- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
കൊച്ചി: സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതാണ് തന്നെ ക്രൂര മർദ്ദനത്തിനിരയാക്കിയതെന്ന് മർദ്ദനമേറ്റ 17 കാരൻ. ഏതാനം ദിവസം മുൻപ് സുഹൃത്തിന്റെ സഹോദരി വീട്ടിൽ മിക്കപ്പോഴും പ്രത്യേക ഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും അത് കഞ്ചാവിന്റെതാണോ എന്നും 17 കാരനോട് ചോദിച്ചിരുന്നു. തന്റെ സഹോദരൻ അത്തരത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോ എന്നറിയമമെന്നും വാശി പിടിച്ചപ്പോൾ ഉപയോഗിക്കുന്ന വിവരം പറഞ്ഞു. ഇക്കാര്യം വീട്ടിൽ പറയരുതെന്ന് പ്രത്യേകം പറഞ്ഞെങ്കിലും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇക്കാര്യം മകനോട് ചോദിച്ചതോടെയാണ് ഇതിന് പിന്നിൽ 17 കാരനാണെന്ന് സുഹൃത്ത് മനസ്സിലാക്കിയത്. പിന്നീടാണ് മറ്റു സുഹൃത്തുക്കളെക്കൂടി വിളിച്ചു കൂട്ടി മർദ്ദനം നടത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് 17 കാരനെ സുഹൃത്തുക്കൾ ഗ്ലാസ്സ് ഫാക്ടറിക്ക് സമീപം കാടു പിടിച്ചു കിടക്കുന്ന ഉപയോഗ ശൂന്യമായി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ടെറസ്സിന് മുകളിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഈ കെട്ടിടത്തിൽ ഇരുന്നാണ് പ്രദേശത്തുള്ളവർ ലഹരി ഉപയോഗിക്കുന്നത്. 17 കാരനെ സുഹൃത്തുക്കൾ ആദ്യം ഇട്ടിരുന്ന ഷർട്ട് അഴിപ്പിച്ചു. മൊബൈൽ ഫോൺ വാങ്ങി മാറ്റി വച്ചു. പിന്നീട് മർദ്ദന മുറകൾ ആരംഭിക്കുകയായിരുന്നു. സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം. ചാടി വന്ന് കാലു മടക്കി തലയ്ക്ക് ചവിട്ടൽ. സിമന്റ് തറയിൽ മെറ്റൽ കൂട്ടിയിട്ട് മുട്ടുകാലിൽ നിർത്തി രണ്ടു പോർ തോളിൽ കയറി ഇരുന്നു. മറ്റൊരാൾ കുനിച്ചു നിർത്തി നട്ടെല്ലിന് ഇടിക്കുന്നുമുണ്ടായിരുന്നു. ഉച്ചയക്ക് ഒന്നര മണിക്ക് തുടങ്ങിയ മർദ്ദനം മൂന്നര മണി വരെ നീണ്ടു പിന്നീട് വിട്ടയക്കുകയായിരുന്നു.
മർദ്ദന ദൃശ്യങ്ങൾ എല്ലാം പകർത്തിയത് അഖിൽ എന്ന് 18 വയസ്സുകാരനായിരുന്നു. ഇയാളുടെ മൊബൈൽ നിന്നാണ് ദൃശ്യങ്ങൾ പിന്നീട് മർദ്ദനമേറ്റ കുട്ടിയുടെ ബന്ധുക്കൾ കണ്ടെടുക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും. ഇതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. മർദ്ദനമേറ്റ കുട്ടി അന്ന് വീട്ടിലെത്തി വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പതിവില്ലാതെ നേരത്തെ കിടന്നതിനാൽ മാതാവ് നിർബന്ധിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പിറ്റേന്നാണ് ബന്ധുക്കൾ അഖിലിന്റെ മൊബൈലിൽ നിന്നും ദൃശ്യങ്ങൾ കണ്ടെടുക്കുന്നതും. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദനമേറ്റ 17 കാരൻ. പിതാവ് ഓട്ടോ റിക്ഷാ തൊഴിലാളിാണ്. മാതാവ് കൂലിപ്പണിക്കും പോയാണ് കുടുംബം പുലർത്തുന്നത്.
കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി പരിസരത്ത് വലിയ രീതിയിൽ കഞ്ചാവ്, മയക്കു മരുന്ന് മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണ്. ഈ ഭാഗത്തേക്ക് പൊലീസിന് പോകാൻ ഭയമാണ്. കാരണം വലിയ അക്രമ വാസനകൾ ഉള്ളവരാണ് ഇവിടെയുള്ള ലഹരി ഉപയോഗിക്കുന്നവർ. പലപ്പോഴും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ അടുത്തിടെ കളമശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ ദേശീയപാതയിൽ കൂടി പോയ വാഹനങ്ങൾക്ക് നേരെ ലഹരി ഉപയോഗിച്ച് ബോധം പോയ യുവാക്കൾ കല്ലെറിഞ്ഞ് ചില്ലു തകർത്തിരുന്നു. പൊലീസ് ലഹരി മാഫിയകൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും യഥേഷ്ടം ലഹരിമരുന്ന് കൊച്ചിയിൽ ലഭ്യമാണ്.
മർദ്ദനവമേറ്റ പതിനേഴുകാരൻ ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ എത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ജെ.ജെ ആക്ട് പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ നൽകാൻ ശുപാർശ നൽകുമെന്നാണ് അറിയിച്ചത്. മർദ്ദനം നടത്തിയ വരെ കഴിഞ്ഞ ദിവസം തന്നെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഒരാളൊഴികെ ബാക്കി എല്ലാവരും പ്രായപൂർത്തിയാവാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഇനി ജുവനൈൽ ജസ്റ്റിസ് ബോർഡാണ് നടപടികൾ സ്വീകരിക്കേണ്ടത്.