- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നമ്മുടെ എല്ലാ മന്ത്രിമാരുടെയും നയതന്ത്ര വിദഗ്ധന്മാരുടെയും ബയോമെട്രിക് വിവരങ്ങളുൾപ്പെടെ എല്ലാം ശത്രുരാജ്യങ്ങൾക്ക് കിട്ടും; രാജ്യത്തിനായി പ്രാണൻ കളയാൻപോലും തയ്യാറായ കമാൻഡോകളുടെയും വിദേശ ചാരന്മാരുടേയും എല്ലാ രഹസ്യങ്ങളും എതിരാളികളുടെ വിരൽത്തുമ്പിൽ; ആധാർ എങ്ങനെ നമ്മുടെ ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകളാകുന്നു: പരമ്പരയുടെ അവസാന ഭാഗം
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ലെന്നും അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണെന്നും വ്യക്തമാക്കിയുള്ള സമ്പൂർണലേഖനത്തിന്റെ അവസാന ഭാഗം ആധാർ വഴി സമാഹരിക്കപ്പെടുന്ന വിവരങ്ങൾ വിദേശ ചാര ഏജൻസികൾക്ക് പല തലങ്ങളിലായി, പല ഘട്ടങ്ങളിലായി കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു പറയാം. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്? ഇതിന് കൂട്ടു നിൽക്കുന്ന അധികാരികൾ രാജ്യദ്രോഹികൾ തന്നെയല്ലേ എന്ന് ഓരോ ഇന്ത്യക്കാരനും സ്വന്തം നെഞ്ചിൽ കൈവച്ച് ചിന്തിച്ചു നോക്കാനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. രാജ്യസ്‌നേഹം എന്നു പറഞ്ഞാൽ കാശ്മീരിലെ പട്ടാളക്കാരനെ പറ്റി ട്വീറ്റ് ചെയ്യുകയാണെന്നു കരുതിവച്ചിരിക്കുന്നവരെ അവർ അർഹിക്കുന്ന സഹതാപത്തോടെ അവഗണിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ. ----------------------------- പരമ്പരയുടെ മുൻ ഭാഗങ്ങൾ ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ലെന്നും അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണെന്നും വ്യക്തമാക്കിയുള്ള സമ്പൂർണലേഖനത്തിന്റെ അവസാന ഭാഗം
ആധാർ വഴി സമാഹരിക്കപ്പെടുന്ന വിവരങ്ങൾ വിദേശ ചാര ഏജൻസികൾക്ക് പല തലങ്ങളിലായി, പല ഘട്ടങ്ങളിലായി കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു പറയാം. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്? ഇതിന് കൂട്ടു നിൽക്കുന്ന അധികാരികൾ രാജ്യദ്രോഹികൾ തന്നെയല്ലേ എന്ന് ഓരോ ഇന്ത്യക്കാരനും സ്വന്തം നെഞ്ചിൽ കൈവച്ച് ചിന്തിച്ചു നോക്കാനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. രാജ്യസ്‌നേഹം എന്നു പറഞ്ഞാൽ കാശ്മീരിലെ പട്ടാളക്കാരനെ പറ്റി ട്വീറ്റ് ചെയ്യുകയാണെന്നു കരുതിവച്ചിരിക്കുന്നവരെ അവർ അർഹിക്കുന്ന സഹതാപത്തോടെ അവഗണിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ.
-----------------------------
------------------------------
ആധാർ പദ്ധതിയുടെ ഭാഗമായി ഡാറ്റ പകർത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതിന് കരാർ നൽകപ്പെട്ട, ന്യൂയോർക്ക് ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാർട്-അപ് കമ്പനിയായ മോൻഗോ ഡി ബി (MongoDB), അതിബൃഹത്തായ ഡാറ്റാബേസുകൾ (വിവര ശേഖരം) മാനേജു ചെയ്യുന്നതിനാവശ്യമായ കെല്പും കാര്യക്ഷമതയുമുള്ള സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തിട്ടുള്ള കമ്പനിയാണ്. Q-Tel എന്ന CIA യുടെ വെൻച്വർ ക്യാപിറ്റൽ വിങ്ങ്, MongoDBയെ വലിയ തോതിൽ ഫണ്ട് ചെയ്തിട്ടുണ്ട്.
Accenture എന്ന അമേരിക്കൻ കമ്പനി, ആ നാട്ടിലെ ആഭ്യന്തര സുരക്ഷ, ഭീകര പ്രവർത്തനത്തെ നേരിടൽ, അതിർത്തി സുരക്ഷ എന്നീ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന ഹോംലാൻഡ് സെക്യൂരിറ്റിക്കായുള്ള ഡിപാർട്‌മെന്റുമായി ചേർന്നു പ്രവർത്തിച്ചിട്ടുള്ളതും ഡിപാർട്‌മെന്റിനു വേണ്ടി വിസിറ്റർ ആൻഡ് ഇമ്മിഗ്രന്റ് സ്റ്റാറ്റസ് ഇൻഡികേറ്റർ ടെക്‌നോളജി (US-VISIT) ഡിസൈൻ ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ടതുമായ സോഫ്റ്റ് വെയർ ഗ്രൂപ്പ് ആണ്.
രഹസ്യാന്വേഷണ വിവരമെന്ന പേരിൽ, സദ്ദാം ഹുസൈന്റെ ഇറാക്കിൽ, കൂട്ട നാശം വിതയ്ക്കാൻ കെല്പുള്ള ആയുധങ്ങൾ ഉണ്ട് എന്ന പെരും നുണ തട്ടി വിട്ട് ലോകത്തെ യുദ്ധത്തിലേക്ക് തള്ളിവിട്ട CIA യുടെ അക്കാലത്തെ തലവൻ, ഇന്ത്യയിൽ ആധാർ പദ്ധതി നടപ്പാക്കിത്തുടങ്ങിയ കാലത്ത് എന്തു ചെയ്യുകയായിരുന്നു എന്ന് അറിയുന്നത് കൗതുകകരമായിരിക്കുമല്ലോ.
