- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തിപ്പെടുത്തലിലും അപമാനിക്കലിലും വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യ വിരുദ്ധം; ഐടി ആക്ട് 66എ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിൽ ആയേനേ എന്ന പി രാജീവിന്റെ നിലപാട് ചർച്ചയാക്കി സോഷ്യൽ മീഡിയ; 118 എ വകുപ്പിൽ പ്രതിഷേധം അലയടിക്കുന്നു
തിരുവനന്തപുരം: വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി പ്രാബല്യത്തിലാകുമ്പോൾ ഉയരുന്നത് വ്യാപക പ്രതിഷേധം. ഇതുസംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ശക്തമാണ്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതു തടയാനെന്നു ചൂണ്ടിക്കാട്ടി കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കുകയായിരുന്നു. ഇതാണ് വിമർശന വിധേയമാകുന്നത്. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. പൊലീസിൽ സൈബർ ഡോമുമുണ്ട്. സർക്കാരിന് ഇഷ്ടമില്ലാത്തവർ ഇടുന്ന പോസ്റ്റുകൾക്ക് എതിരെ കേസെടുക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം.
അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഭേദഗതി കൊണ്ടുവന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടെന്ന ആരോപണം അതിശക്തമാണ്. സർക്കാരിനെതിരെ നിലപാട് എടുക്കുന്നവരെ കുടുക്കാനാണെന്ന് ആരോപണമുണ്ട്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് തുടങ്ങിയ സംഘടനകൾ ഓർഡിനൻസിനെതിരെ പര്യമായി രംഗത്തുവന്നിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി 2015 ൽ ഐടി ആക്ട് 66 എ വകുപ്പിനൊപ്പം പൊലീസ് ആക്ടിലെ 118 ഡി എടുത്തുകളഞ്ഞത്. അതേ 118ാം വകുപ്പിലാണ് പുതിയ ഭേദഗതി കൂട്ടിച്ചേർത്തിരിക്കുന്നത്. പ്രസ്താവന, അഭിപ്രായപ്രകടനം, ഫോൺവിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടർന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇ മെയിൽ വഴിയോ അസഭ്യമായ രീതിയിൽ ശല്യപ്പെടുത്തിയാൽ 3 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമായിരുന്നു 118 ഡി. പുതിയ നിയമവും സമാനമാണെന്ന വിമർശനമാണ് ഉയരുന്നത്.
അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവ വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധം എന്നാണ് ഉയരുന്ന പൊതു വികാരം. സമൂഹമാധ്യമങ്ങൾക്കു പുറമേ എല്ലാത്തരം മാധ്യമങ്ങൾക്കും ബാധകമെന്നതിനാൽ മാധ്യമസ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകും. സർക്കാർ വിരുദ്ധരെന്ന് പറയുന്ന മാധ്യമങ്ങളേയും കേസിൽ കുടുക്കാം.
ആരെയെങ്കിലും അപകീർത്തിപ്പെടുത്താൻ ഉദ്ദേശ്യമുണ്ടെന്നു പൊലീസിനു തോന്നിയാൽ പോലും നടപടിയെടുക്കാമെന്നതാണ് വിചിത്ര നിയമത്തിൽ ഏറ്റവും വിമർശന വിധേയും. മുൻപു റദ്ദാക്കിയ ഐടി ആക്ട് 66 എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലുണ്ടായിരുന്ന അവ്യക്തത ഇതിലും തുടരുകയാണ്. ഐടി ആക്ടിലെ 66 എയെ അതിശക്തമായി സിപിഎം വിമർശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണിതെന്നും സിപിഎം വാദിച്ചിരുന്നു. അങ്ങനെയുള്ള സിപിഎമ്മാണ് അതിലും കിരാതമായ നിയമ നിർമ്മാണം നടത്തുന്നത്.
