പത്തനംതിട്ട: ലൈസൻസ് പോലുമില്ലാത്ത വിദ്യാർത്ഥികളുടെ കൈവശം ഇരുചക്രവാഹനം കൊടുത്ത് സ്‌കൂളിലേക്ക് വിടുന്ന രക്ഷിതാക്കൾക്ക് വീണ്ടും പാഠമായി ഒരു അപകടമരണം. ഒരു ബൈക്കിൽ മൂന്നുപേർ ചേർന്ന് പായും വഴി എതിരേ വന്ന സ്‌കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മറ്റു രണ്ടുപേർക്കും ഗുരുതര പരുക്ക്. കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കലഞ്ഞൂർ വാഴപ്പാറ ഉടയൻ ചിറയിൽ സിന്ധുവിന്റെ മകൻ ആദർശ് (14) ആണ് മരിച്ചത്. ഇന്ന് (വെള്ളി) വൈകിട്ട് 4.10 കലഞ്ഞൂർ-വാഴപ്പാറ റോഡിൽ ഡിപ്പോ ജങ്ഷനു സമീപമാണ് അപകടം.

പത്തനാപുരത്തെ സ്വകാര്യ സ്‌കൂൾ ബസ് കലഞ്ഞൂരിലേക്ക് വരുമ്പോൾ വാഴപ്പാറയിലേക്ക് പോകുകയായിരുന്ന ആദർശും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ആദർശ് മരിച്ചത്. സുഹൃത്ത് വിമൽ കെ പ്രസാദിനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്ക് ഓടിച്ചിരുന്ന മറ്റൊരു സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂടൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.