ന്യൂയോർക്ക്: അടുത്തകാലത്ത് പടർന്നുകൊണ്ടിരിക്കുന്ന സിക്ക വൈറസ് കരുതിയതിനെക്കാൾ കൂടുതൽ അപകടകാരിയെന്ന് യുഎസ് പബ്ലിക് ഹെൽത്ത് അധികൃതർ. നവജാത ശിശുക്കളിൽ ഒട്ടേറെ ജനതിക വൈകല്യങ്ങൾക്കും സിക്ക വൈറസ് കാരണമാകുന്നതായി യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അംഗം ജോ. ആൻ ഷൂചാറ്റ് വെളിപ്പെടുത്തി. 

മുമ്പ് കരുതിയതിനെക്കാൾ കൂടുതൽ യുഎസ് സംസ്ഥാനങ്ങളിലേക്ക് സിക്ക വൈറസുമായി കൊതുകകൾ എത്തിക്കഴിഞ്ഞു. ഒരു വർഷം മുമ്പ് ബ്രസീലിൽ പൊട്ടിപ്പുറപ്പെട്ട പകർച്ച വ്യാധിയാണ് ഇപ്പോൾ അമേരിക്കയുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് നവജാത ശിശുക്കളിൽ ജനതിക വൈകല്യങ്ങൾക്ക് ഇതു കാരണമായിക്കഴിഞ്ഞുവെന്നും അമേരിക്കയിൽ ആകെമാനം സിക്ക വൈറസ് പടർന്നുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

ഇത്രയും നാൾ നാം ചിന്തിച്ചിരുന്നതിലും അപകടകാരിയായി മാറിയിരിക്കുകയാണ് സിക്ക വൈറസ്. എബോള വൈറസിനെ നേരിട്ട അതേ ശുഷ്‌കാന്തിയോടെ വേണം സിക്ക വൈറസിനേയും നേരിടേണ്ടതെന്ന് ഡോ. ആൻ വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ വെളിപ്പെടുത്തി. നവജാത ശിശുക്കളിൽ ജനതിക വൈകല്യങ്ങൾക്കു പുറമേ മുതിർന്നവരിൽ ചില ന്യൂറോളജിക് പ്രശ്‌നങ്ങളും സിക്ക വൈറസിന്റെ ആക്രമണത്തെ തുടർന്ന് കണ്ടെത്തിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊതുകു കടിയിലൂടെ മാത്രമല്ല, ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പടരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം ഡാളസിലാണ് ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പടരുമെന്ന് തെളിഞ്ഞത്.