- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാത തുരങ്കം; 11,578 അടി ഉയരെ; മഞ്ഞുകാലത്തും ഇനി ലേ, ലഡാക്ക് മേഖലകളിലേക്ക് 'യാത്ര പോകാം'; സോജിലയിൽ നിർമ്മാണം അതിവേഗം; ഒരുങ്ങുന്നത് എൻജിനീയറിങ് വിസ്മയം
ന്യൂഡൽഹി: ശ്രീനഗറുമായും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ലേ, ലഡാക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് മുന്നേറുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുള്ള തുരങ്കത്തിന്റെ നിർമ്മാണമാണ് ജമ്മു കശ്മീരിൽ പുരോഗമിക്കുന്നത്. കശ്മീരിലെ പാതകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സോജിലയിൽ വൻ തുരങ്കം നിർമ്മിക്കുന്നത്.
സമുദ്രനിരപ്പിൽനിന്ന് 11,578 അടി ഉയരത്തിലാണിത്. രാജ്യത്തിന്റെ സാമ്പത്തിക, സൈനിക മേഖലകളിൽ വലിയ പ്രാധാന്യമുള്ള ഈ തുരങ്കത്തിന് 14.15 കിലോമീറ്ററാണ് ദൈർഘ്യം. ആധുനിക സാങ്കേതിക വിദ്യകൾ പൂർണമായും ഉപയോഗപ്പെടുത്തി, കടുത്ത കാലാവസ്ഥയെ വെല്ലുവിളിച്ച് നിർമ്മിക്കുന്ന തുരങ്കം പൂർത്തിയായാൽ അത് എൻജിനീയറിങ് അദ്ഭുതങ്ങളിലൊന്നാകുമെന്ന് ദേശീയപാതാ അധികൃതർ പറയുന്നു.
തുരങ്കം പൂർത്തിയാകുന്നതോടെ ശ്രീനഗർ ലഡാക്ക് പാതയിൽ ബൽട്ടാലിനും മിനാമാർഗിനുമിടയ്ക്കുള്ള 40 കിലോമീറ്ററിൽ 27 കിലോമീറ്റർ കുറവുണ്ടാകും. മലമ്പാതയിലൂടെയുള്ള യാത്രാസമയം 1.5 മണിക്കൂർ കുറയും. നിർമ്മാണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ഇത്. ഇസെഡ്‌മോറിൽനിന്ന് സോജില വരെ അനുബന്ധ തുരങ്കവും നിർമ്മിക്കുന്നുണ്ട്. 18.5 കിലോമീറ്ററോളം വരുന്ന ഹൈവേ ഇതിനായി വിപുലപ്പെടുത്തും.
4,509 കോടി രൂപയ്ക്കാണ് 2020ൽ മേഘാ ലിമിറ്റഡ് പാതയുടെ കരാറെടുത്തത്. 2026 സെപ്റ്റംബറിൽ തുരങ്കം പൂർത്തീകരിക്കാനാണ് കരാറെങ്കിലും അതിനു മുൻപേ ജോലികൾ പൂർത്തിയാക്കാനാകുമെന്നു കരുതുന്നതായി അധികൃതർ പറയുന്നു.
ലഡാക്കിലേക്കും തലസ്ഥാനമായ ലേയിലേക്കും മഞ്ഞുകാലത്ത് യാത്ര ദുഷ്‌കരമാണ്. വർഷത്തിൽ 7 മാസവും പാത അടച്ചിടുന്ന അവസ്ഥയ്ക്ക് ഈ തുരങ്കം വരുന്നതോടെ അവസാനമാകും. കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർ ലഡാക്ക് ഹൈവേ നവംബർ പകുതിയേടെ അടച്ചിടുകയാണ് പതിവ്. പാത അടച്ചിടുന്ന സമയം വ്യാപാരരംഗത്തും സൈനിക രംഗത്തും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. മറ്റു പാതകൾ ദൈർഘ്യമേറിയതാകയാൽ വലിയ ചെലവും വരാറുണ്ട്. സുരക്ഷാ പരമായും ഇതു വലിയ ഭീഷണിയാണ്.
സോജിലയിൽ ഇരുഭാഗത്തേക്കും സഞ്ചരിക്കാവുന്ന ദൈർഘ്യമേറിയ തുരങ്കം സജ്ജമാകുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (എംഇഐഎൽ) തുരങ്കനിർമ്മാണ കരാർ ലഭിച്ചിരിക്കുന്നത്. അതിദുഷ്‌കരമായ കാലാവസ്ഥയിലും വേഗത്തിൽ ജോലികൾ തീർക്കുകയാണെന്ന് എംഇഐഎൽ മാനേജിങ് ഡയറക്ടർ പി.വി.കൃഷ്ണറെഡ്ഡി പറഞ്ഞു.
ഈ പാതയിൽ രണ്ട് ഇരട്ടത്തുരങ്കങ്ങളും നിർമ്മിക്കുന്നുണ്ടെന്ന് എംഇഐൽ വക്താവ് പറഞ്ഞു. ആദ്യ തുരങ്കത്തിന് 435 മീറ്ററും രണ്ടാമത്തേതിന് 1.9 കിലോമീറ്ററും ദൈർഘ്യമുണ്ട്. 300 മീറ്റർ നീളമുള്ള 5 പാലങ്ങളും ഈ ഭാഗത്തുണ്ട്. മലയിടിച്ചിൽ തടയാനുള്ള മാർഗങ്ങളും സജ്ജീകരിക്കും.
സോജില ടണലിൽ രണ്ടുവരിപ്പാതയാണ് നിർമ്മിക്കുന്നത്. കുതിരലാടത്തിന്റെ ആകൃതിയിലായിരിക്കും ടണൽ. ടണലിനു മുൻപിലായി 2.3 കിലോമീറ്റർ നീളമുള്ള ഒരു കവറിങ് ടണലും കോൺക്രീറ്റു കൊണ്ട് നിർമ്മിക്കുന്നുണ്ടെന്ന് കരാറുകാർ പറയുന്നു. നീണ്ട ടണലിൽ വായുസഞ്ചാരമുറപ്പാക്കാൻ കൂറ്റൻ വെന്റിലേഷൻ ഷാഫ്റ്റുകൾ, ഹിമപാതം തടയാൻ കാച്ച് ഡാമുകൾ, പ്രതിരോധ മതിലുകൾ, ആറു കിലോമീറ്റർ ദൈർഘ്യത്തിൽ ഡിഫ്‌ളക്ടർ ഡാമുകൾ തുടങ്ങിയവയും നിർമ്മിക്കും.
സമുദ്രനിരപ്പിൽനിന്ന് 11,578 അടി ഉയരത്തിലാണ് സോജില തുരങ്കം നിർമ്മിക്കുന്നത്. കനത്ത മഞ്ഞുകാറ്റും അടിക്കടി ഹിമപാതങ്ങളുമാണ് ഏറ്റവും വലിയ വെല്ലുവിളി. യന്ത്രസാമഗ്രികൾ സൂക്ഷിക്കാനും ജീവനക്കാരെ സംരക്ഷിക്കാനും അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കി. 8 മാസത്തോളമുള്ള മഞ്ഞുവീഴ്ചയ്ക്കു പുറമേ ടണലിന്റെ അലൈന്മെന്റ് ശക്തമായ വെള്ളപ്പാച്ചിലുള്ള ഭാഗത്തു കൂടിയാണ് എന്നതും പ്രതിസന്ധിയാണ്.
ന്യൂസ് ഡെസ്ക്