ഭീകര പ്രവർത്തകരെ രഹസ്യമായി നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സോഫ്റ്റ് വെയർ സിഐഏക്കും മറ്റും ലഭ്യമാക്കുന്ന സുപ്രധാന അമേരിക്കൻ കമ്പനിയായ L1 Identity Solutions ന്റെ (2007ലെ) ബോർഡ് ഡയരക്ടർമാരിലൊരാളാണ് മുൻ സിഐഏ തലവൻ ശ്രീ: ജോർജ്ജ് ടെനറ്റ് എന്ന്, വിക്കിലീക്‌സ് രഹസ്യ രേഖകൾ ലോകത്തിന് ലഭ്യമാക്കുന്നതിൽ സഹകരിച്ച മാധ്യമങ്ങളിലൊന്നായ ഡെർ സ്പീഗലിൽ, ശ്രീ: ടിം ഷോറോക് എഴുതിയ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്‌മെന്റിനും ഭീകരപ്രവർത്തനത്തിനെതിരായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനുമൊക്കെ (National Counter Terrorism Center) ഉപയോഗിക്കാൻ വേണ്ടി, പ്രശ്‌നകാരികളും നോട്ടപ്പുള്ളികളുമായ ഭീകരപ്രവർത്തകരുടെ പട്ടിക (watch list) തയ്യാറാക്കുന്ന ദ അനലിസിസ് കോർപ് (TAC) ന്റെ ഉപദേശക സമിതിയിലെ (2007ലെ) അംഗം കൂടിയായിരുന്നു അക്കാലത്ത് ജോർജ്ജ് ടെനറ്റ്.
തീർന്നില്ല. ഭീകര പ്രവർത്തകരെന്ന് സംശയിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് ശിക്ഷിക്കാൻ പര്യപ്തമാകും വിധം കമ്പ്യൂട്ടറുകളുടെയും ലാപ്‌ടോപുകളുടെയും ഫോറൻസിക് പരിശോധന നടത്താനുള്ള സോഫ്റ്റ് വെയർ നിർമ്മിക്കുന്ന Guidance Software എന്ന കമ്പനിയുടെ ഡയരക്ടർമാരിൽ ഒരാളും, ഡിഫൻസ്, ഇന്റലിജൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ഡിഫൻസ് റിസർച്ച് കമ്പനിയായ QinetiQ യുടെ ഒരേ ഒരു അമേരിക്കൻ ഡയരക്ടറും കൂടിയാണ് 2007 ഇൽ ശ്രീ: ടെനറ്റ്. CIAയുടെ മുൻ അദ്ധ്യക്ഷനായ ശ്രീ ജോർജ്ജ് ടെനറ്റ് പങ്കാളിയായിട്ടുള്ള എല്ലാ കമ്പനികളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭീകര വിരുദ്ധ ചാര നിരീക്ഷണം നടത്തുകയോ, ഇന്റലിജൻസ് ഗാദറിങ് ചെയ്യുകയോ ചെയ്യുന്ന, CIAയുമായി തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുന്ന, മിക്കവാറും സന്ദർഭങ്ങളിൽ, CIAയുടെ തന്നെ കോൺട്രാക്റ്റ് കമ്പനികളാണ് എന്ന് മനസ്സിലാക്കാം.
ഒരു കാര്യം കൂടി ഓർമ്മയിൽ വയ്ക്കുക: CIAയുടെ 50 ശതമാനം മുതൽ 60 ശതമാനം വരെ പ്രവർത്തനങ്ങൾ, തങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളെയാണ് കരാറടിസ്ഥാനത്തിൽ ഏൽപിക്കാറുള്ളത് എന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ് (2007 ലെ റിപോർട്ട്). അതുകൊണ്ടു തന്നെ CIAയുടെ ജോർജ്ജ് ടെനറ്റ് ഡയരക്ടറായ ഒരു കമ്പനി, ഇന്ത്യയിൽ ചക്കച്ചുളയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള ഒരു പ്രവർത്തനവുമായി ബന്ധപ്പെടാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഓരോ ആളിന്റെയും സാമാന്യ ബുദ്ധിക്കനുസരിച്ച് നിഗമനത്തിലെത്താവുന്നതാണ്. ഞങ്ങൾ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഏതായാലും ജോർജ്ജ് ടെനറ്റിനെ കുറിച്ച് ഇത്ര വിസ്തരിച്ചു പറഞ്ഞതിന് ഒരു കാരണമുണ്ട്.
CIA യുമായി ഏറ്റവും അടുത്ത കൂട്ടുകെട്ടുള്ള കമ്പനിയെന്നാണ് L-1 സൊലൂഷനെ, ടിം ഷോറോക് വിവരിക്കുന്നത്. ബയോമെട്രിക് ഐഡന്റിഫിക്കേഷൻ രംഗത്തെ അമേരിക്കയിലെ ഏറ്റവും വലിയ സംരംഭം. ഏറ്റുമുട്ടൽ നടത്തുന്ന പോരാളികളെയും കലാപകാരികളെയും തിരിച്ചറിഞ്ഞ് പട്ടികയിൽ പെടുത്താൻ സഹായകമായ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുക വഴി, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പെന്റഗണെയും അമേരിക്കൻ ഇന്റലിജൻസ് സ്ഥാപനങ്ങളെയും സഹായിക്കുന്ന L-1 സൊലൂഷൻസിന്റെ സോഫ്റ്റ് വെയറിന് ദശലക്ഷക്കണക്കിന് തിരിച്ചറിയൽ രേഖകൾ ശേഖരിച്ചു സൂക്ഷിക്കാൻ കഴിയും എന്നും ഡെർ സ്പീഗലിലെ ലേഖനത്തിൽ ടിം ഷോറോക് വിശദീകരിക്കുന്നുണ്ട്. (Tim Shorrock, Der Speigel, May 08, 2007)
ഇറാക്കും അമേരിക്കയും വിട്ട് നമുക്ക് സ്വന്തം ആധാറിന്റെ കാര്യത്തിലേക്ക് വരാം. ആധാർ പദ്ധതിക്കു വേണ്ടി കരാർ നൽകിയിട്ടുള്ള ചില കമ്പനികൾക്ക് അമേരിക്കയിലേയും ഫ്രാൻസിലെയും ഇന്റലിജൻസ് അഥവാ ഡിഫൻസ് കമ്പനികളുമായി അടുത്ത ബന്ധമുണ്ട് എന്ന് സൺഡേ ഗാർഡിയനിലെ തന്റെ ലേഖനത്തിൽ ഗോവിന്ദ് കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. CIA യുടെ മുൻ തലവൻ ജോർജ്ജ് ടെനറ്റ്, FBIയുടെ മുൻ തലവനായിരുന്ന ലൂയിസ് ഫ്രീഹ്, US Homeland Securtiyയുടെ താത്ക്കാലിക ഡയരക്ടർ ആയിരുന്ന അഡ്‌മിറൽ ലോയ് മുതലായവർ L1 Identity Solutiosnന്റെ നിലവിലുള്ളതോ മുമ്പുണ്ടായിരുന്നതോ ആയ ബോർഡ് ഡയരക്ടർമാർ ആയിരുന്നു. ആധാർ പദ്ധതിയുടെ ഭാഗമായി, ഫിംഗർ പ്രിന്റും ഐറിസ് ഛായയും പകർത്താനുള്ള മെഷീനുകൾ സപ്ലൈ ചെയ്യുന്നത് L1 Identity Solutiosnആണെങ്കിൽ, ആധാർ ഡാറ്റയിൽ ഒരാളെക്കുറിച്ചു തന്നെയുള്ള വിവരങ്ങൾ പല മേൽവിലാസങ്ങളിൽ നിന്നായി ആവർത്തനം വന്നു പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് (de-duplication) മോർഫോ ഉൾപ്പെടുന്ന കൂട്ടുസംരംഭം (conosrtium) ആണ്. ഫ്രഞ്ച് സർക്കാരിന് 30% പങ്കാളിത്തവും ഡയരക്ടർ ബോർഡിൽ 4 പ്രതിനിധികളുമുള്ള ഫ്രഞ്ച് കമ്പനിയായ സഫ്രാന്റെ ഉപസംരഭമാണ് മോർഫോ എന്ന ഈ കമ്പനി. 2011 ഇൽ ഈ ഫ്രഞ്ച് കമ്പനി L1 ഐഡന്റിറ്റിയെ ഏറ്റെടുത്തു.
