തിരുവനന്തപുരം: ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിക്കുമ്പോൾ, വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ള പ്രമുഖ ബ്രിട്ടീഷ് നേതാക്കൾ ഉറച്ചുവിശ്വസിച്ചിരുന്നത് ഈ രാജ്യം പട്ടിണികിടന്ന് മരിക്കും എന്നായിരുന്നു. ലക്ഷങ്ങൾ മരിച്ച ബംഗാൾ ക്ഷാമമൊക്കെയുണ്ടായ ഒരു രാജ്യത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതിൽ പൂർണമായും തെറ്റു പറയാനുമാകില്ല. എന്നാൽ എല്ലാവരെയും അത്ഭുദപ്പെടുത്തിക്കൊണ്ട് ഹരിതവിപ്ലവത്തിലൂടെ രാജ്യം ഭക്ഷ്യസുരക്ഷ നേടി. ഇന്ന് വൻ ഭക്ഷ്യധാന്യ ശേഖരവും കയറ്റുമതിയുമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നത് അത് വിതരണത്തിന്റെയും മറ്റ് രാഷ്ട്രീയ-ഭരണകൂട നടപടികൾ കൊണ്ട് മാത്രമാണെന്നാണ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനെപ്പോലുള്ള സംഘടനകൾപോലും പറയുന്നത്. അതായത് എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഹരിതവിപ്ലവത്തിലൂടെയും ശാസ്ത്രീയ കൃഷിയിലുടെയും നേടിയ ഉൽപ്പാദന മികവാണ് ഇന്ത്യൻ കാർഷിക മേഖഖലയുടെ നട്ടെല്ല്. എന്നാൽ ഇപ്പോൾ ശാസ്ത്രീയ കൃഷിയെ നിരന്തരം അപഹസിക്കുക ഒരു ഫാഷനായി കേരളത്തിലടക്കം വളർന്നു വന്നിരിക്കുന്നു. വിളവില്ലാത്തതിന്റെ പേരിൽ നാം പണ്ടേ ഉപേക്ഷിച്ച പാരമ്പര്യ കൃഷിയിലേക്ക് അതിവേഗത്തിൽ തിരച്ചുപോവുകയാണ് കേരളം. വെറുതെ വിത്തെറിഞ്ഞ് പ്രകൃതിദത്ത കഷായവും തളിച്ച് കൈയും കെട്ടി നിന്നാൽ നൂറുമേനി വിളവു കിട്ടുമെന്ന് വിചാരിക്കുന്ന അശാസ്ത്രീയമായ കൃഷി ഇപ്പോൾ കേരളത്തിലും വ്യാപകമാവുകയാണ്. ആന്ധ്രയിൽനിന്നുള്ള ചില പ്രത്യേക സംഘങ്ങളാണ് സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് എന്ന രീതിയലുള്ള ഈ കൃഷി കേരളത്തിലും കൊണ്ടുവന്നത്. ഈ ഫാഷൻ കൃഷിയിലേക്ക്പോയാൽ ഉള്ള വിളവും ഇല്ലാതാവുമെന്നും കർഷകർ കടക്കെണിയിലാവുമെന്നുമാണ് കാർഷിക രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇത്തരം കൃഷി രീതികളുടെ ഏറ്റവും വലിയ ന്യൂനത. വേദിക്ക് അഗ്രികൾച്ചർ എന്ന് പറയുന്നതുപോലൊക്കെയുള്ള വിത്തെറിഞ്ഞ് ഹോമം നടത്തി കാത്തിരിക്കുന്ന കൃഷിരീതികൾക്ക് സമാനമാണ് ഇവയുടെയും പ്രവർത്തന രീതി. ഒറ്റ നാടൻ പശുവിന്റെ ചാണകം മതി 30 ഏക്കറിൽ പൊന്നുവിളയിക്കാൻ എന്നാണ് ഇവർ പറയുന്നത്. ഇതുതന്നെ ശുദ്ധ അസംബദ്ധമാണ്. ചാണകം മാത്രമുള്ള പഴയ കാലത്ത് നമ്മുടെ നാട്ടിലെ വിളവ് എന്തായിരുന്നു. തുടർച്ചയായ ക്ഷാമങ്ങളും പട്ടിണി മരണങ്ങളും ഉണ്ടായിരുന്നത് ആ കാലത്താണ്. പിന്നീട് രാസ വളങ്ങളും കീടനാശിനികളും കളനാശിനികളും വന്നതോടെയാണ് നമ്മുടെ ഭക്ഷ്യേൽപ്പാദനത്തിൽ കുതിച്ചുകയറ്റം ഉണ്ടായത്. ഇവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കുകയാണ് ലോക രാഷ്ട്രങ്ങൾ ചെയ്്തത്. അല്ലാതെ വെറുതെ വിത്തെറിഞ്ഞ് കഷായം തളിക്കുയല്ലെന്ന് കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ രീതിയിലുള്ള ഫാഷൻ കൃഷികൾ വ്യാപകമായാൽ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷതന്നെ അപകടത്തിലാവുമെന്നാണ് കാർഷിക ഗവേഷകനും നീലേശ്വരം കാർഷിക കോളേജ് പ്രഫസറായ ഡോ.എം കെ ശ്രീകുമാറിനെപ്പോലുള്ളവർ പറയുന്നത്. 'കേരളം കാർഷികോത്പന്നങ്ങൾക്ക് ഏറെ ആശ്രയിക്കുന്ന ആന്ധ്ര, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിരീതികൾ അനുവർത്തിക്കുകയാണെങ്കിൽ ഭാവിയിൽ ഉത്പന്നങ്ങൾക്ക് ക്ഷാമം ഉണ്ടാകുമോയെന്നും ഭയപ്പെടുന്നുണ്ട്. ആധുനിക വൈദ്യത്തെയും വാക്സിനേഷനേയും പാടേ എതിർക്കുന്ന കേരളത്തിലെ ജയിംസ് വടക്കുംചേരിയെപ്പോലെ ഉള്ളവരുടെ ആശയം പോലെയാണ് കാർഷികമേഖലയിലെ വിദഗ്ദ്ധർ പലേക്കറുടെ നാച്ചുറൽ ഫാമിംഗിനേയും കാണുന്നത്. ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത കൃഷിരീതിക്ക് വൻ പ്രചാരണം നൽകുമ്പോൾ ഇതിന്റെ പിന്നിൽ ലോബി പ്രവർത്തിക്കുന്നില്ലേ എന്നും സംശയിക്കാം. '- ഡോ. ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു

