- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായത് റഹീമിന്റെ രാജ്യസഭാ സാധ്യത കൂട്ടുന്നു; എ വിജയരാഘവൻ പി.ബിയിലേക്കും; ഇടതു മുന്നണി കൺവീൻ സ്ഥാനത്ത് എ കെ ബാലനും; സംസ്ഥാന കമ്മിറ്റിയിൽ തഴിയപ്പെട്ട ജി സുധാകരൻ ദേശാഭിമാനിയുടെ ചുമതലക്കാരനായേക്കും; സിപിഎം പൊളിച്ചെഴുത്ത് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം മാറ്റത്തിന്റെ പാതയിലാണ്. യുവാക്കളെ അടക്കം കാര്യമായി പരിഗണിക്കുന്ന പാർട്ടിയായി അവർ മാറിക്കഴിഞ്ഞു. ഇതിന്റെ തുടക്കമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ കണ്ടത്. ഇതിന്റെ തുടർച്ചയെന്നോണം രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും സിപിഎം സമാനമായ മാർഗ്ഗത്തിൽ മാറ്റങ്ങളുടെ പാതയിൽ മുന്നോട്ടു പോകുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും എന്നാണ ്പുറത്തുവരുന്ന സൂചനകൾ.
ഒഴിവുള്ള മൂന്നു സീറ്റുകളിൽ രണ്ടെണ്ണത്തിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്. അതിൽ ഒരു സീറ്റിലാണ് റഹീമിനെ പരിഗണിക്കുന്നത്. രണ്ടാമത്തെ സീറ്റിലും സിപിഎം. തന്നെ മത്സരിക്കാനാണ് സാധ്യതയെങ്കിലും 15-നു നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ. ഈ സീറ്റിൽ മറ്റു സഖ്യ കക്ഷികൾ അവകാശവാദം ഉന്നയിച്ചുണ്ടെന്നതാണ് പ്രത്യേകത.
അതേസമയം, സിപിഎം. സംസഥാന കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയ മുതിർന്ന നേതാവ് ജി. സുധാകരനെ തേടിയും പുതിയ പദവി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ദേശാഭിമാനിയുടെ ചുമതലക്കാരനായേക്കും എന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തന്നെയാണ് പ്രധാനമാകുക.
രാജ്യസഭയിലേക്കു യുവാക്കളെ അയയ്ക്കുകയെന്ന നിലപാട് പിന്തുടർന്നാണ് റഹീമിനെ പരിഗണിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദ് റിയാസ് മന്ത്രിയായതിനെത്തുടർന്നാണ് റഹീം ഡിവൈഎഫ്ഐ. അഖിലേന്ത്യ പ്രസിഡന്റായത്. ഇതോടെ അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം ഡൽഹിയായ സാഹചര്യത്തിൽകൂടിയാണ് സിപിഎമ്മിന്റെ നീക്കം. രണ്ടാമത്തെ സീറ്റിന് സിപിഐ. അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലുണ്ടായ മാറ്റങ്ങൾക്ക് അനുസൃതമായ പൊളിച്ചെഴുത്ത് പാർട്ടിയിലും ഭരണത്തിലുമുണ്ടാകും. പാർട്ടി കോൺഗ്രസ് കഴിയുന്നതോടെയായിരിക്കും സമഗ്രമായ മാറ്റത്തിന് സിപിഎമ്മും സർക്കാരും തയാറാവുക. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പോളിറ്റ് ബ്യൂറോയിൽ എത്താനുള്ള സാധ്യതയാണു തെളിയുന്നത്. പ്രായത്തിന്റെ മാനദണ്ഡപ്രകാരം, കേരളത്തിൽനിന്നുള്ള അംഗം എസ്. രാമചന്ദ്രൻപിള്ള പോളിറ്റ് ബ്യൂറോയിൽനിന്നും ഒഴിവാകും. ആ സ്ഥാനത്ത് വിജയരാഘവൻ എത്താനാണു സാധ്യത. അങ്ങനെ വന്നാൽ അദ്ദേഹം ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയുകയും പകരം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ കൺവീനറാകാനും സാധ്യതയുണ്ട്.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലും പൊളിച്ചെഴുത്തുണ്ടാകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പുത്തലത്ത് ദിനേശൻ സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയതോടെ അവിടെ അഴിച്ചുപണി അനിവാര്യമായി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി പോലുമല്ലായിരുന്ന പി. ശശിയെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
1996 ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഈ ചുമതല വഹിച്ച പരിചയം ശശിക്കുണ്ട്. പൊലീസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നിയന്ത്രണമില്ലെന്നാണ് പൊതുവിൽ ഉയരുന്ന പരാതി. അത് മറികടക്കാൻ ശശിക്ക് കഴിയുമെന്നാണു വിലയിരുത്തൽ. സെക്രട്ടേറിയറ്റിൽ എത്തിയതോടെ പാർട്ടി മുഖപത്രത്തിന്റെ ചുമതലയിൽനിന്ന് പുത്തലത്ത് ദിനേശൻ ഒഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് ജി സുധാകരനെ പരിഗണിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