- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വേദനിപ്പിക്കാൻ' സൂചിയില്ല; ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തി വിടും; ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ; 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും നൽകാം; സൈകോവ്ഡി വാക്സിൻ സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് 19 ഡിഎൻഎ വാക്സിൻ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി.
മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ കുത്തിവെപ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കുത്തിവെപ്പെടുക്കാൻ ഒരു വാക്സിന് അനുമതി ലഭിക്കുന്നത്.
മൂന്നു ഡോസ് എടുക്കേണ്ട വാക്‌സീന്, 28,000ലധികം പേരിൽ നടത്തിയ പരീക്ഷണത്തിൽ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു.
സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്‌സീന്റെ പ്രത്യേകത. സൂചിരഹിത സംവിധാനമായതിനാൽ പാർശ്വഫലങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
India is fighting COVID-19 with full vigour. The approval for world's first DNA based ‘ZyCov-D' vaccine of @ZydusUniverse is a testimony to the innovative zeal of India's scientists. A momentous feat indeed. https://t.co/kD3t7c3Waz
- Narendra Modi (@narendramodi) August 20, 2021
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിജിഐ അനുമതി നൽകിയത്.
പ്രതിവർഷം 100 ദശലക്ഷം ഡോസ് മുതൽ 120 ദശലക്ഷം ഡോസ് വരെ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്സിൻ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു.
കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎൻഎ വാക്സിൻ ആണ് സൈകോവ്-ഡി. രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീൻ ഉണ്ടാക്കാൻ വൈറസിൽ നിന്നുള്ള ജനിതക വസ്തുക്കളുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു.
ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുമായി ചേർന്നാണ് വാക്സിന്റെ ഉത്പാദനം. ഭാരത് ബയോടെകിന്റെ കോവാക്സിന് ശേഷം ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി.
മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽകാനാണ് വിദഗ്ധ സമിതി നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാകിസിനേഷന്റെ ഫലം സംബന്ധിച്ച കൂടുതൽ രേഖകൾ കമ്പനിയോട് സമിതി തേടിയിട്ടുണ്ട്.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, റഷ്യയുടെ സ്പുട്‌നിക്, യുഎസ് നിർമ്മിത മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ അഞ്ച് കോവിഡ് വാക്‌സീനുകൾക്കാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.
ന്യൂസ് ഡെസ്ക്