'ഒരു കാലഘട്ടത്തെ മുഴുവൻ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റിയ ഹരിതവിപ്ലവത്തെ പോലും പുച്ഛിച്ചുകൊണ്ട് നാച്ചുറൽ ഫാമിങ് പ്രചരിപ്പിക്കുമ്പോൾ അതിന്റെതന്നെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്നുണ്ട്. കാർഷിക മേഖലയിൽ ഉത്പാദനം വർധിപ്പിക്കാനായി ഹരിതവിപ്ലവത്തിലൂടെ പുതിയ വിത്തിനങ്ങൾ പോലും ഉത്പാദിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങളിൽ ഹരിതവിപ്ലവം ഏറെ കാർഷികോത്പാദന വർധനവിന് കാരണമായി. ഭക്ഷ്യസുരക്ഷയ്ക്ക് വഴിയൊരുക്കാനും ഹരിതവിപ്ലവത്തിന് സാധിച്ചുവെന്നാണ് എടുത്തുപറയേണ്ടത്. ഇത്തരമൊരു ഹരിതവിപ്ലവം തെറ്റായിരുന്നുപോലും എന്ന നിലയിലാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്.'- ഡോ. ശ്രീകുമാർ പറഞ്ഞു

ഒക്ടോബറിൽ എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് '18 എന്ന പരിപാടിയിൽ ഡോ കെ എം ശ്രീകുമാർ ഈ വിഷയത്തിൽ നടത്തിയ അവതരണം ഏറെ ശ്രദ്ധേയമായിരുന്നു.

എന്താണ് സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്...

മലയാളി കർഷകർക്ക് അത്രപരിചയമുള്ള വാക്ക് അല്ലെങ്കിലും കാർഷിക മേഖലയിൽ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുന്നവരുടെ ഇടയിൽ ഇതിനോടകം ശ്രദ്ധ നേടിയ സംഭവമാണ് സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്. കാര്യം മറ്റൊന്നുമല്ല, രാസവള പ്രയോഗങ്ങളൊന്നുമില്ലാതെ പ്രകൃതി ദത്തമായി കൃഷി ചെയ്യുന്ന രീതി.

