- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്ക വൈറസ് ബാധ: രോഗം സ്ഥിരീകരിച്ച സാഹചര്യം പഠിക്കാൻ ആറംഗ കേന്ദ്രസംഘം കേരളത്തിലേക്ക്; ആരോഗ്യ സ്ഥിതി നിരീക്ഷണത്തിൽ; കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ; ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ സാഹചര്യം പഠിക്കാൻ കേരളത്തിലേക്ക് ആറംഗ വിദഗ്ധ സംഘത്തിനെ അയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
സിക്ക സ്ഥിരീകരിച്ച സാഹചര്യങ്ങൾ സംഘം വിലയിരുത്തും. അതിനിടെ, രോഗപ്പകർച്ച വ്യാപകമാകുന്നത് തടയാൻ ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ 15 പേർക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാൽ കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ഇത്തരമൊരു ആശങ്ക സംസ്ഥാന ആരോഗ്യ വകുപ്പിനുമുണ്ട്. അതിനിടെയാണ് കേന്ദ്ര സംഘം എത്തുന്നത്. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം.
നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരിൽ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് മറ്റാരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകാതെ നോക്കേണ്ടത് ആരോഗ്യ വകുപ്പിന് നിർണായകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദ്ദേശം.
പാറശാല സ്വദേശിയായ യുവതിക്ക് പുറമെ, നേരത്തെ പൂണെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ് പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർ. എല്ലാവരും അവരവരുടെ വീടുകളിലാണ്. ആരുടെയും നില ഗുരുതരമല്ല. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.
ഗുരുതരമാകാനും മരണത്തിനുമുള്ള സാധ്യത കുറവാണെങ്കിലും 4 മാസം വരെയെത്തിയ ഗർഭിണികളിൽ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യമടക്കം പ്രത്യാഘാതങ്ങൾക്ക് കാരണാകും. 5 മാസം വരെയുള്ള ഗർഭിണികളിൽ പനിയുണ്ടെങ്കിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. ഇതിനായി വൈറസ് കണ്ടെത്താനുള്ള ലാബ് സൗകര്യം കൂട്ടും. മെഡിക്കൽ കോളേജുകൾക്ക് പുറമേ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. അന്താരാഷ്ട്രതലത്തിൽ നേരത്തെ വലിയ ആശങ്കകൾക്കിടയാക്കിയ സിക വൈറസ് വ്യാപനം ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
സാംപിളെടുത്ത് വൈകിയാണ് ഫലം ലഭിക്കുന്നത് എന്നതിനാൽവ്യാപനം എത്രത്തോളമായി എന്നതിൽ ചിത്രം വ്യക്തമല്ല. മെയ് മാസത്തിൽ അയച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം എടുത്താണ് പ്രതിരോധ നടപടികൾ. കൊതുകുകളെ ഇല്ലാതാക്കുന്നതിനാണ് മുൻഗണന. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് സിക്കക്ക് കാരണം.
പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും. ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണം.
കേരളത്തിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതല് പൊലീസിനെ വിന്യസിക്കും. കന്യാകുമാരി ജില്ലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.കേരളത്തിൽ നിന്ന് എത്തുന്നവരിൽ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിർത്തി ജില്ലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ തുറക്കുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യം അറിയിച്ചു.
ന്യൂസ് ഡെസ്ക്