തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ തനിക്കെതിരെ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. കൊലപാതകം നടന്ന ദിവസം രാത്രി വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ എ എ റഹീം എത്തിയെന്ന ആരോപണമാണ് അടൂർ പ്രകാശ് ഉന്നയിച്ചത്. അക്രമത്തിന് സാക്ഷിയായ ഡി വൈ എഫ് ഐ പ്രവർത്തകനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതും സ്വാഭാവികമാണെന്നാണ് ഈ ആരോപണത്തിന് മറുപടിയായി എ എ റഹീം പറയുന്നത്.

ഇതിനൊപ്പം അന്വേഷണം തനിക്കെതിരെ നീങ്ങുന്ന എന്ന ഭയപ്പാടിലാണ് അടൂർ പ്രകാശെന്നും മുഖം വികൃതമായപ്പോൾ സ്വയം കണ്ണട നശിപ്പിക്കുന്ന സ്വഭാവമാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും എ എ റഹീം പറഞ്ഞു. കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് സി പി എം ബന്ധമുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചകളിലടക്കം സ്ഥലം എം എൽ എ ഡി കെ മുരളിയുടെ മകനുമായി മുൻപുണ്ടായ സംഘർഷത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്നും അടൂർ പ്രകാശ് ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കോൺഗ്രസ് പ്രവർത്തകരാണ് ക്രൂരകൃത്യം ചെയ്തതെന്ന് തുടക്കം മുതൽ ആരോപിക്കുന്ന ഇടത് നേതാക്കൾ പ്രതികളെ സംരക്ഷിക്കുവാൻ സ്ഥലം എം പിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ് ശ്രമിച്ചുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ നിഷേധിക്കുന്ന അടൂർ പ്രകാശ് എം പി കൊലപാതകം നടന്ന ദിവസം അർദ്ധരാതിയിൽ ഡി വൈ എഫ് ഐ നേതാവ് എ എ റഹീം പൊലീസ് സ്റ്റേഷനിൽ എത്തി നിർദ്ദേശങ്ങൾ നൽകിയെന്ന് ആരോപിച്ചിരുന്നു.