സുഭാഷ് പലേക്കർ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. വർഷങ്ങൾ നീണ്ട തന്റെ പര്യവേഷണങ്ങൾക്കൊടുവിൽ നാച്ചുറൽ ഫാമിംഗിനെ കുറിച്ച് ആധികാരിമായി പറഞ്ഞുകൊണ്ട് രംഗത്തെത്തിയ സുഭാഷ് പലേക്കർ ആധുനിക കൃഷിരീതിയെ ഒന്നടങ്കം ആക്ഷേപിക്കുകയാണ്. എന്നാൽ സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

സുഭാഷ് പലേക്കറിന്റെ ആശയങ്ങൾ കർഷകരെ ആശക്കുഴപ്പത്തിലാക്കുകയും ഭാവിയിൽ അവർക്ക് നിലവിലുള്ളത്ര വിള ലഭിക്കാതിരക്കുന്ന അവസ്ഥ ഉണ്ടാക്കുയാണെന്നും പരക്കെ ആക്ഷേപമുണ്ട്. നിലവിൽ കൃഷിശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ സമവാക്യങ്ങളേയും മാറ്റിമറിച്ചുകൊണ്ട് കുറച്ചു ചാണകം ഉണ്ടെങ്കിൽ നൂറുമേനി വിളവു കൊയ്തെടുക്കാം എന്നു പറയുന്ന പലേക്കർ ഇതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് ഒന്നും മിണ്ടുന്നുമില്ല.

കാർഷിക മേഖലയിൽ ധാരളം പരീക്ഷണങ്ങൾ നടന്നു വരുന്ന ഇക്കാലത്ത് തികച്ചും വ്യത്യസ്തമായൊരു ആശയമാണ് സുഭാഷ് പലേക്കർ അവതരിപ്പിക്കുന്ന സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്. നാഗ്പൂർ കാർഷിക കോളേജിൽ നിന്നും ബിരുദം നേടിയ പലേക്കർ അച്ഛന്റെ കൃഷിയിടത്തിൽ കൃഷി ചെയ്താണ് പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. ആദ്യകാലത്ത് ആധുനിക കൃഷി രീതി പരീക്ഷിച്ച പലേക്കറിന് പിന്നീട് ഇതിൽ ഒട്ടും താത്പര്യമില്ലാതായി. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന ആധുനിക കൃഷി രീതിയിൽ പിന്നീടങ്ങോട്ട് വിളവു കുറയുന്നു എന്നു താൻ കണ്ടെത്തിയതായി പലേക്കർ വെളിപ്പെടുത്തുന്നു. എന്നാൽ ഇതിനും അദ്ദേഹം തെളിവുകൾ ഹാജരാക്കുന്നില്ല. മാത്രവുമല്ല ഒരു സ്ഥലത്ത് തുടർച്ചയായി കൃഷിചെയ്താൽ വിളവുകുറയുമെന്നത് ശാസ്ത്രീയമായി ശരിയാണ്. അത് മാറ്റാനും ആധുനിക കൃഷി ശാസ്ത്രത്തിൽ രീതികളുണ്ട്. എന്നാൽ ഇതൊന്നും കണക്കാക്കാതെ സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് എന്ന ഒരു വെളിപാടിലേക്ക് നീങ്ങുകയാണ് പലേക്കർ ചെയ്തത്.

സീറോ ബജറ്റ് നാച്ചുറൽ ഫാമിങ് ചിന്തയുടെ തുടക്കം പലേക്കറിന് ലഭിക്കുന്നത് പ്രകൃതിയിൽ നിന്നു തന്നെയാണെന്നാണ് പറയുന്നത്. അതായത് കാടാണ് അദ്ദേഹത്തിന്റെ ഗുരു. തെരുവുപട്ടികൾക്ക് എന്തുകൊണ്ട് രോഗം വരുന്നില്ല എന്ന ജേക്കബ് വടക്കൻചരിയുടെ യുക്തയാണ് ഇവിടെ പലേക്കറും പ്രയോഗിക്കുന്നത്. കാട്ടിൽ ആരാണ് വളമിടുന്നത്. ആരും സംരക്ഷിക്കാതെ കാട്ടിലുള്ള മരങ്ങളും ചെടികളും സ്വയം വളം വലിച്ചെടുത്ത് വളരുന്നുണ്ടല്ലോ? ഈ ചിന്തയിൽ നിന്നാണ് നാട്ടിലും സീറോ ബജറ്റ് അഥവാ ചെലവില്ലാ കൃഷി രീതിയിലേക്ക് അദ്ദേഹം തിരിയുന്നത്.

