- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് വിചിത്രങ്ങളായ മുന്നു കേസുകളുമായി; പണിമുടക്കിയവർക്ക് ശമ്പളം, നിയമസഭ അക്രമകേസ് പിൻവലിക്കൽ, താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ; മൂന്നു കേസുകളിലും സർക്കാറിന് തിരിച്ചടിയായത് ഹൈക്കോടതിയുടെ നീരീക്ഷണങ്ങൾ; ഖജനാവിനെ വെളുപ്പിക്കുന്ന മുന്നു കേസുകളെക്കുറിച്ചറിയാം
സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് വിചിത്രങ്ങളായ മുന്നു കേസുകളുമായി; പണിമുടക്കിയവർക്ക് ശമ്പളം,നിയമസഭ അക്രമകേസ് പിൻവലിക്കൽ,താൽക്കിലക്കാരുടെ സ്ഥിരപ്പെടുത്തൽ; മൂന്നു കേസുകളിലും സർക്കാറിന് തിരിച്ചടിയായത് ഹൈക്കോടതിയുടെ നീരീക്ഷണങ്ങൾ; ഖജനാവിനെ വെളുപ്പിക്കുന്ന മുന്നു കേസുകളെക്കുറിച്ചറിയാം
തിരുവനന്തപുരം: കേൽക്കുന്ന ഏതൊരാൾക്കും വിചിത്രമെന്ന് തോന്നാവുന്നു മൂന്നുകേസുകളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നടത്തുന്നത്. കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോഴാണ് ഖജനാവിൽ നിന്ന് പണം മുടക്കി ജനോപകാരപ്രദമല്ലാത്ത ജനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ലാത്ത മൂന്നുകേസുകൾ സർക്കാർ നടത്തുന്നത്.നിയമസഭ അക്രമക്കേസ് പിൻവലിക്കൽ, താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജ്ജി, പണിമുടക്കിയവർക്ക് ശമ്പളത്തോടെ അവധി നൽകരുത് എന്ന ഉത്തരവിനെതിരേ. ഈ മൂന്ന് കേസുകളും ആരുടെ താൽപ്പര്യമാണെന്നും ആർക്കൊക്കെ ഉപകാരപ്പെടും എന്നത് പകൽ പോലെ വ്യക്തം.
പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകണം
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയഹൈക്കോടതി ഉത്തരവിനെതിരേയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്ന് സംസ്ഥാന സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2019 ജനുവരി 8, 9 തീയതികളിൽ നടന്ന ദേശിയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും, പൊതുഭരണ, ധനകാര്യ സെക്രട്ടറിമാരും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പണിമുടക്കിൽ പങ്കെടുത്തുള്ളവർക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട് എന്ന് അപ്പീലിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഫീസിൽ ഹാജരാകാത്ത എല്ലാവരും പൊതു പണിമുടക്കിനോട് യോജിപ്പ് ഉള്ളവർ ആയിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാലും ചിലർക്ക് ഓഫീസിൽ എത്താൻ ആയില്ല. കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുന്നവർക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്. ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശി ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ അനുവദിക്കണം
സർക്കാർ സർവീസിൽ താത്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള ചീഫ് സെക്രട്ടറി നൽകിയ ഹർജിയാണ് മറ്റൊന്ന്. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശിച്ചതിലാണ് എതിർപ്പെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിയുടെ അന്തസത്തയോട് തനിക്ക് വിയോജിപ്പ് ഇല്ലെന്നും ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദ്ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. ഒരു തസ്തികയിൽ ഏറെ നാൾ ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഹൈക്കോടതി തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവ് നടപ്പിലാക്കാനുള്ള നിർദ്ദേശം നൽകിയതെന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് നിയമപരവും ഭരണപരവും ആയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹൈക്കോടതി വിധിയുടെ മറ്റ് ഭാഗങ്ങളെ ഇപ്പോൾ എതിർക്കുന്നില്ല എന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. കേസിലെ എതിർ കക്ഷികൾക്ക് മറുപടി നൽകാൻ ആറ് ആഴ്ചത്തെ സമയം ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുവദിച്ചിരിക്കുന്നത്.
നിയമസഭ അക്രമക്കേസ് പിൻവലിക്കാൻ മന്ത്രിയും മുന്മന്ത്രിമാരും
നിയമസഭാ അക്രമ കേസ് പിൻവലിക്കാനുള്ള തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതാണ് വിചിത്രമായ മൂന്നാമത്തെ കേസ്.ഇതിന് പിന്നാലെയാണ് അപ്പീലുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും. മുൻ മന്ത്രിമാരായ കെടി ജലീൽ, ഇപി ജയരാജൻ എന്നിവരും കോടതിയിൽ അപ്പീൽ നൽകി. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു.
2015ൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ തടയാനായി ഇടത് എംഎൽഎമാർ സഭയിലെ നിരവധി വസ്തുക്കൾ തകർത്തു. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി സ്പീക്കറുടെ കസേരയടക്കം നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ് അക്രമം നടത്തി. ഈ കേസാണ് സർക്കാർ പിൻവലിക്കാൻ നീക്കം നടത്തിയത്.
കേസിൽ ഇപി ജയരാജൻ, കെടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്റോൺമെന്റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്
മറുനാടന് മലയാളി ബ്യൂറോ