2001 സെപ്റ്റംബർ 11, ലോകമാകെത്തന്നെ ഞെട്ടിത്തെറിച്ച ദിവസമായിരുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളിലെ പതിവു കാഴ്‌ച്ചകളായിരുന്ന തീവ്രവാദി ആക്രമണങ്ങളെ പോലെ മറ്റൊരു ആക്രമണമായിരുന്നില്ല അന്ന് നടന്നത്. തികച്ചും അഭേദ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന അമേരിക്കയുടേ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളായിരുന്നു അന്ന് തകർന്നടിഞ്ഞത്. സ്വന്തം മുറ്റത്ത് കയറി അമേരിക്കയെ വെല്ലുവിളിച്ച ബിൻ ലാഡൻ എന്ന ഇസ്ലാമിക തീവ്രവാദിയുടെ നടപടിയിൽ ആദ്യം അമേരിക്ക ഒന്നു പകച്ചെങ്കിലും പിന്നീടുണ്ടായ സംഭവപരമ്പരകൾ ലോകക്രമത്തെ തന്നെ മാറ്റി മറിക്കാൻ പര്യാപ്തമായിരുന്നു.

ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളും അപ്പോൾ തന്നെ തീവ്രവാദ അക്രമണ ഭീഷണികൾക്ക് ഇരയായി കൊണ്ടിരിക്കുകയായിരുന്നെങ്കിലും, വർഗ്ഗീയ തീവ്രവാദം ഒരു ആഗോള ഭീഷണിയായി അന്നുവരെ അംഗീകരിക്കപ്പെട്ടിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റയ്ക്കും തറ്റയ്ക്കുമായി മുളച്ചുപൊന്തിയ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കെതിരെ കൂട്ടായ നടപടികളും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ആരംഭം കുറിച്ചത് 9/11 എന്ന പേരിൽ അറിയപ്പെടുന്ന തീവ്രവാദി ആക്രമണമായിരുന്നു.

പരാജയപ്പെട്ട ദൗത്യങ്ങൾ

2001-ലെ ആക്രമണം പെട്ടെന്ന് ഒരു ദിവ്സം കൊണ്ട് ആസൂത്രണം ചെയ്ത ഒരു പദ്ധതിയായിരുന്നില്ല. അൽഖൈ്വദ എന്ന ഭീകര സംഘടനയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുവാനും അതുവഴി കൂടുതൽ മതവർഗ്ഗീയവാദികളെ അണിനിരത്തി ലോകം കീഴടക്കാനുമുള്ള ബിൻ ലാദൻ എന്ന ഭീകരന്റെ സ്വപ്നങ്ങൾക്ക് പിന്നെയും ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു. അതിന്റെ ഭാഗമായി നിരവധി ആക്രമണപദ്ധതികൾ അയാളും സംഘവും അസൂത്രണംചെയ്യുകയും ചെയ്തിരുന്നു. കുവൈറ്റിൽ ജനിച്ച പാക്കിസ്ഥാൻ വംശജനായ റംസി അഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ നടന്ന ബാങ്കോക്കിലെ ഇസ്രയേലി എംബസി ആക്രമണം ഇതിന്റെ ഭാഗമായിരുന്നു.

1994 മാർച്ച് 11 ന് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാൻ ബാങ്കോക്കിലെ ഇസ്രയേൽ എംബസി ലക്ഷ്യമാക്കി നീങ്ങി. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപ് വാഹനം ചെറിയൊരു അപകടത്തിൽ കുടുങ്ങുകയും ഡ്രൈവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വാനിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. അതിനുശേഷമായിരുന്നു പ്രൊജക്ട് ബോജിങ്ക (ക്രൊയേഷൻ ഭാഷയിൽ ഭയങ്കര ശബ്ദത്തോടുകൂടിയുള്ള സ്ഫോടനം എന്നാണ് ഈ വാക്കിനർത്ഥം) നടപ്പാക്കുവാനുള്ള ആസൂത്രണം ആരംഭിച്ചത്.

ഇതിന്റെ പിന്നിലെ പ്രധാന ചാലകശക്തിയും യൂസഫ് തന്നെയായിരുന്നു. ദ്രാവക നൈട്രോഗ്ലിസറിൻ ഉപയോഗിച്ചുണ്ടാക്കിയ പ്രത്യേകതരം ബോംബുകൾ ചില നിശ്ചിത സ്ഥലങ്ങളിൽ സൂക്ഷിച്ച് 11 അമേരിക്കൻ വിമാനങ്ങൾ ഏതാണ്ട് ഒരേസമയത്ത് പസഫിക് സമുദ്രത്തിനു മുകളിൽ വെച്ച് പൊട്ടിത്തെറിപ്പിക്കുന്ന പദ്ധതിയായിരുന്നു അത്. ഈ ദ്രാവക ബോംബുകൾ തീരെ ചെറിയതും സുരക്ഷാ പരിശൊധനകളുടെ കണ്ണുവെട്ടിച്ച് വിമാനത്തിനകത്ത് കയറ്റാൻ സാധിക്കുന്നതുമായിരുന്നു. പിന്നീട് വിമാനത്തിലെ ശൗച്യമുറിയിൽ വെച്ച് രണ്ടു ചെറിയ ബാറ്ററികളും ഒരു വാച്ചും ഉപയോഗിച്ച് ഇതിന്റെ പ്രവർത്തനക്ഷമമാക്കുവാനായിരുന്നു പദ്ധതി.

ഈ പദ്ധതിയുടെ റിഹേഴ്സൽ നടത്തിയത് മനിലയിലേക്ക് പോവുകയായിരുന്നു ഒരു വിമാനത്തിലായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും ബോംബ് പ്രവർത്തനക്ഷമമാക്കിയതിനുശേഷം ഇയാൾ താൻ ഇരുന്ന സീറ്റിനടിയിൽ ഇത് ഘടിപ്പിക്കുകയായിരുന്നു. സെബുവിൽ ഇയാൾ വിമാനത്തിൽ നിന്നിം ഇറങ്ങുകയുംതുടർ യാത്രയിൽ ഈ ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സ്ഫോടനത്തിൽ ഒരു യാത്രക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു.

എന്നാൽ മനിലയിൽ വെച്ച് ഈ ബോംബിനുള്ള രാസവസ്തുക്കൾ തയ്യാറാക്കുന്നതിനിടെ യൂസഫും സഹായിയും താമസിച്ചിരുന്ന മുറിയിൽ ചെറിയൊരു തീപിടുത്തമുണ്ടായി. സംഭവമറിഞ്ഞ് പൊലീസ് എത്തുന്നതിനു മുൻപെ ഇരുവരും മുങ്ങിയെങ്കിലും രാസവസ്തുക്കളും സ്ഫോടകവസ്തുക്കളും ആ മുറിയിൽ ഉപേക്ഷിച്ചാണ് അവർ കടന്നുകളഞ്ഞത്. ഈ ലാപ്ടോപ്പിൽ നിന്നാണ്‌ബോജിങ്ക എന്ന ഭീകരാക്രമണ പദ്ധതിയെ കുറിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്.

തുടര്ന്നു നടന്ന അന്വേഷണത്തിൽ 1993-ൽ വേൾഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ട്രക്ക് ബോംബ് ആക്രമണത്തിന്റെ പിന്നിലും യുസഫ് ആയിരുന്നു എന്ന് തെളിഞ്ഞു. പരാജയപ്പെട്ട ബോജിങ്ക പദ്ധതിക്ക് ശേഷം പാക്കിസ്ഥാനിലെത്തിയ ഇയാൾ പാക്കിസ്ഥാൻ പൊലീസിന്റെ പിടിയിലാവുകയും പിന്നീട് വിചാരണയ്ക്കായി അമേരിക്കയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. നിരവധി കുറ്റകൃത്യങ്ങൾക്കായി പരോൾ ലഭിക്കാത്ത ജീവിതാന്ത്യം വരെയുള്ള തടവാണ് ഇയാൾക്ക് ശിക്ഷയായി ലഭിച്ചത്.