ഇതിന് അദ്ദേഹം പ്രയോഗിക്കുന്ന ടെക്നിക്കുകയും വിശദീകരിക്കുന്നു. 1. ബീജാമൃതം- വിത്തിനു പുരട്ടാനുള്ളവ, 2. ജീവാമൃതം- കൃഷിയിടങ്ങളിൽ ഒഴിക്കാനുള്ളവ, 3. മണ്ണിന് പുതയിടുക.പലേക്കറിന്റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാൻ നാലു ഘടകങ്ങളാണ് പ്രധാനമായും വേണ്ടത്. മണ്ണ്, വിത്ത്, കർഷകന്റെ അധ്വാനം, ഒരു നാടൻ പശു. ഈ നാടൻ പശുവിൽ നിന്ന് ലഭിക്കുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കർ കൃഷി ചെയ്യാൻ സാധിക്കുമെന്നാണ് അവകാശവാദം.

ചെടികൾ അവയുടെ വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ വലിച്ചെടുക്കുന്നത് കോടാനുകോടി സൂക്ഷ്മാണുക്കളുടെ സഹായത്താലാണ്. നാടൻ പശുക്കളുടെ ചാണകത്തിൽ മാത്രമാണത്രേ ഏറ്റവും കൂടിയ അളവിൽ സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുള്ളത്. ഒരു നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ 300 കോടി സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പലേക്കറിന്റെ കണ്ടുപിടുത്തം. അതേസമയം സങ്കരയിനം പശുക്കളുടെ ഒരു ചാണകത്തിൽ ഇത്രയധികം ബാക്ടീരിയ ഇല്ലെന്നും പലേക്കർ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകൾക്കൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.ചാണകത്തെ എല്ലാറ്റിനുമുള്ള ഒറ്റമൂലിയായി ആധുനിക ശാസ്ത്രം കാണുന്നുമില്ല.

വളങ്ങൾ കലക്കുമ്പോൾ പ്രദക്ഷിണ ദിശയിൽ മാത്രമേ കലക്കാവൂ!
പലേക്കറുടെ മറ്റ് വാദങ്ങൾ ഇങ്ങനെയാണ്. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടൻ പശുക്കളുടെ മൂത്രത്തിനുണ്ട്. ചാണകം ഏറ്റവും പുതിയതും മൂത്രം ഏറ്റവും പഴയതും ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. സാധാരണ ഒരു പശു 11 കിലോ ചാണകം ഇടും. ഒരു ദിവസത്തെ ചാണകം ഒരു ഏക്കറിൽ വളമായി തളിക്കാൻ സാധിക്കും അങ്ങനെ 30 ഏക്കർ തളിക്കാം അങ്ങനെയെങ്കിൽ ഇത് മാത്രം മതി വളമായി. വളങ്ങൾ കലക്കുമ്പോൾ പ്രദക്ഷിണ ദിശയിൽ മാത്രമെ കലക്കാവു എന്നാണ് അദ്ദേഹം പറയുന്നത്. മറ്റൊരു രീതിയിൽ കലക്കരുത് അതിന്റെ ഊർജമൊക്കെ പോകും എന്നും പലേക്കർ പറയുന്നു. എന്നാൽ അതിന്റെ കാരണം എന്താണെന്നുമില്ല. കറക്കുമ്പോൾ എന്ത് ഊർജമാണ് ഉണ്ടാകുന്നത് എന്നൊന്നും വിശദീകരിക്കാൻ പലേക്കർ ശ്രമിക്കുന്നില്ല. പണ്ടുകാലത്തെ മന്ത്രവാദകൃഷിക്ക് സമാനമാണ് പലേക്കറുടെ ചിന്തകൾ എന്ന് വ്യക്തമാണ്.

