പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകും. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നൽകിയ ആശ്വാസവും വികസന പ്രവർത്തനങ്ങൾ നൽകിയ ആത്മവിശ്വാസവുമാണ് കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്തതെന്നം അദ്ദേഹം അവകാശപ്പെട്ടു.

യു ഡി എഫിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് പ്രചാരണം അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. ഒറ്റതിരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ യു ഡി എഫ് പരിശ്രമിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സി പി എം പ്രവർത്തകനെ കൊലപ്പെടുത്തി. സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ആർഎസ്എസ് ഗൂഢാലോചന. തികഞ്ഞ സംയമനത്തോടെയാണ് എൽ ഡി എഫ് പ്രവർത്തകർ ആക്രമണങ്ങളെ നേരിട്ടത്.

വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ട് യു ഡി എഫ് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി മുതൽ ജമാ അത്തെ ഇസ്ലാമി വരെ ആ കൂട്ടുകെട്ടിലുണ്ട്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.