ന്യൂഡൽഹി: ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായികിന്റെ സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണൽ. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ (ഐആർഎഫ്) നിയമവിരുദ്ധമായ സംഘനയാണെന്ന് ട്രിബ്യൂണൽ സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ട്രിബ്യൂണലിൽ ഹാജരായത്. മേത്തയുടെ വാദത്തോട് പൂർണമായും യോജിക്കുന്നു എന്ന് ട്രൈബ്യണൽ വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഐആർഎഫ് ഏർപ്പെട്ടുവെന്ന് ബോധ്യമായെന്നും ട്രൈബ്യണൽ വിധിച്ചു.

ഐ.ആർ.എഫ് നിരോധിക്കാനും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം ട്രിബ്യൂണൽ റിട്ട. ജസ്റ്റിസ് ഡി.എൻ പട്ടേൽ ശരിവെച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

ഐആർഎഫിനെ കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ചിരുന്നു. ഈ കാലാവധി തീർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 15ന് നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ശരിവച്ചിരിക്കുകയാണ് യുഎപിഎ ട്രിബ്യൂണൽ. രാജ്യത്തിന്റെ ഐക്യം, ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന തരത്തിൽ ഐആർഎഫ് പ്രവർത്തിച്ചുവെന്ന് ബോധ്യമായതിനാലാണ് നിരോധനം ശരിവയ്ക്കുന്നതെന്ന് ട്രിബ്യൂണൽ പറയുന്നു.

1967 ലെ യു.എ.പി.എ സെക്ഷൻ 4 പ്രകാരം സംഘടനകളെ നിരോധിക്കുമ്പോൾ ട്രിബ്യൂണൽ രൂപവത്കരിച്ച് അവർ ആരോപണങ്ങൾ പരിശോധിച്ച് നിരോധനം ശരിവെക്കണം. ഇതനുസരിച്ചാണ് ഐ.ആർ.എഫിന്റെ നിരോധനത്തിൽ തീർപ്പുകൽപ്പിക്കാൻ അന്നത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ട്രിബ്യൂണലിനെ 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ നിയോഗിച്ചത്.

ഐ.ആർ.എഫ് സ്ഥാപകൻ ഡോ. സാകിർ നായികും പ്രവർത്തകരും വിവധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. യുവാക്കളെ മതപരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചാവേർ സ്‌ഫോടനങ്ങളെ ന്യായീകരിക്കുകയും ആക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു കേന്ദ്രസർക്കാർ നിരോധിച്ചത്. ഇത്തരം വിഭജന പ്രത്യയശാസ്ത്രം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണക്കിടെ ആഭ്യന്തര മന്ത്രാലയം ഡയറക്ടർ മുദ്രവെച്ച 5 കവർ കവറുകൾ ട്രിബ്യൂണലിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഈ കവറുകളിൽ പരാമർശിച്ച കാര്യങ്ങൾ പരിശോധിച്ചും തെളിവുകൾ കണക്കിലെടുത്തുമാണ് ട്രിബ്യൂണൽ വിധി പ്രസ്താവിച്ചത്. ഡോ. സാകിർ നായികിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും ഇന്ത്യയുടെ ദേശീയ താൽപര്യത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് ട്രിബ്യൂണലിന്റെ നിഗമനം.

നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് അനീതിയാണെന്ന് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നേരത്തെ പ്രതികരിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് യാതൊരു തെളിവും ഹാജാരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഞങ്ങളുടെ ലക്ഷ്യങ്ങളിലും നിയമവിരുദ്ധമായ ഒന്നുമില്ല. രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് സംഘടനയുടെ പ്രവർത്തനം. വിദ്യാഭ്യാസം, ധാർമികത, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. സ്‌കൂളുകളും അനാഥാലയങ്ങളും നടത്തുന്ന ഞങ്ങൾക്ക് ഗവേഷണ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. കഴിവുള്ള വിദ്യാർത്ഥികൾക്ക് പ്രോൽസാഹനമായി സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ടെന്നും ഐആർഎഫ് ട്രിബ്യൂണലിന് നൽകിയ പ്രതികരണത്തിൽ വിശദീകരിച്ചിരുന്നു.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് പുറമെ, മുതിർന്ന അഭിഭാഷകൻ സച്ചിൻ ദത്ത്, കാപിറ്റൽ ഗുഡ്സ് സ്‌കിൽ കൗൺസിലിന്റെ അമിത് മഹാജൻ, അഭിഭാഷകരായ രജത് നായർ, ജയ് പ്രകാശ് സിങ്, കാനു അഗർവാൾ, ധ്രുവ് പാണ്ഡെ, ഹിമാൻഷു ഗോയൽ, ശാന്തനു ശർമ എന്നിവരും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായി. രാഹൂൽ ചിറ്റ്നിസ്, ആദിത്യ പാണ്ഡെ എന്നീ അഭിഭാഷകരാണ് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായത്. എസ് ഹരി ഹരൻ, ഷകുൽ ആർ ഗതോലെ, ഭാവന ദുഹൂൻ, ജയ്കൃതി എസ്, ജഡേജ എന്നീ അഭിഭാഷകരാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് വേണ്ടി ഹാജരായത്.