9/11 ആക്രമണ പദ്ധതി രൂപപ്പെടുന്നു

അമേരിക്ക പ്രതീക്ഷിക്കുന്നത്ര ശക്തമായ രാജ്യമല്ലെന്നും അത് ലോകത്തിന് തെളിയിച്ചുകൊടുത്താൽ, ഇസ്ലാമിക രാഷ്ട്രം എന്ന തന്റെ സ്വപ്നത്തിലെത്തിച്ചേരാൻ വഴി കുറച്ചുകൂടി എളുപ്പമാകും എന്നായിരുന്നു ബിൻ ലാഡൻ ചിന്തിച്ചതെന്ന് 80 കളിലും 90 കളിലും ലാഡന്റെ ഉറ്റ അനുയായി ആയിരുന്ന അബു വാലിദ് അൽ മസ്രി എന്ന ഈജിപ്ഷ്യൻ വംശജൻ ഒരിക്കൽ പറഞ്ഞിരുന്നു. ബെയ്റൂട്ടിലെ സൈനിക താവളത്തിനു നേരെ നടത്തിയ ആക്രമണം പോലെ പല സംഭവങ്ങളും ലാദൻ തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുവാൻ എടുത്തുകാട്ടാറുണ്ടായിരുന്നു എന്നും മസ്രി പറഞ്ഞിരുന്നു.

ഈ അവസരത്തിലാണ് കുവൈറ്റിൽ ജനിക്കുകയും നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നേടുകയും ചെയ്ത ഖാലിദ് ഷെയ്ഖ് മുഹമ്മദ് ബിൻ ലാഡനുമായി ചേരുന്നത്. പഠനശേഷം പാക്കിസ്ഥാനിലേക്കും അവിടെനിന്നും അഫ്ഗാനിസ്ഥാനിലേക്കും കടന്ന ഇയാൾ സോവിയറ്റ് യൂണിയനെതിരെയുള്ള ജിഹാദിൽ സജീവമായി പങ്കെടുത്തിരുന്നു. ബോജിങ്ക് പദ്ധതിയിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. അത് പരാജയപ്പെട്ടെങ്കിലും ഇയാൾ നിരാശനായില്ല. തന്റെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ സഹായിക്കാൻ കഴിയുന്ന ഒരു വ്യക്തി ബിൻ ലഡനാണ് എന്ന് തിരിച്ചറിഞ്ഞ ഇയാൾ 1996-ൽ ആണ് ബിൻ ലാഡനുമായി ബന്ധപ്പെടുന്നത്.

2002-ൽ ഈ ഇരട്ട ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ അമേരിക്ക നിയമിച്ച കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത് ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കി ബിൻ ലാദന് സമർപ്പിച്ചത് എന്നാണ്. തട്ടിയെടുത്ത വിമാനം പറത്തുവാൻ പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതുൾപ്പടെയുള്ള വിശദാംശങ്ങൾ ഈ പദ്ധതിയിലുണ്ടായിരുന്നത്രെ. ഈ പദ്ധതി നടപ്പിലാക്കാനുള്ള ആളും അർത്ഥവും നൽകാമെന്ന് ബിൻ ലാഡനും ഏറ്റു. അമേരിക്കയുടെ ശക്തി തകർത്താൽ, അല്ലെങ്കിൽ അമേരിക്ക ദുർബലമാണെന്ന ഒരു ചിന്ത പടർത്തിയാൽ മദ്ധ്യപൂർവ്വ ദേശത്തെ പല പ്രബല രാജ്യങ്ങളും തങ്ങളുടെ വഴിയെ വരും എന്നായിരുന്നു ബിൻ ലാഡൻ കണക്കാക്കിയിരുന്നത്.

തുടർന്നുള്ള ചരിത്രം ഏവർക്കും അറിയാവുന്നതാണ്. അമേരിക്കയുടെ അഭിമാനമായിരുന്ന രണ്ട് അംബരചുംബികൾ തകർന്ന് മണ്ണടിഞ്ഞപ്പോൾ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ലോകത്തിനു മുന്നിൽ തകർക്കാനാവാത്ത ശക്തിയായി കാണിച്ചിരുന്ന അമേരിക്ക ഗ്രൗണ്ട് സീറോയിലെത്തിയത് അമേരിക്കൻ അഭിമാനത്തെ മുറിവേൽപിച്ചു. എന്നാൽ അതിനേക്കാളേറെ ആഗോളാടിസ്ഥാനത്തിൽ തന്നെ ഇസ്ലാമിക ഭീകരവാദത്തിനെതിരെ വെറുപ്പും പകയും ഉണർത്താനും ഇത് കാരണമായി. മാത്രമല്ല, ഭീകരവാദം ഇന്ത്യയേപോലെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് മാത്രം തലവേദന സൃഷ്ടിക്കുന്ന ഒന്നാണെന്ന പാശ്ചാത്യ രാജ്യങ്ങളുടെ സങ്കല്പങ്ങളും ഇതോടെ തകർന്നടിയുകയായിരുന്നു.