ഇനി കീടരോഗ നിയന്ത്രണങ്ങൾക്കും സസ്യസംരക്ഷണത്തിനും മൂന്നുതരം അസ്ത്രങ്ങളാണ് പലേക്കർ പ്രയോഗിക്കുന്നത്. അഗ്‌നി അസ്ത്ര, ബ്രഹ്മാസ്ത്ര, നീമാസ്ത്ര. വേപ്പിന്റെ ഇലകൾ, പച്ചമുളക്, വെളുത്തുള്ളി ഇവ ഉപയോഗിച്ചുള്ള കഷായമാണ് അഗ്‌നിയാസ്ത്ര. ഇവ തളിച്ചു കഴിഞ്ഞാൽ എല്ലാ കീടങ്ങളും മാറിക്കിട്ടും. വേപ്പ്, പപ്പായ, മാതളം തുടങ്ങിയ ഇലയുടെ കഷായവും പശുവിന്റെ മൂത്രവുമാണ് ബ്രഹാസ്ത്ര. പശുവിന്റെ മൂത്രവും ചാണകവും വേപ്പിന്റെ ഇലയും ചേരുന്നത് നീമാസ്ത്ര. ഇത്തരം പ്രകൃതി ദത്ത കഷായം പ്രയോഗിച്ചാൽ കൃഷിയെ ബാധിക്കുന്ന എല്ലാവിധ കീടങ്ങൾക്കും പരിഹാരമാകുമെന്നാണ് നാച്ചുറൽ ഫാമിങ് തത്വം. എന്നാൽ ഏക്കറു കണക്കിന് വരുന്ന നെൽകൃഷിക്ക് ഭീഷണിയാകുന്ന മുഞ്ഞ പോലെയുള്ള കീടങ്ങളുടെ ആക്രമണത്തിന് ഇപ്പറഞ്ഞ കഷായ പ്രയോഗങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.

എല്ലാത്തരം കീടങ്ങളേയും ചെറുക്കാൻ ഇപ്പറഞ്ഞ അസ്ത്രങ്ങൾക്ക് എത്രത്തോളം സാധിക്കും? വീട്ടിലെ ചെറുകിട പച്ചക്കറി കൃഷിക്കും മറ്റും വീട്ടമ്മമാർ ഇത്തരം കഷായങ്ങൾ തളിക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ തോതിലുള്ള കൃഷികൾക്ക് കഷായങ്ങൾ ഫലപ്രദമാകുമെങ്കിലും കേവലം ഒരു ദ്രാവകം കൊണ്ട് ഏക്കറു കണക്കിന് പാടശേഖരത്തേയും കൃഷിയിടങ്ങളിലേയും ബാക്ടീരിയ, വൈറസ്, ഫംഗസ്, കീടങ്ങൾ എന്നിവയ്ക്ക് ഇതൊരു പരിഹാരമാകുമെന്ന് പറയുന്നത് വിവരക്കേടാണെന്ന് ഡോ ശ്രീകുമാർ തന്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ഇതിന് ഏറെ വേരൂന്നിയിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയിൽ ഇതു വലിയ തരംഗമായി പടരുന്ന കാഴ്ചയാണിപ്പോൾ. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറയുന്നത് ഇത് ഭാവിയിലേക്കുള്ള കൃഷിയെന്നാണ്. നാച്ചുറൽ ഫാമിംഗിനെ പ്രോത്സാഹിപ്പിക്കാൻ ഒരു റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സംസ്ഥാനം മുഴുവൻ ഇനി നാച്ചുറൽ ഫാമിംഗിലേക്ക് പോകുന്നു എന്നാണ് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്ധ്രയിലെ കർഷകർക്ക് വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കാൻ മാത്രമാണ് കൃഷി വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. എങ്ങനെ കൃഷി ചെയ്യണമെന്നോ, ഇതിനുള്ള സാങ്കേതിക വിദ്യ പറഞ്ഞുകൊടുക്കേണ്ടെന്നുമാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പലേക്കറിന്റെ രീതികൾ കൃഷിക്കാർ അനുവർത്തിച്ചുകൊള്ളുമെന്നും അതിന് ഏജൻസിയെ വരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആന്ധ്രയിൽനിന്നുള്ള ലോബിയാണ് ഇത്തരം അശാസ്ത്രീയ കൃഷിക്ക് ഇടനിലക്കാരായി നിൽക്കുന്നത്. കാര്യമറിയാതെ ഇതിൽ തലവെച്ച്കൊടുക്കുന്ന കേരളത്തിലെ കർഷകർ വൻ വിളവുനാശത്തിനും അതുവഴി കടക്കെണിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്.കൂടാതെ മറ്റ് സംസ്ഥാനങ്ങളും വ്യാപകമായി ഈ കൃഷിരീതിയിലേക്ക് പോയാൽ അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും.