തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിലെ കലാപത്തെ പരിഹസിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവൻ പരിഹസിച്ചു.

ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോൺഗ്രസ് പോര് തീർക്കാൻ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമം. ആദ്യം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻ ചാണ്ടിയെയും പിന്ന് ഹരിപ്പാടെത്തി ചെന്നിത്തലയെയും സതീശൻ ഇന്നലെ കണ്ടു.