- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീ-സോണി ലയനം യാഥാർത്ഥ്യമായി; അംഗീകാരം നൽകി ഡയറക്ടർ ബോർഡ്; മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും
ന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യയും സീ എന്റർടെയ്ന്മെന്റ് എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലുള്ള ലയനം യാഥാർത്ഥ്യമായി. ഡയറക്ടർ ബോർഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാധ്യമസ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവു വലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും.
പുതിയ കമ്പനിയിൽ സോണിക്ക് 50.86ശതമാനവും സീ എന്റർടെയ്ന്മെന്റിന്റെ പ്രൊമോട്ടർമാർക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകൾക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും.
സോണി മാക്സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും. ഡയറക്ടർ ബോഡിലെ ഭൂരിഭാഗം പേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക.
സെപ്റ്റംബർ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോണിക്ക് ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാൻ ലയനത്തോടെ അവസരം ലഭിക്കും. ആഗോളതലത്തിൽ സാന്നിധ്യമാകാൻ സീ-ക്കും കഴിയും. നിലവിൽ സീയുടെ ചാനലുകൾക്ക് രാജ്യത്ത് 19ശതമാനം വിപണി വിഹിതമാണുള്ളത്.
അടുത്ത അഞ്ച് വർഷത്തേക്ക് പുനീത് ഗോയങ്ക എംഡിയും സിഇഒയും ആയി തുടരുമെന്ന് സീ എന്റർടൈന്മെന്റ് (സീൽ) പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ ലയന വാർത്ത വന്നതോടെ, ഓഹരി വിപണിയിൽ സീ എന്റർടൈന്മെന്റിന്റെ (സീൽ) ഓഹരികൾ ഏകദേശം 25 ശതമാനം ഉയർന്ന് 317.75 രൂപയായി മാറിയിരുന്നു.
കരാർ അനുസരിച്ച്, സോണി പിക്ചേഴ്സ് ഏകദേശം 1.575 ബില്യൺ ഡോളർ (ഏകദേശം 11,500 കോടി രൂപ) ലയിപ്പിച്ച കമ്പനിയിൽ നിക്ഷേപിക്കും. സീൽ ബോർഡ് ഈ ലയനത്തിന് തത്വത്തിൽ അംഗീകാരം നൽകുകയും ഉചിതമായ പ്രക്രിയ നടത്താൻ മാനേജ്മെന്റിനെ അധികാരപ്പെടുത്തുകയും ചെയ്തു. ടിവി സംപ്രേഷണത്തിലും ഡിജിറ്റൽ മീഡിയയിലും സീലിന് സാന്നിധ്യമുണ്ട്. സീ ടിവിയാണ് അതിന്റെ പ്രധാന ചാനൽ.
രണ്ട് കമ്പനികളും അവരുടെ ലീനിയർ നെറ്റ്വർക്ക്, ഡിജിറ്റൽ അസറ്റുകൾ, ഉൽപാദന പ്രവർത്തനങ്ങൾ, പ്രോഗ്രാം ലൈബ്രറികൾ തുടങ്ങിയവ സംയോജിപ്പിക്കും. ലയനത്തിന് ശേഷം രൂപീകരിച്ച കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും
ന്യൂസ് ഡെസ്ക്