രണ്ടു കമ്പനികൾ ചേർന്ന് ലയിച്ച് ഒന്നായിത്തീർന്നതോടു കൂടി, ഒരേ വിദേശ കമ്പനിക്ക് രണ്ട് കോണ്ട്രാക്ട് കൊടുത്തതു പോലെയായി. ആധാർ പദ്ധതിയിലേക്ക് പൗരന്മാരെ എന്റോൾ ചെയ്യാൻ ഇന്ത്യയൊട്ടുക്ക് കരാർ നൽകപ്പെട്ടിട്ടുള്ള Syscom എന്ന കമ്പനി, Safran ന്റെ ഇന്ത്യൻ സബ്‌സിഡിയറി (ഉപസംരംഭം) ആണ്. ഇതിനർത്ഥം, Syscom ഗാദർ ചെയ്യുന്ന ബയോമെട്രിക് വിവരങ്ങളിൽ, ആവർത്തനം സംഭവിച്ചു പോയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്ന ജോലി (de-duplication) ചെയ്യാൻ നിയോഗിക്കപ്പെടുന്നത് മോർഫോ ആണെങ്കിൽ, സംഗതി കുഴയുന്നു. ഉത്തരം എഴുതുന്ന പരീക്ഷകനും ഉത്തരക്കടലാസ് മൂല്യനിർണ്ണയം ചെയ്യുന്ന ടീച്ചറും ഒരാൾ തന്നെ. ഇവിടെ ഒരു കോൺഫ്‌ളിക്റ്റ് ഒഫ് ഇന്ററസ്റ്റ് ഉണ്ടാകുന്നുണ്ട്.
ഡാറ്റാ ഗാദറിങ്ങിനും (വിവര സമാഹരണം) സൂക്ഷ്മ പരിശോധനയ്ക്കും, അതിനു ശേഷം ഡാറ്റയുടെ കാത്തു സൂക്ഷിപ്പിനും (storage) ഫോറിൻ ഇന്റലിജൻസ് ഏജൻസികളെ ഏൽപ്പിക്കുകയാണെങ്കിൽ, കൃത്രിമമാർഗ്ഗങ്ങളിലൂടെ, ഇല്ലാത്ത ഇന്ത്യക്കാരുടെ പേരിൽ ഇഷ്ടം പോലെ കള്ള ഐഡന്റിറ്റികൾ സൃഷ്ടിക്കാൻ, വിദേശ ശക്തികളെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്ന് കേണൽ (റിട്ട:) മാത്യു തോമസ് ചൂണ്ടിക്കാട്ടുന്നു. (സൺഡേ ഗാർഡിയൻ, 2011 ഡിസം:)
http://www.sunday-guardian.com/investigation/foreign-agencies-can-access-aadhar-data
ബംഗ്ലാദേശി ഹിന്ദുക്കളായ, ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ശ്രീ: നരേന്ദ്ര മോദി സർക്കാർ ഒറ്റയടിക്ക് ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച് നിയമ നിർമ്മാണം നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഗോസ്റ്റ് പൗരന്മാരെയും അവരുടെ ഇല്ലാത്ത തലമുറകളുടെ വെർച്വൽ ചരിത്രത്തെയും ഇന്ത്യക്കകത്ത് കൃത്രിമമായി സൃഷ്ടിക്കാൻ ഇത് വിദേശ ശക്തികൾക്കോ, സ്ഥാപിത താത്പര്യമുള്ള മറ്റ് ഗ്രൂപ്പുകൾക്കോ അവസരം നൽകുന്നു. യഥാർത്ഥത്തിൽ, തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒറ്റയടിക്ക് ഇന്ത്യൻ പൗരന്മാരല്ലാതാക്കാൻ ശത്രു രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്ക് അവസരമൊരുക്കിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് തീക്കളിയാണ്.
ചീനയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ദലൈലാമയ്ക്ക് കോടികൾ നൽകി , തിബറ്റൻ വംശജർക്ക് അമേരിക്കയിലെ കൊളറാഡോ ഉന്നതതടങ്ങളിൽ ഭീകര പ്രവർത്തന പരിശീലനം നൽകി, അവരെ ചീനയുടെ ഭൂപ്രദേശത്ത് പാരച്യൂട്ടിൽ ഇറക്കി വിട്ടിരുന്ന CIA പ്രൊജക്ടിനെ പറ്റി മുൻ ഏജന്റ് ജോൺ കെന്നത് നൗസ് എഴുതിയിട്ടുണ്ട്. http://www.nybooks.com/daily/2013/04/09/cias-cancelled-war-tibet/
ആധാർ പ്രൊജക്ടിന്റെ മറവിൽ CIAയോ മൊസ്സാദോ പരിശീലനം നൽകിയ എത്ര ഇസ്രയേൽ വംശജർ ഇന്ത്യയിലെ പൗരന്മാരായി പുനരവതരിക്കും എന്നും എത്ര പുതിയ വർഗ്ഗീയ ലഹളകൾ ഇക്കൂട്ടർ വഴി നടപ്പാക്കപ്പെടും എന്നും കാത്തിരുന്നു തന്നെ കാണേണ്ടി വരും. ഏതായാലും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജൻസ് ബജറ്റ് കുത്തനെ വെട്ടിച്ചുരുക്കുകയാണ് ആധാർ പദ്ധതിയുടെ ഒരു ഉദ്ദേശ്യം തന്നെ.