സാക്കിർ നായികിന്റെ പീസ് ടിവിക്ക് ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിരോധനമുണ്ട്. ബംഗ്ലാദേശ് തൊട്ട് ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിൽവരെ പ്രതികളിൽ നിന്ന് കണ്ടുകിട്ടിയത് സാക്കിർ നായിക്കിന്റെ ലഖുലേഖകളും സീഡികളും ആയിരുന്നു. അതുപോലെ തന്നെ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന പ്രതികളിലും, ഇതിന് പ്രേരകമായി എന്ന് പറയുന്ന എം എം അക്‌ബറിന്റെ പീസ് സ്‌കൂളിലും സാക്കിർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തിയിരുന്നു.

മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകൾ പതിയായതിനെ തുടർന്ന് ഇന്ത്യ വിട്ട നായിക്ക് മലേഷ്യയിലാണ്. 2016 മുതൽ എൻഐഎ തേടുന്ന സാക്കിർ നായിക് ഇപ്പോഴും മലേഷ്യയിൽ തുടരുകയാണ്. സാക്കിർ നായിക്കിന്റെ ഭീകരവാദ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഭീകരസംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജമാഅത്ത് ഉൽ മുജാഹിദീൻ എന്ന ഭീകരസംഘടന കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വേരുപിടിച്ചിട്ടുണ്ടെന്നും എൻഐഎ ഡയറക്ടർ വിശദീകരിച്ചിരുന്നു. തുടർന്നു സാക്കിർ നായിക്കുമായി ബന്ധമുള്ള സംഘടനകളുടെ മേൽ കേന്ദ്രസർക്കാർ അന്വേഷണം ശക്തമാക്കിയിരുന്നു.

കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തി

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തിയാണ് സാക്കിർ നായിക്ക് എന്നാണ് പല അന്വേഷണ ഉദ്യോസ്ഥരും പറയുന്നത്.

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

മോദി സർക്കാർ കണ്ടുകെട്ടിയത് കോടികളുടെ സ്വത്ത്

കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

സംഘടനയുടെ പ്രവർത്തനം നിരോധിച്ച കേന്ദ്രനടപടി മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണെന്നുപറഞ്ഞ് മുസ്ലിങ്ങളെ കൂടെനിർത്താൻ ഒളിവിലിരുന്നുകൊണ്ട് സാക്കിർ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിലപ്പോകാതിരുന്നപ്പോൾ നോട്ട് നിരോധനത്തെ തുടർന്നുള്ള വിമർശനം മറികടക്കാനാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നായികിന്റെ സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നതെന്നും കോടതി അന്ന് പറഞ്ഞിരുന്നു

ഇത്രയേറ തെളിവുകൾ കിട്ടിയിട്ടും സാക്കിർ നായിക്കിനെതിരായ നിലപാട് മാറ്റം വരുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ തയ്യാറായിട്ടില്ല. മുസ്ലീലീഗ് തൊട്ട് മുജാഹിദും ജമാഅത്തെ ഇസ്ലാമി വരെയുള്ള സകല ഇസ്ലാമിക സംഘടനകളും സാക്കിർ നായിക്കിനെ മോദി സർക്കാർ പീഡിപ്പിക്കുകയാണെന്ന നിലപാടാണ് അന്നും ഇന്നും ഉള്ളത്. ബംഗ്ലാദേശ് തീവ്രവാദി ആക്രമണത്തിന് പ്രേരണയായെന്ന ആരോപണം ഉയർന്ന സമയത്തുതന്നെ ഈ വിവാദ മുസ്ലിം പ്രഭാഷകന് പിന്തണയുമായി മുസ്ലിംലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു.

സാക്കിർ നായിക്കിനെ പിന്തുണച്ച് എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. സാക്കിർ നായിക്ക് വിദ്വേഷം പ്രചരിപ്പിക്കുകയോ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്ഡിപിഐ പറയുന്നത്. മാധ്യമങ്ങളിലെ തങ്ങളുടെ സഹായികളെ വച്ച് കാവിസേന നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോൾ സാക്കിർ നായിക്കിനെതിരെ നടക്കുന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും പീസ് ടിവിക്കും എതിരെ സർക്കാർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അന്വേഷണം പോലും നടത്താതെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ് എസ്ഡിപിഐ നേതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടത്.