ന്യൂഡൽഹി: ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ ആവശ്യം ഇന്റർപോൾ തള്ളി. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ അപേക്ഷയാണ് ഇന്റർപോൾ തള്ളിയത്.

എൻഐഎ അപേക്ഷ നൽകിയ സമയത്ത് സാക്കിർ നായിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഇന്റർപോൾ തള്ളിയത്. നിലവിൽ വിദേശത്തുള്ള സാക്കിറിനെ ഇന്ത്യയിലെത്തിക്കാൻ വേണ്ടിയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്്.

ഇന്റർപോളിന്റെ എല്ലാ ഓഫീസുകളിലുമുള്ള സാക്കിറിനെക്കുറിച്ചുള്ള രേഖകൾ നീക്കം ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഉത്തരവഛ് ഇന്റർപോൾ സാക്കിറിന്റെ അഭിഭാഷകന് അയച്ചതായാണ് പുറത്തുവരുന്ന സൂചനകൾ. മുംബൈ പ്രത്യേക കോടതി മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ വെച്ച് ഇന്റർപോളിന് മുമ്പാകെ പുതിയ അപേക്ഷ തിങ്കളാഴ്ച നൽകുമെന്ന് എൻഐഎ വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് സാക്കിറിനെയും അദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനേയും നിയമവിരുദ്ധ പ്രവർത്തനം ആരോപിച്ച് അഞ്ചു വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചത്.