കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള മകനൊപ്പം താമസിച്ചുവന്ന വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാഴി പനയിനം വാർഡിൽ കാഞ്ഞിരവിള വീട്ടിൽ 100 വയസ് പ്രായമുള്ള ജാനകി അമ്മയുടെ മൃതശരീരം ആണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. ഏകദേശം അഞ്ച് ദിവസത്തോളം പഴക്കം ചെന്ന് പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ജാനകിഅമ്മയെ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പുറത്തേയ്ക്ക് കാണാറില്ലായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. എന്നാൽ സമീപത്ത് തന്നെ താമസിച്ചിരുന്ന മക്കളാരും അവരെ അന്വേഷിച്ച് ചെന്നിരുന്നില്ല.

ആറ് മക്കളും അവരുടെ കൊച്ചുമക്കളുമുള്ള ജാനകി അമ്മയുടെ മൂന്ന് മക്കൾ മരണപ്പെട്ടിരുന്നു. മാനസികാസ്വസ്ഥ്യം ഉള്ള ഇളയ മകൻ സുരേന്ദ്രന് ഒപ്പം ആയിരുന്നു ജാനകി അമ്മയുടെ താമസം. അമ്മ മരിച്ച വിവരം സുരേന്ദ്രൻ ആരെയും അറിയിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് അമ്മ പുഴുവരിച്ച് കിടക്കുന്ന കാര്യം സുരേന്ദ്രൻ പുറത്ത് പറയുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അശോകൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ ബെൻസി തോമസ് എന്നിവർ സ്ഥലത്ത് എത്തുകയും കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കുന്നിക്കോട് പൊലീസ് സ്ഥലത്ത് എത്തി തുടർനടപടി സ്വീകരിച്ച് ജാനകി അമ്മയുടെ മൃതശരീരം കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.