കൊച്ചി: കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മാൻ മിസ്സിങ് കേസ് അന്വേഷിച്ചപ്പോൾ പുറത്തുവന്നത് മറ്റൊരു പ്രണയകഥ. ഭർത്താവിനെ സാമൂഹ്യവിരുദ്ധർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭാര്യയാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹൈക്കോടതി നിർദേശത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഈ പ്രണകഥ പുറത്തുവന്നത്.

ഫെബ്രുവരി 11ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ മകൻ സിറാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. 34 വയസായ സിറാജിനെ അമ്പലപ്പടിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ ഫെബ്രുവരി എട്ട് മുതൽ കാണാതായെന്നായിരുന്നു പരാതി. ഉച്ചക്ക് രണ്ടുമണിയോടെ സ്വന്തം കാറിൽ പോയതാണ് സിറാജ്. പിന്നീട് തിരിച്ചുവന്നില്ലെന്നും പരാതിയിൽ പറയുന്നു.

മാർച്ച് മാസത്തിൽ സിറാജിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവത്തിന് പിന്നിലെ സിനിമയെ വെല്ലുന്ന കഥയുടെ ചുരുളഴിഞ്ഞത്. സാമൂഹ്യവിരുദ്ധർ പണത്തിനായി തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നും പൊലീസിന് പരാതി നൽകിയിട്ടും ഭർത്താവിനെ കണ്ടുപിടിക്കുന്നില്ലെന്നും ആരോപിച്ചാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൊലീസ് കേസ് അന്വേഷിക്കുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

ദുബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സിറാജ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഈ ബന്ധത്തിൽ താൽപര്യമില്ലാത്തതിനാൽ പിന്നീട് സിറാജിനെ ദുബൈയിലേക്ക് മടങ്ങിപ്പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ആരുമറിയാതെ സിറാജ് യുവതിയുമായി ബന്ധം തുടർന്നു.

ഫെബ്രുവരി എട്ടിന് വീടുവിട്ടുപോയ സിറാജ് യുവതിയോടൊത്ത് ആദ്യം ബംഗളുരുവിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. കാമുകിയായ യുവതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.