- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാഭരണ പാതയിലെ പാലത്തിന്റെ അടിയിൽ നിന്ന് ഏഴു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി; പഴകിയതെന്ന് പൊലീസ്; ശബരിമലയിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമേറിയതെന്ന് ബിജെപി; കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അതീവജാഗ്രതയിൽ
പത്തനംതിട്ട: ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പരമ്പരാഗത പാതയിലെ വടശേരിക്കര പേങ്ങോട്ട് കടവ് പാലത്തിന്റെ തൂണിന് അടിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഏഴു ജലാറ്റിൻ സ്റ്റിക്കുകളാണ് ചൊവ്വാഴ്ച രാവിലെ ഇവിടെ കുളിക്കാനിറങ്ങിയ നാട്ടുകാർ കണ്ടെടുത്തത്.
പേങ്ങോട്ടു കടവു പാലത്തിന്റെ അടിത്തറയോടു ചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചിരുന്നത്. രാവിലെ ഏഴുമണിയോടെയാണ് ഇവ നാട്ടുകാർ കണ്ടത്. പമ്പാനദിയിൽ വടശേരിക്കര ചന്തയോടു ചേർന്നാണ് പേങ്ങാട്ടുകടവ് പാലം. പാറ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന തരം ജലാറ്റിൻ സ്റ്റിക്കുകൾ പഴക്കം ചെന്നതാണെന്ന് പറയുന്നു. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിലാണ് ഇവ കണ്ടെത്തിയത്.
അട്ടിമറിയല്ലെന്നാണ് പ്രാഥമിക നിഗമനം. ഡോഗ്-ബോംബ് സ്‌ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, റാന്നി ഡിവൈ.എസ്‌പി മാത്യു ജോർജ്, ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. സുധാകര പിള്ള, റാന്നി പൊലീസ് ഇൻസ്പെക്ടർ എം.ആർ സുരേഷ്, എസ്‌ഐ.സേനൻ, ഐ.ബി, എസ്.എസ്.ബി, എസ്.ബി തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ശബരിമലയിൽ നടയടച്ചതിന് ശേഷം 21 ന് ഈ വഴിയാണ് തിരുവാഭരണ ഘോഷയാത്ര തിരികെ പന്തളത്തേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ഈ സംഭവം ഗൗരവത്തോടെ കാണണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്തു വന്നു. തിരുവാഭരണ പാതയായ പേങ്ങാട്ടുകടവ് പാലത്തിന്റെ അടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം ആശങ്കാ ജനകമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇതിന് ഒത്താശ ചെയ്യുന്നത് ഇടതു പക്ഷ സർക്കാരാണ്. പൊലീസും ഇന്റലിജൻസ് സംവിധാനവും തികഞ്ഞ പരാജയമാണ്. തിരുവാഭരണ ഘോഷയാത്ര തിരികെ വരാനുള്ള സാഹചര്യത്തിൽ ഏറെ ഭീതിയുണർത്തുന്ന വിഷയമാണിത്.
ജനാധിപത്യ കേരളത്തിൽ സമീപ കാലങ്ങളിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ആഭ്യന്തര വകുപ്പ് ഗൗരവപരമായി നടപടി സ്വീകരിക്കാത്തത് ഏറെ അപമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശേരിക്കര, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ്, ട്രഷറർ ആർ. ഗോപാലകൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന എം. നായർ, മണ്ഡലംസെക്രട്ടറി മനീഷ് പെരുനാട് എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്