- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പരാമർശം ഒരു നാക്കുപിഴയായിരുന്നു! എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന പരാമർശത്തിൽ ഡോക്ടർമാരോട് ക്ഷമ ചോദിച്ചു എ എൻ ഷംസീർ എംഎൽഎ; വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്ന് വിശദീകരണം
തിരുവനന്തപുരം: എംബിബിഎസ് പഠിച്ചയാൾ എംബിബിഎസ് ചികിത്സ മാത്രമേ നൽകാൻ പാടുള്ളൂവെന്ന വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് എ എൻ ഷംസീർ എം എൽ എ രംഗത്തെത്തി. എംബിബിഎസ് ബിരുദം നേടിയ ചിലർ പിജിയുണ്ട് എന്ന വ്യാജേന കേരളത്തിലെ ചില കേന്ദ്രങ്ങളിൽ ചികിത്സ നടത്തുന്നുണ്ടെന്ന കാര്യമാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്നാണ് എംഎൽഎ വിശദീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ പ്രാക്ടീഷണർ ബില്ലിലൂടെ ഇത്തരത്തിൽ പിജിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ തടയണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും എ എൻ ഷംസീർ വ്യക്തമാക്കുന്നു. അതേസമയം ബിൽ അവതരിപ്പിച്ചു വന്നപ്പോൾ നാക്കുപിഴയുണ്ടാകുകയും, അത് എംബിബിഎസ് ഡോക്ടർമാർക്ക് വേദനയുളവാക്കിയതായി മനസിലാക്കുന്നു. തന്റെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മനസ് കൊണ്ടോ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് പുറത്ത് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ തന്റെ ഉദ്ദേശശുദ്ധി എംബിബിഎസ് ഡോക്ടർമാർ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷംസീർ പറഞ്ഞു.
വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിർമ്മാണ അവതരണ വേളയിലാണ് ഷംസീർ വിവാദ പരാമർശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് ഡോക്ടർമാർ പീടിയാട്രിക്സ് ചികിത്സ നൽകുന്നു എന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. ഗൈനക്കോളജിയും അടക്കമുള്ള ചികിത്സ നടത്തുന്ന കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാൻ കഴിയണമെന്നാണ് എംഎൽഎ പറയുന്നത്. എംബിബിഎസുകാരൻ എംബിബിഎസ് ചികിൽസ നടത്തിയാൽ മതിയെന്നും അദ്ദേഹം പറയുന്നു.
'കുണ്ഡിതപ്പെടരുത്..ആളൊരു പണ്ഡിതനാണെന്ന് തോന്നുന്നുവെന്ന് കുറിച്ച് മുൻ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് ഈ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിർമ്മാണ അവതരണ വേളയിലാണ് ഷംസീർ എംഎൽഎ ഇക്കാര്യം പറഞ്ഞത്. ചർച്ചയാവുന്ന ഈ വിഷയം രാഷ്ട്രീയ എതിരാളികളും ആയുധമാക്കുകയുണ്ടായി.
നിയമസഭയിലെ ഷംസീറിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഷംസീറിനെതിരെ ഡോക്ടർമാരും ഐ എം എ ഉൾപ്പടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. തന്റെ പ്രസംഗത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന ചില പരാമർശങ്ങളുണ്ടായി എന്ന് സമ്മതിച്ച എം എൽ എ അത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