ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യയുമായി 96 രാജ്യങ്ങൾ ധാരണയിലെത്തിയിട്ടുണ്ട്. കോവിഷീൽഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകളും എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ ഈ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകളും അനുവദിക്കും. കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.

കാനഡ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, നെതർലൻഡ്സ്, സ്പെയ്ൻ, ബംഗ്ലാദേശ്, മാലി, ഘാന, സിയേറലിയോൺ, അംഗോള, നൈജീരിയ, ബെനിൻ, ചാഡ്, ഹംഗറി, സെർബിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ, ക്രൊയേഷ്യ, ബൾഗേറിയ, തുർക്കി, ഗ്രീസ്, ഫിൻലൻഡ്, എസ്റ്റോണിയ, റൊമാനിയ, മോൾഡോവ, അൽബേനിയ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, സ്വീഡൻ, ഓസ്ട്രിയ, മോണ്ടെനെഗ്രോ, ഐസ്ലൻഡ് എന്നീ രാജ്യങ്ങളിൽ ഉൾപ്പെടെ 92 രാജ്യങ്ങളിലാണ് ഇളവുകൾ അനുവദിക്കുക.

ഇന്ത്യയുടെ കോവീഷീൽഡ്, കോവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ കോവാക്സിൻ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ നവംബർ 22ന് ശേഷം ക്വാറന്റൈൻ ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കും.

രാജ്യത്ത് 109 കോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. ഇനിയും വാക്സിൻ ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവർത്തകർ എത്തിച്ചേരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു. അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവാക്സിനെയും ഉൾപ്പെടുത്തി.

പ്രതിരോധവാക്സിനുകളുടെ പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും കൊവാക്സിന് അംഗീകാരം നൽകിയത്. നേരത്തെ കൊവാക്സിന് ബ്രിട്ടനും അംഗീകാരം നൽകിയിരുന്നു. കൊവാക്സിൽ സ്വീകരിച്ചവർക്ക് ഇനി മുതൽ ബ്രിട്ടണിൽ പ്രവേശിക്കാം. നവംബർ 22 മുതൽ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി നൽകിയത്.

കൊവക്സിന്റെ രണ്ടുഡോസ് സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര.ലോകാരോഗ്യ സംഘടനയുടെയും ഇപ്പോൾ അമേരിക്കയുടെയും അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെയുള്ളവരുടെ ആശങ്കകൾക്കാണ് പരിഹാരമായിരിക്കുന്നത്. നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ജൂലൈയിൽ ആഗോള അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന് വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതു പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം വാക്സിന് ലഭിച്ചത്. കൊറോണ പ്രതിരോധിക്കാൻ കൊവാക്സീൻ ഫലപ്രദമെന്ന് സമിതി വിലയിരുത്തി.

അമേരിക്കയിൽ കുട്ടികളിൽ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ നൽകിയിരുന്നു. രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്സിൻ ഉപയോഗിക്കുന്നതിന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിത്വ കമ്പനിയായ ഒക്യൂജെനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്‌മിനിസ്ട്രേഷനോട് അനുമതി തേടിയിരിക്കുന്നത്. .