CIDR എന്ന ID repository (സ്വത്വാധാര രേഖാ സഞ്ചയം) യിൽ ഒരു തവണ സേവ് ചെയ്തു വയ്ക്കുന്ന വിവരങ്ങൾ പടച്ച തമ്പുരാനു പോലും പിന്നീട് പരിശോധിക്കാൻ അവകാശമില്ല എന്ന ഒരു നിബന്ധന കൂടി സർക്കാർ അടിച്ചേൽപ്പിക്കുന്നുണ്ട്. അതായത്, വിദേശ ചാര ഏജൻസികൾക്ക് ആധാർ രേഖയിൽ എന്തു കൃത്രിമം ചെയ്യാനും സ്വാതന്ത്ര്യം നൽകുക മാത്രമല്ല; യഥാർത്ഥ ഇന്ത്യക്കാരായ നമ്മുടെ ഓരോരുത്തരുടെയും പേരിലും വിവരങ്ങളിലും ജൈവ മുദ്രകളിലും ഈ ഫോറിൻ ഏജൻസികൾ വരുത്തിയേക്കാവുന്ന കൃത്രിമങ്ങൾ നാമൊരിക്കലും തിരിച്ചറിഞ്ഞു കൂടാ എന്നും നമ്മുടെ സർക്കാരിന് നിർബ്ബന്ധമുണ്ട് എന്നു തോന്നുന്നു.
കണ്ടുമുട്ടുന്നവരോടെല്ലാം ഭാണ്ഡത്തിലുള്ളത് കൈതമൂടാണെന്ന കള്ളം പറഞ്ഞും കൈതവം കാണിച്ചും മൂടിപ്പൊതിഞ്ഞ് കൊണ്ടു നടന്നാലും നേരവും കാലവുമെത്തുമ്പോൾ കോഴിക്കു കൂവാതിരിക്കാനാവില്ലെന്നു പല കോഴിക്കള്ളന്മാരും എന്തു കൊണ്ടോ മറന്നു പോകുന്നു.
മോൻഗോ DB, L1 ID സൊലൂഷൻസ്, ആക്‌സഞ്ചർ, മോർഫോ എന്നീ വിദേശ സർവേയ്‌ലൻസ് കമ്പനികൾ ഇന്ത്യയിലെ അധികാര സംവിധാനത്തിന്റെ നമുക്ക് കൈയെത്താത്ത ഉയരങ്ങളിലെ ഉത്തരങ്ങളിൽ ഗൗളികളെ പോലെ പതിയിരിക്കുകയും അവയുടെ നീണ്ട നാക്കുകൾ നീട്ടി, കോടിക്കണക്കായ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ആയ സ്വകാര്യ വിവരങ്ങൾ ഒപ്പിയെടുത്തു കൊണ്ടു പോയി ശത്രു രാജ്യങ്ങൾക്ക് കൈമാറുകയും ചെയ്യുന്ന പരസ്യമായി നടത്തപ്പെടുന്ന ഈ രഹസ്യ വിദ്യ, കാണികൾക്കെല്ലാം ഇപ്പോൾ കൂടുതൽ കൂടുതൽ ബോധ്യമായിക്കൊണ്ടിരിക്കുന്നു. Col. Retd.മാത്യു തോമസ്, Late: പ്രഫുൽ ബിദ്വായ്, ഉഷാ രാമനാഥൻ, ജീൻ ഡ്രെസെ, സുനിൽ എബ്രഹാം, റീതിക ഖേര, സുജേതാ ദലാൽ, ജസ്റ്റിസ് (റിട്ട.) പുട്ടസ്വാമി, ജയറാം രമേശ്, മുൻ സിപിഐ രാജ്യസഭാംഗം എം. പി. അച്ചുതൻ, ബിനോയ് വിശ്വം, ശാന്താ സിഹ്ന, മമതാ ബാനർജി തുടങ്ങിയ ആദരണീയരായ ഒരു പറ്റം സാമൂഹ്യ- രാഷ്ട്രീയ പ്രവത്തകർ അസന്നിഗ്ദമായ തെളിവുകൾ പൊതു മണ്ഡലത്തിൽ വാരിവിതറിയിരിക്കുന്നു.
എന്നിട്ടും എട്ടും പൊട്ടും തിരിയാത്ത തങ്ങൾക്ക് അന്നും ഇന്നും ഇതൊന്നും തിരിച്ചറിവില്ലായിരുന്നു എന്ന് ഭാവിക്കാൻ ശ്രീ: നന്ദൻ നിലേക്കനിക്കോ അന്നത്തെ പ്രധാന മന്ത്രിക്കോ ആഭ്യന്തര മന്ത്രിമാർക്കോ സാധ്യമല്ല. മുമ്പേ പഴിപറഞ്ഞു നടന്നവരും എന്നാൽ, പാതിവഴിയിലിപ്പോൾ പുതിയ വെളിപാടുണ്ടായെന്നു ഭാവിക്കുന്നവരുമായ സർവ്വശ്രീ: നരേന്ദ്ര മോദിക്കും രാജ്‌നാഥ് സിങ്ങിനും കിരെൺ റിജ്ജുവിനും മണിബില്ലു കെട്ടിയ മണിയാളൻ മന്ത്രിക്കും , ഗ്രഹണം കഴിഞ്ഞു വെളിപ്പെട്ടു കഴിഞ്ഞ സൂര്യശോഭയുള്ള സത്യത്തെ രാഹുകേതുക്കളെപ്പോലെ വീണ്ടും വിഴുങ്ങി വിസ്മൃതമാക്കുക സാധ്യമല്ല.
അമേരിക്കൻ ചാരസംഘടനയായ CIAയുമായി ചേർന്നു പ്രവർത്തിക്കുന്ന ഈ ഫോറിൻ കമ്പനികൾ തങ്ങളുടെ കൈവശം വന്നു ചേർന്നിട്ടുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങൾ CIAയ്ക്കും ഇന്ത്യയുടെ ശത്രുരാജ്യങ്ങൾക്കും ചോർത്തി നൽകുമെന്നത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതിയാകും. ഏതായാലും സാമാന്യ ബുദ്ധി കൈമോശം വന്ന അതി ബുദ്ധിമാന്മാർ വിഷമിക്കേണ്ട.