ശബരിമലയിലും സ്വർണ്ണ കടത്തിലും സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ സർക്കാരിന് വിനയായിരുന്നു. ഇത്തരം വിമർശനങ്ങൾ ഇനിയുണ്ടാകില്ലെന്ന് തടയാനാണ് പൂതിയ ഭേദഗതിയെന്ന വിലയിരുത്തലും സജീവമാണ്. തിരുവനന്തപുരംന്മ ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച സിപിഎം ആണ് കേരള പൊലീസ് ആക്ടിൽ അതിനെക്കാളും ജനാധിപത്യവിരുദ്ധമായ നിയമം എഴുതിച്ചേർക്കുന്നതെന്ന വിമർശനവുമായി ചർച്ച സജീവാക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങളും.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് യുഎപിഎ, ഐപിസി 124എ എന്നിവയ്ക്കൊപ്പം റദ്ദാക്കപ്പെടേണ്ട വകുപ്പായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499 പാർട്ടി ഉയർത്തിക്കാട്ടിയത്. എന്നാൽ ഐപിസി 499നെക്കാൾ കേരള പൊലീസ് ആക്ട് 118എ അപകടകരമാകുന്നത് അതിന്റെ കോഗ്നിസിബിൾ സ്വഭാവം മൂലമാണ്. ഐപിസി 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ കോഗ്നിസിബിൾ ആയതിനാൽ തുടർനടപടിക്കു മജിസ്ട്രേട്ടിന്റെ അനുവാദം വേണം.
എന്നാൽ സംസ്ഥാനം കൊണ്ടുവന്ന വകുപ്പ് കോഗ്നിസിബിൾ ആയതിനാൽ ഒരു പരാതിക്കാരൻ പോലുമില്ലാതെ പൊലീസിനു സ്വമേധയാ കേസെടുക്കാൻ കഴിയും. ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തുകളഞ്ഞത് ഏറ്റവുമാദ്യം സ്വാഗതം ചെയ്ത പാർട്ടികളിലൊന്ന് സിപിഎം ആയിരുന്നു. ഇതേ വിധിയിലാണ് കേരള പൊലീസ് ആക്ടിലെ 118ഡി വകുപ്പും എടുത്തുകളഞ്ഞത്. നാഴികക്കല്ലാകുന്ന വിധിയെന്നാണ് അന്ന് പൊളിറ്റ് ബ്യൂറോ ഇതിനെ വിശേഷിപ്പിച്ചത്.
സർക്കാരുകൾക്കെതിരെ അഭിപ്രായം ഉന്നയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ 66എ ഉപയോഗിക്കുന്നതിനെ പാർട്ടി പലവട്ടം അപലപിക്കുകയും ചെയ്തു. പാർലമെന്റിൽ ഈ വിഷയം പ്രമേയമായി അവതരിപ്പിച്ചത് സിപിഎമ്മിലെ പി.രാജീവ് ആയിരുന്നു. സർക്കാരിനെതിരെ നിലപാടെടുത്തവരെ 66എ വച്ച് കുരുക്കിയ മമത ബാനർജി ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് സുപ്രീം കോടതിയിൽ നിന്ന് കൃത്യമായ സന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ അന്നത്തെ പ്രതികരണം. സീതാറാം യച്ചൂരിയാകട്ടെ കോടതിവിധിയെ വിശേഷിപ്പിച്ചത് 'വലിയ ആശ്വാസ'മെന്നും-ഇതു സംബന്ധിച്ച് പഴയ കാര്യങ്ങൾ വിശദീകരിച്ച് മനോരമയും അതിശക്തമായ നിലപാട് എടുക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവ് ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ഫേസ്ബുക്കിൽ എഴുതിയതിങ്ങനെ'ഐടി ആക്ട് 66എ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ ഇന്ത്യയിൽ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനേ. കോടതി അലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ ജയിലിലേക്ക് അയയ്ക്കാൻ എളുപ്പത്തിൽ കഴിയുമായിരുന്നു.' യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കൈകാര്യം ചെയ്ത സംഭവത്തിനു ശേഷം ഐടി ആക്ട് 66എ പുനഃസ്ഥാപിക്കണമെന്ന് വാദം ഉയർത്തിയവർക്കെതിരെയായിരുന്നു കുറിപ്പ്. രാജീവിന്റെ കുറിപ്പ് വന്ന് ഒരു മാസം തികയുന്നതിനു മുൻപു തന്നെ 66എ വകുപ്പിനെ വെല്ലുന്ന നിയമഭേദഗതിയുമായി എത്തിയത് അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരാണെന്ന് മനോരമ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് രാജീവ്.
എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകളാണ് 66എയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ഭരണഘടനയിൽ അനുഛേദം 19(2)ലെ യുക്തിപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണെന്നുമായിരുന്നു രാജീവിന്റെ വാദം. ഇതേ വിമർശനം പുതിയ ഓർഡിനൻസിനു ബാധകമായതിനാൽ ഇടതുപക്ഷമെന്ന നിലയിൽ ഇതിനെയെങ്ങനെ വിലയിരുത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