അൽഖൈ്വദയുടെയും ബിൻ ലാഡന്റെയും അന്ത്യത്തിന്റെ ആരംഭം

നിരവധി പരാജയപ്പെട്ട ദൗത്യങ്ങൾക്ക് ശേഷം ലോക ശ്രദ്ധ പിടിച്ചുപറ്റുവാൻ ബിൻ ലാഡനും അൽഖൈ്വദയ്ക്കും 9/11 ആക്രമണത്തോടെ കഴിഞ്ഞെങ്കിലും ലോക രാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് അറേബ്യൻ രാജ്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന മതിപ്പും സ്വാധീനവും കുറയ്ക്കാൻ ഇതിനായില്ല. അമേരിക്ക സ്വീകരിച്ച സമയോജിതമായ നടപടികൾ തന്നെയായിരുന്നു ലാഡനെ തളർത്തിയത്. ചെറിയൊരു കടന്നുകയറ്റവും പിന്നീട് ഒരു പിന്മാറ്റവുമായിരുന്നു അമേരിക്കയുടെ പ്രതികാര നടപടിയായി ലാദൻ പ്രതീക്ഷിച്ചത്. അതല്ലെങ്കിൽ 1998-ൽ കെനിയയിലേയും താൻസാനിയയിലേയും അമേരിക്കൻ എംബസികൾ ആക്രമച്ചിതിന്റെ പ്രതികാര നടപടിയായി ചെയ്തതുപോലെ കാര്യമായ നഷ്ടങ്ങളുണ്ടാക്കാത്ത ഒരു ക്രൂയിസ് മിസൈൽ ആക്രമണവും അവർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, ബിൻ ലാദൻ എന്ന ഭീകരന്റെ കേവല ബുദ്ധിക്കുമപ്പുറമായിരുന്നു അമേരിക്കയുടെ യുദ്ധതന്ത്രങ്ങൾ. വടക്കൻ സഖ്യം എന്നറിയപ്പെട്ടിരുന്ന, താലിബാൻ-അൽഖൈ്വദ വിരുദ്ധ മുജാഹിദിനുകളെ ഉപയോഗിച്ച് ഒരു ആക്രമണം ആസൂത്രണം ചെയ്തതോടൊപ്പം കനത്ത വ്യോമാക്രമണവും അമേരിക്ക നടത്തി. വെറും രണ്ടുമാസം കൊണ്ട് അൽകൈ്വദയും അവരെ പിന്തുണച്ചിരുന്ന താലിബാനും അമേരിക്കയുടെ ശക്തിക്ക് മുന്നിൽ തറപറ്റുകയായിരുന്നു.എന്നാൽ, പിന്നീട് ഇത് ഏറ്റവുമധികം കാലം നീണ്ടുനിന്ന ഒരു യുദ്ധമായി മാറി എന്നത് മറ്റൊരു ചരിത്രം.

9/11 ആക്രമണം അമേരിക്കൻ നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ

തികഞ്ഞ ജനാധിപത്യ രാജ്യമായ അമേരിക്കയിൽ കുറ്റവാളികൾക്ക് പോലും നിരവധി അവകാശങ്ങൾ ഭരണഘടന ഉറപ്പു നൽക്കുന്നുണ്ട്. ജയിൽ ശിക്ഷയിൽ നിന്നും മോചിതരാകുവാനും ഇല്ലെങ്കിൽ താത്ക്കാലിക മോചനവും ഒക്കെ സാധ്യവുമാണ്. തീവ്രവാദികൾക്ക് ഇത്തരം സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിലെ അപകട സാധ്യത തിരിച്ചറിഞ്ഞാണ് അമേരിക്കൻ നിയമങ്ങൾ ബാധകമല്ലാത്ത, ക്യുബയിൽ നിന്നും പാട്ടത്തിനെടുത്ത ഗ്വാണ്ടിനാമോ ദ്വീപിൽ ഇവർക്കായി പ്രത്യേക തടവറ തീർത്തത്.