പാട്രിയറ്റ് ആക്ട്, അതിനെ തുടർന്നു വന്ന FISA Amendments Act of 2008 എന്നീ നിയമങ്ങളനുസരിച്ച്, ഒരു തവണ അമേരിക്കൻ കമ്പനികളുടെ കൈയിൽ വന്നു ചേർന്നിട്ടുള്ള (ഇന്ത്യക്കാരുൾപ്പെടെയുള്ള) വിദേശ വ്യക്തികളെ സംബന്ധിച്ച മുഴുവൻ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് വിവരങ്ങളും തങ്ങൾക്ക് കൈമാറണമെന്ന് അമേരിക്കൻ കമ്പനികളെ നിർബ്ബന്ധിക്കാൻ അവിടുത്തെ സർക്കാരിന് അധികാരമുണ്ടായിരിക്കും. എഡ്വേർഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് അമേരിക്ക തങ്ങളുടെ സ്വന്തം പൗരന്മാരെ ചാര നിരീക്ഷണം ചെയ്യുന്നതിനെതിരായി ഉയർന്നുവന്ന വ്യാപക പ്രതിഷേധത്തിന് ശേഷവും വിദേശികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ അമേരിക്കൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ നിയമങ്ങൾ പാസ്സാക്കപ്പെടുകയാണുണ്ടായത്. അതായത്, ആധാർ പദ്ധതിയിൻ കീഴിൽ ഇന്ത്യയിൽ നിന്ന് ശേഖരിക്കുന്ന മുഴുവൻ വിവരങ്ങളും അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾക്ക് കൈമാറാൻ ആധാർ പദ്ധതി നടപ്പാക്കാൻ കരാർ നൽകപ്പെട്ടിട്ടുള്ള അമേരിക്കൻ കമ്പനികൾ നിയമപരമായി പ്രതിജ്ഞാബദ്ധമാണ്.
വലിയ മാന്യന്മാരെന്ന് നാമൊക്കെ കരുതുന്ന, അധികാര സ്ഥാനത്തിരിക്കുന്ന ഒരു പറ്റം ആളുകൾ, ഇങ്ങനെ ഇന്ത്യയിൽ നിന്ന് സംഘടിതമായി ചോർത്തി വിദേശ ചാര ഏജൻസികൾക്ക് കൈമാറിക്കൊണ്ടിരിക്കുന്നത് ബൃഹത്തായ ഈ രാജ്യത്തിലെ മുഴുവൻ പൗരന്മാരെയും കുറിച്ചുള്ള വിവരങ്ങളാണ്. ഇന്ത്യയിലെ മുഴുവൻ ജനപ്രതിനിധികളെ കുറിച്ചുമുള്ള രഹസ്യങ്ങൾ. നമ്മുടെ എല്ലാ മന്ത്രിമാരുടെയും നയതന്ത്ര വിദഗ്ധന്മാരുടെയും ബയോമെട്രിക് വിവരങ്ങളും ധനകാര്യ രഹസ്യങ്ങളും രോഗാവസ്ഥയെ കുറിച്ചുള്ള രഹസ്യങ്ങളും ധനകാര്യ രഹസ്യങ്ങളും ശത്രുരാജ്യങ്ങൾക്ക് പകർന്നു നൽകപ്പെടുന്നു. ഇന്ത്യൻ മിലിറ്ററിയുടെയും Airforceന്റെയും നാവിക സേനയുടെയും ഓഫീസർമാരെ കുറിച്ചുള്ള അതി നിർണ്ണായകമായ രഹസ്യങ്ങളാണ് ശത്രുരാജ്യങ്ങൾക്ക് നൽകപ്പെടുന്നത്. (മർമ്മ പ്രധാനമായ ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരുടെയും അവരുടെ വിദേശത്തു പഠിക്കുന്ന ബന്ധുക്കളുടെയും സ്വകാര്യ സന്ദേശങ്ങൾ പോലും മനഃശ്ശാസ്ത്രപരമായി അപഗ്രഥിച്ച് കെണിയിൽ വീഴ്‌ത്താനും നിർണ്ണായക അവസരങ്ങളിൽ ബ്ലാക് മെയിൽ ചെയ്യാനുമൊക്കെ, ആധാർ പദ്ധതിയിലൂടെ ചോർത്തപ്പെടുന്ന ഡാറ്റ ഉപയോഗിക്കപ്പെടാം)
ഇന്ത്യക്കു വേണ്ടി, ഭീകര പ്രവർത്തനത്തിനെതിരെയും രാജ്യ സുരക്ഷയ്ക്കു വേണ്ടിയും കമാൻഡോ ഓപറേഷനിൽ പങ്കെടുക്കുന്നവരുടെയും ശത്രുരാജ്യങ്ങളിൽ അതി സാഹസികമായി ചാര പ്രവർത്തനം ചെയ്യുന്ന ദേശാഭിമാനികളായ ഏജന്റുമാരുടെയും ജീവനു തന്നെ ഭീഷണിയായേക്കാവുന്ന നിർണ്ണായക രഹസ്യങ്ങളാണ്, ഒറ്റുചോറു തിന്നുന്ന ഒരു കൂട്ടം ആളുകൾ ശത്രുക്കൾക്ക് എത്തിച്ചു കൊടുക്കുന്നത്. ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വിദേശ കമ്പനികളുടെ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരായ ജനകീയ ചെറുത്തു നിൽപ്പുകൾ സംഘടിപ്പിക്കുന്ന പതിനായിരക്കണക്കിന് ആക്ടിവിസ്റ്റുകളെ കുറിച്ചുള്ള രഹസ്യാത്മകവും ഏറെക്കുറെ സമ്പൂർണ്ണവുമായ വിവരങ്ങളാണ് ചാരപ്രവർത്തനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത വിധം അതി വിപുലമായ, സൂക്ഷ്മാംശങ്ങളിൽ പോലും ഏറ്റവും കണിശതയോടെ ആസൂത്രണം ചെയ്യപ്പെട്ട, സംഘടിതമായ മാസ്സ് സർവെയ്‌ലൻസ് പദ്ധതി! നഗ്‌നവും നിർലജ്ജവുമായ ചാരപ്രവർത്തനം! ആധാർ IDയോടൊപ്പം വ്യക്തികളുടെ ഫോൺ വിവരങ്ങളും E-mail ID യും മാത്രമല്ല, സോഷ്യൽ മീഡിയയിലെ അങ്ങേയറ്റം സ്വകാര്യമായ വിവരങ്ങൾ കൂടി, പരോക്ഷമായി, ഒറ്റയടിക്ക് അമേരിക്കൻ ചാര സംഘടനകൾക്ക് പകർന്നു കൊടുക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കുക.
