തിരുവനന്തപുരം: മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ടപ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ. കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി കവർന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു.

കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാസംരക്ഷക, നിരാലംബരുടെസംരക്ഷക എന്നീ നിലകളിൽ പ്രശംസനീയമായപ്രവർത്തനങ്ങൾ നടത്തിയ അവർ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങൾ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ, ബാലാവകാശങ്ങൾ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതിൽ സുഗതകുമാരിയുടെ പങ്കു വലുതാണ്.

കേരളത്തിൽ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. ജീവിതാവസാനംവരെ കാടിനും പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി അവർ നിലകൊണ്ടു.പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേർക്ക് അഭയം നൽകി.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതൽ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുകയും വിലപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുൻനിരയിൽ അവർ ഉണ്ടായിരുന്നു.

സുഗതകുമാരിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവർ മാറ്റിയെടുത്തത്.ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചു.

മണ്ണിനെയും മാതൃഭാഷയെയുംവളരെയേറെ സ്നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.