- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ കടന്നു പിടിച്ചത് ബസിൽ കയറുന്ന തിരക്കിനിടെ; അപമാനിക്കപ്പെട്ട വിവരം അമ്മയോട് പറഞ്ഞു; പൊലീസിന്റെ മാരത്തോൺ അന്വേഷണം; 36 മണിക്കൂറിന് ശേഷം അറസ്റ്റിലായത് എഴുപതുകാരൻ: സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത് അടൂർ പൊലീസ്
അടൂർ: മാതാവിനൊപ്പം ബസിൽ കയറാൻ നിന്ന വിദ്യാർത്ഥിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച കേസിൽ 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെറുമകളുടെ പ്രായമുള്ള യുവതിയെ അപമാനിച്ച വള്ളിക്കോട് മാമൂട് കുടമുക്ക് ചാരുവിളയിൽ (ശ്രീജിത്ത് ഭവനം) കൃഷ്ണൻ കുട്ടിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10 നാണ് സംഭവം. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുവാൻ ടൗണിൽ പഴയ എസ്ബിറ്റിക്ക് സമീപത്തു നിന്നു ബസ് കയറുന്നതിനിടയിലാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്ക് കാരണം ബസിൽ കയറുന്നതിനെ മാതാവിൽ നിന്ന് വേർപെട്ട് അൽപ്പം പിന്നിലായിപ്പോയി. ഈ തിരക്കിനിടയിൽ അതേ ബസിൽ വന്നിറങ്ങിയ ആൾ യുവതിയെ കടന്ന് പിടിച്ച് അപമാനിച്ച ശേഷം കടന്നു കളയുകയായിരുന്നു. ആദ്യം ഭയന്നു പോയ യുവതി മനഃസാന്നിധ്യം വീണ്ടെടുത്തു ബസിൽ കയറി അമ്മയോട് കാര്യം പറഞ്ഞു.
അപ്പോഴേക്കും ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടിരുന്നു. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ബസ് നിർത്തി ടൗണിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനോട് വിവരം പറഞ്ഞു. എന്നിട്ട് യുവതി മാതാവിനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഉടൻ തന്നെ എസ്ഐ മനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഒരു പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർത്ഥിയെ അപമാനിക്കുന്ന രംഗം കിട്ടി. അനശ്വര ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി സംഭവ ശേഷം ഓടിമാറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കണ്ടെത്തി. റോഡിന്റെ എതിർവശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാൾ ഈ സമയം പ്രൈവറ്റ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഏതോ ഒരു പ്രൈവറ്റ് ബസ്സിൽ കയറി പോകുന്നതും കണ്ടു.
തുടർന്ന് ആ സമയം പുറപ്പെട്ട പത്തോളം ബസുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി കയറിയത് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസ് ആണെന്ന് മനസിലാക്കിയ പൊലീസ് അടൂർ മുതൽ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിച്ചു. പ്രതി തോലുഴം ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചതോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഉപദ്രവിക്കപ്പെടുന്ന സമയം പ്രതികരിക്കാത്തതാണ് പല പ്രതികളും രക്ഷപ്പെട്ട് പോകുന്നതിന് കാരണമെന്ന് അടൂർ ഇൻസ്പെക്ടർ ടി.ഡി പ്രജീഷ് പറഞ്ഞു. എസ്ഐ മനീഷ്, സി.പി.ഓ അൻസാജു, അനുരാഗ് മുരളീധരൻ, രതീഷ് ചന്ദ്രൻ,സനൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്