വലേരി പാമെ വിൽസൻ (Valerie Plame Wilosn ('Plamegate' fame) ) സി. ഐ. എ യുടെ മുൻ രഹസ്യ ഏജന്റുമാരിൽ ഒരാളായിരുന്നു. ഇറാക്ക് ന്യൂക്ലിയർ ആയുധം സ്വായത്തമാക്കുന്നത് തടയാനുള്ള രഹസ്യ പ്രൊജക്ടിന്റെ ഭാഗമായി അവർ സദ്ദാം ഹുസൈന്റെ ഇറാക്കിൽ പ്രവർത്തിച്ചിരുന്നു. ഇതര ാജ്യങ്ങൾ നിർണ്ണായക മേഖലകളിൽ പുരോഗതി കൈവരിക്കുന്നത് അമേരിക്ക തടയുന്നത് എങ്ങനെയാണ് എന്ന് ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും എന്തെങ്കിലും ചില ദൗർബ്ബല്യങ്ങളുണ്ടായിരിക്കും എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ ആണ് സിഐഎ പ്രവർത്തിക്കുന്നത് എന്ന് അവർ വെളിപ്പെടുത്തുന്നു. സിഐഎ ശത്രുരാജ്യത്തിലെ സുപ്രധാന ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുള്ള ഇത്തരം ആളുകളുടെ ശാസ്ത്രജ്ഞന്മാരുടെയും നയതന്ത്ര വിദഗ്ദരുടെയും രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെയും മറ്റും ---- വ്യക്തിപരമായ ദൗർബ്ബല്യങ്ങൾ കണ്ടുപിടിച്ച്, അതിനെ ചൂഷണം ചെയ്ത് അയാളെ വരുതിയിലാക്കുന്നു; സ്വാധീനിക്കുന്നു. ഇങ്ങനെ സുപ്രധാന വ്യക്തികളെ സ്വാധീനിക്കുന്നതിന് സിഐഎയ്ക്ക് ആ വ്യക്തികളെ കുറിച്ചുള്ള മുഴുവൻ സ്വകാര്യ വിവരങ്ങളും കരസ്ഥമാക്കേണ്ടതുണ്ട്. ആധാർ പദ്ധതി നടപ്പാക്കപ്പെട്ടതോടു കൂടി, ഇന്ത്യയിലുള്ള ഡിപ്ലോമാറ്റുകളുടെയും ഉന്നത നേതാക്കളുടെയും സ്വകാര്യ രഹസ്യങ്ങൾ ചോർതിയെടുക്കുക എന്നത് അമേരിക്കയ്ക്ക് എത്രയോ സുഗമമായിത്തീർന്നിട്ടുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ, അതിന്റെ മറ്റൊരർത്ഥം, ഇന്ത്യയുടെ ദേശീയ സുരക്ഷ അത്ര കണ്ട് പണയം വയ്ക്കപ്പെട്ടിട്ടുമുണ്ട്.
അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പാക്കിസ്ഥാന്റെ ISI ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ സൈനിക ഏജൻസികളുടെ കൈയിൽ ഇന്ത്യയിൽ നിന്ന് ചോർത്തപ്പെടുന്ന ആധാർ വിവരങ്ങൾ എത്തിച്ചേരാനുള്ള സാധ്യത തള്ളിക്കളയുക സാധ്യമല്ല എന്ന് ഇവർക്ക് അറിയാത്തതല്ല. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും Unique ID പ്രൊജക്ടിന് സാങ്കേതിക സഹായം പ്രദാനം ചെയ്യുന്നത് ഒരേ ടെക്‌നോളജി കമ്പനികളാണ്. ഇത് ഇന്ത്യയുടെ രാജ്യ രക്ഷയ്ക്ക് എത്ര വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് ഭരണാധികാരികൾക്ക് അറിയാത്തതല്ല. പാക്കിസ്ഥാൻ തങ്ങളുടെ പൗരന്മാരെക്കുറിച്ചുള്ള സകല രഹസ്യവും അമേരിക്കയ്ക്ക് കൈമാറിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.
http://www.nytimes.com/2013/11/05/opinion/two-faced-allies-pakistan-and-the-us.html
http://abcnews.go.com/blogs/headlines/2014/04/top-us-spy-intel-cooperation-with-pakistan-on-the-upswing/
ബ്രിട്ടീഷ് പൗരന്മാർ കൂട്ടായി വോട്ടു ചെയ്ത് എടുത്ത, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് (Brexit) , വാസ്തവത്തിൽ, അമേരിക്കയിലെ ഒരു ശതകോടീശ്വരൻ **** തന്റെ ഓഫീസ് മുറിയിൽ വച്ച് തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ജനലക്ഷങ്ങളെ അവരറിയാതെ വേഷം കെട്ടിയാടിച്ച നാടകം മാത്രമായിരുന്നു എന്ന് ഗാർഡിയൻ പത്രത്തിൽ ശ്രീമതി: കരോൾ കാഡ് വല്ലാഡർ എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. (''The great British Brexit robbery: how our democracy was hijacked', May 2017, The Observer, Guardian) കടുത്ത വലതുപക്ഷ നിലപാടുകളുള്ള ചില കോർപ്പറേറ്റ് അദ്ധ്യക്ഷന്മാർ തങ്ങളുടെ സർവേയ്‌ലൻസ് കമ്പനികൾ (ജനങ്ങളെ ചാരനിരീക്ഷണം ചെയ്യുന്ന കമ്പനികൾ) ഉപയോഗിച്ച് എങ്ങനെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് തങ്ങളുടെ ഇഷ്ടാനുസാരം മാറ്റിമറിക്കുന്നു എന്ന് വിശദമാക്കുന്ന അന്വേഷണാത്മക റിപ്പോർട്ട്, ഒരു കുറ്റാന്വേഷണ കഥ ചുരുൾ നിവർന്ന് വെളിപ്പെടുന്ന പോലെ ഉദ്വേഗ ഭരിതമായി ശ്രീമതി: കാഡ് വെല്ലാഡറിന്റെ വിശകലനത്തിൽ തുറന്നുകാട്ടപ്പെടുന്നു.
