കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമായ എ.ബി.സാബു സിപിഎമ്മിൽ ചേർന്നു. തൃപ്പൂണിത്തുറയിൽ കെ.ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയ ആളാണ് എ.ബി.സാബു. പരസ്യായി സാബു പ്രതിഷേധം ഉയർത്തിയെങ്കിലും അവസാനം ബാബു തന്നെ വിജയിച്ചു കയറുകയായിരുന്നു.

'ഞങ്ങളെ പോലുള്ള സാധാരണ പ്രവർത്തകർ നേരിടുന്ന വലിയൊരു പ്രതിസന്ധിയിൽ കോൺഗ്രസിൽ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സാധ്യമല്ല. കോൺഗ്രസിൽ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു.

അതിനാലാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. തുടർന്നും രാഷ്ട്രീയ പ്രവർത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും' പാർട്ടിയിൽ ചേർന്ന ശേഷം എ.ബി.സാബു പ്രതികരിച്ചു.

നിലവിലെ എംഎൽഎ കെ ബാബുവിന് പകരം 2016-ൽ സുധീരൻ സ്ഥാനാർത്ഥിയായി തൃപ്പൂണിത്തുറയിൽ നിർദേശിച്ച പേരായിരുന്നു എ.ബി.സാബുവിന്റേത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദത്തിൽ ഒടുവിൽ സീറ്റ് കെ.ബാബുവിന് തന്നെ നൽകുകയായിരുന്നു. എം സ്വരാജിനോട് അദ്ദേഹം പരാജയപ്പെട്ടു.