രിക്കലെങ്കിലും സൈക്കിളിൽ ലോകം ചുറ്റുകയെന്നത് ഇംഗ്ലണ്ടിലെ സുവാ കൗപ്പെ(65)യുടെയും ഭാര്യ കരോൾ കൗപ്പെയുടെയും(63) തീരാ മോഹമായിരുന്നു. ഇപ്പോൾ ആ ആഗ്രഹം സഫലമായിക്കൊണ്ടിരിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ന്യൂസിലാൻഡ്, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലാൻഡ്, ശ്രീ ലങ്ക, കോസ്റ്റ റിക്ക, തുടങ്ങിയ നിരവധി രാജ്യങ്ങളിലൂടെ സൈക്കിളോടിച്ച് ഇരുവരും ഇപ്പോൾ കേരളത്തിലെത്തിയിരിക്കുകയാണ്. കോഴിക്കോട് സന്ദർശിച്ച ഇരുവരും നിലവിൽ മലപ്പുറത്താണുള്ളത്. ഇത് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണെന്നാണ് മലപ്പുറത്തിന്റെ സ്‌നേഹം ആവോളം നുകർന്ന് ഈ ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നത്.

ലോക പര്യടനത്തിന്റെ ഭാഗമായിയ അവർ കഴിഞ്ഞ ആഴ്ചയായിരുന്നു മലപ്പുറത്ത് എത്തിയിരുന്നത്. ബ്രിട്ടനിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തിലാണ് ദമ്പതികൾ ജോലി ചെയ്യുന്നത്.ബ്രിട്ടനിൽ വിന്റർ ശക്തമായതിനെ തുടർന്ന് ഇരുവരും ആഗോള പര്യടനത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. കടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി അടുത്തിടപഴകാനും അവിടുത്തെ സംസ്‌കാരത്തെ മനസിലാക്കാനും സൈക്കിൾ യാത്രയാണ് ഏറ്റവും അനുയോജ്യമായതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തങ്ങൾ സഞ്ചാരത്തിനായി സൈക്കിൾ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് ദമ്പതികൾ വെളിപ്പെടുത്തുന്നത്.

സൈക്കിളോടിക്കുന്നതിലൂടെ തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ആത്യന്തിക ലക്ഷ്യമുണ്ടെന്നും അവർ വിശദീകരിക്കുന്നു. ദിവസത്തിൽ 80 കിലോമീറ്ററാണ് ഇവർ സൈക്കിളോടിക്കുന്നത്. പൂർണമായും സസ്യാഹാരം കഴിക്കുന്ന ഇവർ മദ്യം കൈകൊണ്ട് തൊടാറില്ല. ഇതാണ് തങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഇവർ വിശ്വസിക്കുന്നു. ഈ സന്ദേശംലോകമാകമാനം ഈ യാത്രക്കിടെ ഇവർ പ്രചരിപ്പിക്കുന്നുമുണ്ട്.

എല്ലാ വിധ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കൊണ്ടാണ് ഈ ദമ്പതികളുടെ യാത്ര. കേരളത്തിലെത്തിയ ഇവർക്ക് ഇവിടുത്തെ മട്ട അരിയുടെ ചോറ് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്.. മലയാളികൾക്ക് നല്ല സ്വഭാവവും സഹായിക്കാനുള്ള മനസുമുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. 62 ൽ അധികം ദിവസങ്ങളായിരിക്കും ഇവർ ഇനി ഇന്ത്യയിലുണ്ടാകുക. ഗോവയിലൂടെയാണ് ഉത്തരേന്ത്യയിലേക്ക് പ്രവേശിക്കുന്നത്.