ഫേസ്‌ബുക്ക് പോലുള്ള നവ സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ രേഖപ്പെടുത്തുന്ന സ-മതിപ്പ് / വി-മതിപ്പുകളുടെ (up/down votes) സ്വഭാവത്തിൽ നിന്നും (online voting pattern ഇൽ നിന്നും), അവിടെ അവർ പ്രകടിപ്പിക്കുന്ന ആശയാഭിലാഷാക്രോശങ്ങളിൽ നിന്നും വ്യക്തികളുടെ വീക്ഷണ മനോനിലകളെ പറ്റി ഉൾക്കാഴ്ച ലഭിക്കുന്നു. ആധാർ പദ്ധതിയിൽ ചെയ്യുന്ന പ്രകാരം, ചാര നിരീക്ഷണ സാങ്കേതിക വിദ്യ (surveillance technology) ഉപയോഗപ്പെടുത്തി കവർന്നെടുക്കുന്ന പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുമായി നവസാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഒപ്പിയെടുക്കുന്ന ആളുകളുടെ വ്യക്തിത്വ സവിശേഷതകളെയും മത രാഷ്ട്രീയ നിലപാടുകളെയും ഒത്തുനോക്കി പഠിച്ച്, ഓരോരുത്തരെയും നേരിൽ സ്വാധീനിക്കാൻ തക്ക വൈയക്തിക സന്ദേശങ്ങൾ (perosnalized messages) അയച്ച് പ്രചാരവേല ചെയ്യുക വഴി, രാഷ്ട്രങ്ങളിലെ പൊതു തിരഞ്ഞെടുപ്പുകളെ ഫലപ്രദമായി മാറ്റി മറിക്കാൻ ആഗോള സർവേയ്‌ലൻസ് കമ്പനികൾക്ക് സാധിക്കുന്നുണ്ട്. ഇപ്പറഞ്ഞ പ്രൊജക്ടുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള സാങ്കേതിക വിദഗ്ദ്ധർ തന്നെ സൈനിക തന്ത്രങ്ങളുടെ ഭാഗമായ ഇത്തരം സന്നാഹങ്ങളോടെ നടത്തപ്പെടുന്ന മനഃശ്ശാസ്ത്ര നടപടികളുടെ (psychological operations - psyops) വിശദാംശങ്ങൾ വിവരിക്കുന്നു.
തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാടുകളുള്ള ചില plutocrtaകൾ (ശതകോടീശ്വര ഭരണാധിപന്മാർ) എങ്ങനെ ലോകമെമ്പാടുമുള്ള ജനാധിപത്യ തിരഞ്ഞെടുപ്പു പ്രക്രിയകളെ അവരുടെ സ്ഥാപിത താത്പര്യത്തിനനുസരിച്ച് അട്ടിമറിക്കുന്നു എന്ന് ഡേവിഡ് മില്ലർ, തസ്മിൻ ഷോ മുതലായ വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് ശ്രീമതി: കാഡ് വെല്ലാഡറിന്റെ ഗാർഡിയൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. Surveillance - psyops കമ്പനികൾക്ക് കരാറുകൾ നൽകപ്പെടുന്നതും കോടിക്കണക്കായ പ്രതിഫലത്തുക എത്തിച്ചു കൊടുക്കപ്പെടുന്നതും പരമാധികാര രാഷ്ട്രങ്ങളുടെ നിയമവാഴ്ചയ്ക്ക് ബാഹ്യമായുള്ള പ്രദേശങ്ങളിൽ വച്ചാകയാൽ ഇത്തരം അനധികൃത സംഘടിത നീക്കങ്ങളെ നിയന്ത്രിക്കാൻ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്കോ നിയമ വ്യവസ്ഥകൾക്കോ സാധ്യമാകാതെ വരുന്നു. ആഗോള സർവെയ്‌ലൻസ് കോർപറേറ്റുകളുടെയും ഫോറിൻ ഇന്റലിജൻസ് വിഭാഗങ്ങളുടെയും പ്ലൂട്ടോക്രാറ്റുകളുടെയും കൂട്ടുകെട്ടുമായി സഹവർത്തിത്വമുള്ള സംഘപരിവാർ ശക്തികളെയോ നവ-താചറിസ്റ്റുകളെയോ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര നിയമങ്ങൾ അശക്തമാണ് എന്നാണ് ഇതിനർത്ഥം. ഇസ്രയേൽ ഭരണാധികാരികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് ഈയിടെ ബ്രിട്ടനിൽ രാജിവയ്‌ക്കേണ്ടി വന്ന പ്രീതിപട്ടേലും പിതാവ് സുശീൽ പട്ടേലും എങ്ങനെ ഒരു ഭാഗത്ത് UKIP Party യുമായും അന്താരാഷ്ട്രാ സർവെയ്‌ലൻസ് കമ്പനികളുമായും മറുഭാഗത്ത് സംഘപരിവാറുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം.
ഡിജിറ്റൽ യുഗത്തിൽ നമ്മുടെ തിരഞ്ഞെടുപ്പ് നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. ജനാധിപത്യ പ്രക്രിയ തന്നെ നിരർത്ഥകമായ പ്രഹസനമായിത്തീർന്നിരിക്കുന്നു. ദിക്കുകളെ മറയ്ക്കുന്ന മിലിറ്ററി സർവേയ്‌ലൻസ് സിസ്റ്റത്തിന്റെ അജയ്യമെന്നു തോന്നിക്കുന്ന ഹിമശൃംഗങ്ങൾ നാലു ചുറ്റിലും വലയം ചെയ്തു നിൽക്കുന്നു. വെർച്വൽ റിയാലിറ്റിയുടെ അപാരമായ മേഘരാശിക്കു (cloud computing എന്നും) ചോട്ടിൽ നമ്മെ നിസ്സാരവും ഏകാന്തവുമാക്കുന്ന ഡിജിറ്റൽ കാലത്തിന്റെ അജ്ഞേയമായ താഴ്‌വരയിൽ, സംവത്സരങ്ങളായി നാം കിനാവു കണ്ട സ്വാതന്ത്ര്യത്തെയും ജനാധിപത്യ സങ്കൽപങ്ങളെയും ഏതാനും വലതുപക്ഷ ശതകോടീശ്വരന്മാർ ചൂണ്ടുവിരലിലെടുത്ത് അമ്മാനമാടുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന നിസ്സഹായതയിൽ നാം അകപ്പെട്ടു പോയിരിക്കുന്നു.
സർവേയ്‌ലൻസ് കമ്പനികൾ, മിലിറ്ററി ഇൻഡസ്ട്രിയൽ കോംപ്ലക്‌സിന്റെ അനുബന്ധമാണെന്നതിനാലും ഇത്തരം കമ്പനികൾ സാമ്രാജ്യത്ത ഇന്റലിജൻസ് വിഭാഗങ്ങളുമായി കൈകൾ കോർത്തു ശയിക്കുന്നതിനാലും സർവേയ്‌ലൻസ് സ്റ്റേറ്റിനകത്ത് ലിബറൽ ജനാധിപത്യം സപത്‌നികളുമായി കലഹിച്ച് അധികം വൈകാതെ കൂടുവിട്ട് പുറത്തേക്ക് പോകുവാൻ നിർബ്ബന്ധിതയായിത്തീരും. ആധാർ പദ്ധതിയിൻ കീഴിൽ ഇന്ത്യയിൽ സർവേയ്‌ലൻസ് സ്റ്റേറ്റിന് അടിത്തറ പാകിക്കഴിഞ്ഞിരിക്കുന്നു. ഒരു സർവേയ്‌ലൻസ് സ്റ്റേറ്റിനകത്ത് ജനാധിപത്യ പ്രക്രിയകൾക്ക് നിലനിൽപ്പില്ല എന്നറിഞ്ഞു കഴിയുമ്പോഴേക്കും, മിലിറ്ററിക്ക് നിയന്ത്രണാധികാരമുള്ള ഒരു രാഷ്ട്രീയക്രമത്തിലേക്കാണ് നാം പതുക്കെ നടന്നു നീങ്ങുന്നതു എന്നും എല്ലാ സ്വാതന്ത്ര്യാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ശ്മശാനഭൂമിയിലേക്കാണ് നാം എത്തിച്ചേർന്നു കൊണ്ടിരിക്കുന്നതു എന്നും ഈ സമൂഹം തിരിച്ചറിയുമ്പോഴേക്കും ഒരു പക്ഷെ, നന്നെ വൈകിപ്പോയിട്ടുണ്ടാവാം.
നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതോടെ സ്വാതന്ത്ര്യത്തിന്റെ വില, ഏറ്റവും തീവ്രമായിത്തന്നെ ഈ ജനത തിരിച്ചറിയാതിരിക്കില്ല. കൂടെ പശു ഉണ്ടായാലും ഇല്ലെങ്കിലും, കോൺഗ്രസ്സും ബിജെപിയും ഈ സർവേയ്‌ലൻസ് രാമരാജ്യത്തിന്റെ ശിലാന്യാസത്തിൽ ഒരേ പോലെ പങ്ക് വഹിച്ചിട്ടുണ്ട് എന്നതിനാൽ, ഈ രണ്ടു പാർട്ടികളെയും ഫണ്ടു ചെയ്യുന്ന വലിയ കോർപ്പറേറ്റുകൾ ആധാർ സർവേയ്‌ലൻസ് പദ്ധതി നടപ്പാക്കാൻ വേണ്ടി വലിയ ചരടു വലികൾ നടത്തിയിട്ടുണ്ട് എന്നതിനാൽ, പുതിയ തലമുറയുടെ പുതിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങൾ ഈ രണ്ടു ഭരണവർഗ്ഗ പാർട്ടികൾക്കും അവരെ പാവ കെട്ടിയാടിക്കുന്ന കോർപ്പറേറ്റുകൾക്കും എതിരെ കൂടിയായിരിക്കും എന്നതിൽ സംശയമില്ല. പുതിയ പോരാളികൾ ഉയർന്നു വരിക തന്നെ ചെയ്യും. അത്തരമൊരു പോരാട്ടം, മഹത്തായ ഇതിഹാസമുള്ള ഒരു ജനതയുടെ ജീവന്മരണ പ്രശ്‌നമായി മാറിയിരിക്കുന്നു. (അവസാനിച്ചു).
Footnote: **** അമേരിക്കൻ പ്രസിഡഡണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ഡൊണാൾഡ് ട്രംപിന് സാമ്പത്തിക സഹായം നൽകുകയും പ്രത്യുപകാരമായി, അനധികൃത കുടിയേറ്റം തടയാൻ വേണ്ടി, മെക്‌സിക്കൻ അതിർത്തിയിൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ''ബയോമെട്രിക് വേലി'' പദ്ധതി നടപ്പാക്കാൻ ട്രംപിനെ പ്രേരിപ്പിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരനും തീവ്ര വലതുപക്ഷ വാദിയും ആർടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധനും ''കാംബ്രിഡ്ജ് അമേരിക്ക'' എന്ന വിവാദ സർവെയ്‌ലൻസ് കമ്പനിയുടെ ഉടമയുമായ റോബർട് മെർസറാണ് ഇവിടെ പരാമർശിതനായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും അതിനു ശേഷവും ട്രംപിന്റെ രാഷ്ട്രീയ ഉപദേശകനും ''കേംബ്രിഡ്ജ് അനലിറ്റിക്ക'' യുടെ മുൻ വൈസ് പ്രസിഡണ്ടും ആയിരുന്ന സ്റ്റീവ് ബന്നൻ, സർവെയ്‌ലൻസ് കമ്പനികൾക്കും ഡൊണാൾഡ് ട്രംപിനും ഇടനിലക്കാരനായി വർത്തിച്ചു. തീവ്ര വലതുപക്ഷ നിലപാടുയർത്തിപ്പിടിക്കുകയും വംശീയ മേൽക്കോയ്മാ വാദമുഖങ്ങൾ അവതരിപ്പിക്കുകയും നിറംപിടിപ്പിച്ച നുണകൾ കൃത്രിമമായി സൃഷ്ടിച്ച് പ്രചരിപ്പിച്ച് രാജ്യങ്ങളിലെ തിരഞ് ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്യുന്ന Brietbart എന്ന വലതുപക്ഷ മാധ്യമവുമായി ഇവർ രണ്ടു പേരും ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ സംഘപരിവാർ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനായി, ഇതേ മാതൃകകൾ അവലംബിക്കുന്നത് യാദൃശ്ചികമല്ലെന്നതിന് കൂടുതൽ തെളിവുകളുണ്ട്.
(ലേഖനത്തോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ലേഖകരെ അറിയിക്കാം: ഇ-മെയിൽ: shemej@gmail.com)