ചെന്നൈ: തമിഴ്‌നാട്ടിൽ ചെങ്കൽപേട്ട് ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഇന്നലെ 13 രോഗികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതൽ മെഡിക്കൽ ഐസിയുവിലടക്കം മൂന്ന് വ്യത്യസ്ത ബ്ലോക്കുകളിലായി രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും ജില്ലാ ഭരണകൂടം ആരോപണങ്ങൾ നിഷേധിച്ചു.

ആശുപത്രിയിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും വിതരണ ലൈനിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് സംഭവമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മരിച്ചവരിൽ ഒരാൾ മാത്രമാണ് കോവിഡ് രോഗിയെന്നും ജില്ലാ കളക്ടർ എ. ജോൺ ലൂയിസ് വിശദീകരിച്ചു. സാങ്കേതിക പ്രശ്‌നം ഇതിനകം പരിഹരിച്ചിട്ടുണ്ടെന്നും തകരാറിനുള്ള കാരണം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ ആശുപത്രിയിൽ ചൊവ്വാഴ്ച ഓക്സിജൻ വീണ്ടും നിറയ്ക്കുന്നതിൽ കാലതാമസമുണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ വരേണ്ട ടാങ്കർ വൈകുന്നേരം 4 മണി വരെ എത്തിയിരുന്നില്ലെന്നും അതിനാൽ വിതരണം തടസ്സപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ.