ചെങ്ങന്നൂർ: മത്സരിക്കുന്ന സ്ഥലങ്ങളിൽ കെട്ടിവെച്ച തുക പോലും നേടാൻ കഴിയാതെ നോട്ടയുടെ പിന്നിൽ പോകുന്ന സിപിഎം വർഗീയ പാർട്ടി ആയ സിപിഎം ബിജെപിക്കെതിരെ പോരാടുമെന്ന് വീരസ്യം പറയുകയാണെന്ന് ഏ.കെ.ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർണാടകയിൽ 19 സീറ്റിൽ മത്സരിച്ചിട്ട് 18 എണ്ണത്തിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ബംഗാളിൽ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത പാർട്ടി ആയി മാറി.പത്തുലക്ഷം മലയാളികൾ താമസിക്കുന്ന ഡൽഹിയിൽ മത്സരിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ.കേരളാ പാർട്ടി ആയി മാത്രം ഒതുങ്ങുന്ന ഈ പാർട്ടിക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യും മറ്റു കേന്ദ്രമന്ത്രിമാരും ഏതെങ്കിലും കാര്യങ്ങൾക്ക് അഭിനന്ദിച്ചാൽ രാജഭക്തന്മാർക്ക് പട്ടും വളയും ലഭിച്ച സന്തോഷം പോലെ തുള്ളിച്ചാടുകയാണ്.

പൊലീസിനെ ഇത്രയേറെ രാഷ്ട്രീയ വൽക്കരിച്ച ഒരു കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ചുവപ്പ് ഷർട്ടും ധരിച്ചു റെഡ് വാളണ്ടിയർമാരെ പോലെയാണ് അസോസിയേഷൻ സമ്മേളനത്തിൽ പൊലീസുകാർ പങ്കെടുക്കുന്നത്. ഇതിനെയൊക്കെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് കസ്റ്റഡിമർദ്ദനത്തിലൂടെ ആളുകളെ കൊല്ലുന്നു. മോദി സർക്കാരിന്റെ അഹങ്കാരവും ധാർഷ്ട്യവും അഹങ്കാരവും അതേപടി പാലിക്കുകയാണ് സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത്. ചെങ്ങന്നൂരിൽ സിപിഎം ജയിച്ചാൽ അഹങ്കാരം പതിന്മടങ്ങ് വർദ്ധിക്കും.സിപിഎമ്മിന് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നൽകാൻ ചെങ്ങന്നൂരിൽ പരാജയം നൽകിയേ തീരൂ.ഗുസ്തിയിൽ എതിരാളിയെ മലർത്തി അടിച്ചപോലെയാണ് കർണാടകത്തിൽ ബിജെപിയെ കോൺഗ്രസ് തോൽപ്പിച്ചത്.എട്ടു കേന്ദ്രമന്ത്രിമാർ ബാംഗളൂരിൽ ക്യാമ്പ് ചെയ്തിട്ട് പോലും കോൺഗ്രസ് മന്ത്രി സഭ രൂപീകരിച്ചു. മതേതര ശക്തികളെ കോർത്തിണക്കി ബിജെപിക്കെതിരെ കോൺഗ്രസ് വൻ പ്രതിരോധം അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പണിതുയർത്തും. മോദി സർക്കാർ വീണ്ടും വന്നാൽ ജനാധിപത്യവും ഭരണ ഘടനാ സ്ഥാപനങ്ങളും അപകടത്തിലാകും.

ചെങ്ങന്നൂരിൽ ഇടത് ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തവണ മോദിയുടെ ഊതിയവീർപ്പിച്ച പ്രഭാവം ഉണ്ടായിരുന്നപ്പോഴാണ് ത്രികോണ മത്സരം സംഭവിച്ചത്. ഇത്തവണ ത്രികോണ മത്സരമുണ്ടാകില്ലെന്നും ബിജെപി വോട്ടിൽ വൻതോതിൽ ഇടിവുണ്ടാകുമെന്നും ആന്റണി പറഞ്ഞു. കോൺഗ്രസിനോട് ഒരുതരത്തിലെ ധാരണയും പാടില്ലെന്ന് വാശിപിടിച്ചിരുന്ന പോളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിലെ കോൺഗ്രസ് -ജെഡിഎസ് സർക്കാർ അധികാരമേൽക്കുമ്പോൾ പോയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോക്കറ്റിനേക്കാൾ വേഗത്തിൽ ഇന്ധവില ഉയർത്തി കേന്ദ്രത്തിലെ മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചരാണാർത്ഥം വെൺമണി കല്യാത്രയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവിലയിൽ ഉൾപ്പെടുന്ന കേന്ദ്ര എക്സൈസ് തീരുവയിലൂടെ കേന്ദ്രം സമാഹരിച്ച പത്ത് ലക്ഷ:ം കോടി രൂപ കൊള്ളമുതലാണ്. അതിന്റെ പങ്കുപറ്റുന്നത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി.