പത്തനംതിട്ട: പോസ്റ്റ്മിസ്ട്രസായിരിക്കേ വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിലെ പ്രതിയെ വിരമിച്ചു കഴിഞ്ഞതിന് ശേഷം ശിക്ഷിച്ച് കോടതി. പുറമറ്റം സബ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മിസ്ട്രസായിരുന്ന പുല്ലാട് കുറവൻകുഴി സ്വദേശി ശാന്ത(66)യെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

ഏഴു വർഷം തടവും മൂന്നുലക്ഷം രൂപയുമാണ് ശിക്ഷ. 2004 സെപ്റ്റംബർ ഒന്ന് മുതൽ 2006 ജനുവരി ആറു വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. കോയിപ്രം പൊലീസ് 2006 ലാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റ് ഓഫീസ് അക്കൗണ്ടിലും നിക്ഷേപകരിൽ ചിലരുടെയും അക്കൗണ്ടുകളിലും നിന്ന് കൃത്രിമ രേഖ ചമച്ചും രേഖകളിൽ കൃത്രിമത്വം കാട്ടിയും 2.72 ലക്ഷം രൂപ അപഹരിച്ചെന്നായിരുന്നു കേസ്. 409 ഐ പി സി ക്ക് മൂന്നു വർഷവും രണ്ടര ലക്ഷം രൂപ പിഴയും, 468, 471 ഐ പി സി പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വീതം നാല് വർഷവും 25000 രൂപ, വീതം 50000 രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ വേറെ തടവ് അനുഭവിക്കണം.

ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. എസ്ഐയായിരുന്ന ബേബി ചാൾസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസിൽ അന്നത്തെ ഡിവൈ എസ്‌പി സാബു പി ഇടിക്കുളയാണ് കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ആർ. പ്രദീപ് കുമാർ ആർ ഹാജരായി.