ക്യൂൻസ് ലാൻഡ്: നോർത്ത് ക്യൂൻസ് ലാൻഡിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വിദേശ പര്യടനം കഴിഞ്ഞെത്തിയ വ്യക്തിക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോവൻ സ്വദേശിയായ ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ വെക്ടർ കൺട്രോൾ ടീം ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. വീടിനു ചുറ്റും കൊതുകുകൾ കാണപ്പെടുകയാണെങ്കിൽ അവയെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിവാസികളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സിക്ക വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾ ഏറെയുള്ള മേഖലയാണ് ഈ തീരദേശപ്രദേശം.

രോഗബാധിതനായ ആളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണെങ്കിലും ബോവൻ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് ടൂൺസ്വില്ലെ പബ്ലിക് ഹെൽത്ത് യൂണിറ്റ് ഡയറക്ടർ ഡോ. സ്റ്റീവൻ ഡോണോഹൂ പറയുന്നത്. വീടിനുള്ളിലും പുറത്തും കൊതുകുകളുടെ സാന്നിധ്യം അനുവദിക്കരുതെന്നും ഇതൊരു പകർച്ചവ്യാധിയാകാനുള്ള അവസരം ഒരുക്കരുതെന്നും ഡോ. ഡൊണോഹു ആഹ്വാനം ചെയ്യുന്നു.

സിക്ക വൈറസ് ബാധിതനായ ഒരാളെ കടിച്ച ഈഡിസ് കൊതുക് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന് കാരണമാകുന്നു. ഒരാഴ്ച ഈ വൈറസ് കൊതുകിന്റെ ശരീരത്തിൽ നിലനിൽക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൊതുകുകൾ പെരുകാനുള്ള സ്ഥലങ്ങൾ നീക്കം ചെയ്ത് സ്േ്രപ ചെയ്യുന്നതിനും മറ്റും വിറ്റ്‌സൺഡേ റീജണൽ കൗൺസിൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

സിക്ക വൈറസ് ബാധിതനായ യുവാവ് ടൂൺസ് വില്ലെ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നുണ്ട്. സിക്ക വൈറസ് ഗർഭസ്ഥ ശിശുക്കളെയാണ് സാരമായി ബാധിക്കുന്നത്. ഗർഭിണിക്ക് സിക്ക വൈറസ് ബാധ ഉണ്ടാകുന്നതു മൂലം മൈക്രോ സെഫാലി എന്ന രോഗാവസ്ഥയോടെ കുഞ്ഞുങ്ങൾ പിറക്കും എന്നതാണ് അപകടം. ശരീരത്തിന് ആനുപാതികമല്ലാതെ ചെറിയ തലയുള്ള അവസ്ഥയാണ് മൈക്രോ സെഫാലി.