കോട്ടയം റാന്നി, കുന്നംകുളം മദ്രാസ്, നോർത്ത് അമേരിക്ക യുകെ ഭദ്രാസനങ്ങളുടെ അധിപനായും സേവനം അനുഷ്ഠിച്ചു. വേൾഡ് മിഷൻ ഓഫ് ഇന്ത്യ, ബാംഗ്ലൂർ എക്യുമെനിക്കൽ മിഷൻ സെന്റർ, നാഷണൽ മിഷനറി സൊസൈറ്റി, ബൈബിൾ സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവല്ല നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ വി.കെ ഉമ്മന്റെയും മറിയാമ്മയുടെയും മകനായി 1938 ഓഗസ്റ്റ് 29നു തെയോഫിലോസ് ജനിച്ചത്. 1966 ജൂലൈ ഒമ്പതിനു വൈദികപട്ടം സ്വീകരിച്ചു. മാർത്തോമാ സഭയുടെ മേൽപട്ട സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980 ഏപ്രിൽ 26നു റമ്പാനായി. 1980 മെയ്‌ ഒന്നിന് ഡോ. അലക്‌സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയിൽനിന്ന് സഖറിയാസ് മാർ തെയോഫിലോസ് എന്ന പേരിൽ ബിഷപ് സ്ഥാനം സ്വീകരിച്ചു.

2004 ജൂലൈ മൂന്നിനു കോഴഞ്ചേരി സെന്റ് തോമസ് പള്ളിയിൽ വച്ച് അദ്ദേഹത്തെ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഉയർത്തി. 2005 മുതൽ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപനാണ്. അടുത്ത ഏപ്രിൽ ഒന്നിനു കോട്ടയം കൊച്ചി ഭദ്രാസനത്തിന്റെ കൂടി ചുമതല ഏറ്റെടുക്കാനിരിക്കേയാണ് വിയോഗം.

ഒരു മികച്ച വാഗ്മിയും കവിയും കൂടിയായിരുന്നു അദ്ദേഹം. മുബൈ-ഡൽഹി, കോട്ടയം-കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ്മാവൈദിക സെമിനാരി ഗവേണിങ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും മെത്രാപ്പൊലീത്ത സേവനം അനുഷ്ടിച്ചിട്ടുണ്ട്. തന്റെ പ്രവൃത്തികളിലൂടെ പാവങ്ങൾക്ക് സഹായം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയെ പാവങ്ങളുടെ മെത്രാപ്പൊലീത്ത എന്നാകും ഭാവിയിൽ അറിയപ്പെടുക.