നിയമപരമായി മറ്റൊരു രാജ്യത്തിന്റെ ഭാഗമായിരുന്ന ഇവിടെ അമേരിക്കൻ നിയമങ്ങൾ നിലനിൽക്കുകയില്ല. അതേസമയം ഫ്ളോറിഡയുടെ തീരത്തുനിന്നും വെറും 145 കിലോ മീറ്റർ മാത്രം ദൂരെയുള്ള ഇവിടേയ്ക്ക് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിഞ്ഞിരുന്നു. ക്രൂരതയുടെ പര്യായമായി ലോക മാധ്യമങ്ങൾ കൊണ്ടാടിയ ഇവിടെ മൂർദ്ധന്യഘട്ടത്തിൽ 800 തടവുകാർ വരെ ഉണ്ടായിരുന്നു. എന്നാൽ, 9/11 ആക്രമണത്തിന്റെ പത്താം വാർഷികത്തിനു മുൻപ് തന്നെ തടവുകാരുടെ എണ്ണം 175 ആയി കുറച്ചിരുന്നു.

ഇതിനേക്കാൾ വലിയ നയമാറ്റം കണ്ടത് അമേരിക്കയുടെ യുദ്ധത്തോടുള്ള സമീപനത്തിലായിരുന്നു. അതുവരെ തങ്ങൾക്കോ സഖ്യരാജ്യങ്ങൾക്കോ നേരിട്ട് ആക്രമണ ഭീഷണി ഉണ്ടാവുകയോ ആക്രമണം നേരിടേണ്ടി വരികയോ ചെയ്യുമ്പോൾ മാത്രംയുദ്ധം ചെയ്യുക എന്നതായിരുന്നു അമേരിക്കയുടെ നയം. എന്നാൽ, 2002 ജനുവരി 29 ന് ഇക്കാര്യത്തിൽ പുതിയ ഒരു ഉത്തരവാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ബുഷ് പുറത്തിറക്കിയത്. തങ്ങൾക്ക് അപകടമുണ്ടാക്കും എന്ന് അനുമാനിക്കാവുന്ന രാജ്യങ്ങൾക്കെതിരെയും യുദ്ധം ചെയ്യാം എന്നായിരുന്നു ആ മാറ്റം.

ചെകുത്താന്റെ അക്ഷങ്ങൾ എന്ന് ഓമനപ്പേരിട്ട് ഇറാൻ, ഇറാഖ്, ഉത്തരകൊറിയ എന്നീ മൂന്നു രാജ്യങ്ങലെ ഇത്തരത്തിൽ അമേരിക്കയ്ക്ക് അപകടമായേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഭീഷണി യാഥാർത്ഥ്യമാകുവാൻ കാത്തിരുന്നൽ ഒരുപാട് വൈകും എന്നായിരുന്നു അന്ന് ഇതിനെ കുറിച്ച് ബുഷ് പറഞ്ഞത്. അൽഖൈ്വദയേ സഹായിക്കുകയോ, 9/11 ആക്രമണത്തിൽ പങ്കുണ്ടെന്നോ ഉള്ളതിന് തെളിവുകൾ ഒന്നും ഇല്ലാതെയിരുന്നിട്ടും ഇറാഖിനെ ആക്രമിക്കാൻ വഴിയൊരുക്കിയത് ഈ നയം മാറ്റമായിരുന്നു. വെറും മൂന്നാഴ്‌ച്ചകൾ കൊണ്ട് ബാഗ്ദാദിന്റെ നിയന്ത്രണം അമേരിക്ക് ഏറ്റെടുക്കുകയും ചെയ്തു.

9/11 ആക്രമണത്തിന്റെ അനന്തരഫലങ്ങൾ

ബിൻ ലാദന്റെ നേതൃത്വത്തിൽ 2001 സെപ്റ്റംബർ 11 നടന്ന ആക്രമണം ലോക ക്രമത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തി. അതുവരെ ഇസ്ലാമിക തീവ്രവാദം ഒരു ആഗോള പ്രശ്നമായി അംഗീകരിക്കാൻ മടിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങൾ ആ യാഥാർത്ഥ്യം അംഗീകരിച്ചു എന്നുമാത്രമല്ല, അതുവരെ അമേരിക്കയുടെ സ്നേഹഭാജനങ്ങളായിരുന്ന പാക്കിസ്ഥാൻ പോലെ പല രാജ്യങ്ങളും സംശയത്തിന്റെ കരിനിഴലിലായി. മത തീവ്രവാദത്തിനെതിരെ പാശ്ചാത്യ ശക്തികൾ കടുത്ത നിലപാടുകൾ എടുക്കാൻ തുടങ്ങിയതോടെ തീവ്രവാദികൾ തങ്ങളുടെ പരമ്പരാഗത മേഖലകൾ ഉപേക്ഷിച്ച് മറ്റു പലയിടങ്ങളിലേക്കും പലായനം ആരംഭിച്ചു.

അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് എന്ന സങ്കൽപത്തിന് ഇത് കൂടുതൽ ശക്തിപകരുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു ഐസിസിന്റെ ഉദ്ഭവം. ഇതോടെ വർഗ്ഗീയ തീവ്രവാദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പല ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും സാധാരണ ജീവിതം ദുരിതപൂർണ്ണമായതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനും ശക്തികൂടി. എന്തിനേക്കാൾ ഏറെ മനുഷ്യത്വത്തെ പുൽകുന്ന ലിബറൽ ഡെമോക്രസിയുടെ യൂറോപ്പ് അഭയാർത്ഥികൾക്ക് അഭയം നൽകാൻ തുടങ്ങിയതോടെ അവിടെയും പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി.

അഭയം നൽകിയ രാജ്യത്തേക്കാൾ തങ്ങളുടെ വിശ്വാസങ്ങളോട് കൂറുപുലർത്തിയിരുന്ന കുറേപ്പേർ എത്തിയതോടെ യൂറോപ്പിലും അശാന്തിയുടെ വിത്തുകൾ വിതക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റം വാഗ്ദാനം നൽകുന്ന യൂറോപ്പിൽ കേവലം കാർട്ടൂണുകളുടെ പേരിൽ വരെ സ്ഫോടനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സാഹചര്യം വന്നുചേർന്നു. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾക്കും കർശന നിലപാടുകൾ എടുക്കേണ്ടതായി വന്നു. കൂടുതൽ കടുത്ത നടപടികൾ ആവശ്യപ്പെട്ട ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകൗന്നതിനുണ്ടായ നിരവധി കാരണങ്ങളിൽ ഒന്ന് അഭയാർത്ഥി പ്രശ്നമായിരുന്നു.

ഇസ്ലാമിക തീവ്രവാദം തങ്ങൾക്ക് വിനാശകരമാകുമെന്ന് തിരിച്ചറിഞ്ഞ പ്രധാന ഇസ്ലാമിക രാഷ്ട്രങ്ങൾ ലോക ജനതയ്ക്കൊപ്പം കൂടുതൽ ചേർന്നു നിൽക്കാൻ ആരംഭിച്ചു എന്നതാണ് ഇതിന്റെ മറ്റൊരു പരിണിതഫലം. കാലാകാലങ്ങളായി ഇസ്രയേലുമായി പുലർത്തിയിരുന്ന ശത്രുത വെടിഞ്ഞ് പല അറബ് രാജ്യങ്ങൾ പോലും അവരുമായി സഖ്യമുണ്ടാക്കുന്നിടത്തു വരെ എത്തി ഈ മനം മാറ്റം. എങ്കിലും, ഈ വർഗ്ഗീയ തീവ്രവാദികളെ പൂർണ്ണമായും തൂത്തെറിയാൻ ആയിട്ടില്ലെന്നാണ് 9/11 ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറുന്നത് നമ്മെ പഠിപ്പിക്കുന്നത്.