- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർപ്പുകൾ അവിടെ നിൽക്കട്ടെ! തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് ഇനി അദാനിക്ക്; എയർപോർട്ട് അഥോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടു; തിരുവനന്തപുരം കൂടാതെ ജയ്പൂർ ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക്; കരാർ അമ്പത് വർഷത്തേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് നിലനിൽക്കെ, തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറി കരാർ ഒപ്പിട്ടു. എയർപോർട്ട് അഥോറിറ്റിയും അദാനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്. അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങൾ അദാനിക്ക് നടത്തിപ്പിനായി കൈമാറുന്നത്.
വിമാനത്താവളം അദാനിക്ക് നൽകുന്നതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ വിമാനത്താവള കൈമാറ്റം കോടതി സ്റ്റേ ചെയ്യാത്തതിനാലാണ് നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയത്. വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. കരാർ ഒപ്പുവച്ച വിവരം എയർപോർട്ട് അഥോറിറ്റിയാണ് ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തള്ളിയിരുന്നു. സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.
ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.
അദാനി ജയിച്ചത് ഇങ്ങനെ
ഫിനാൻഷ്യൽ ബിഡിൽ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാൾ ഉയർന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവർക്ക് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറിൽ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോൾ കേരള സർക്കാരിന്റെ കെഎസ്ഐഡിസിക്ക് വേണ്ടി ടിയാൽ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉള്ള ജി.എം.ആർ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു. കൂടുതൽ തുക ക്വാട്ട് ചെയ്തവർക്കാരും വിമാനത്താവളം നൽകുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ നെടുമ്പാശ്ശേരിയും കണ്ണൂരും സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. ഇതു പോലെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കാനായിരുന്നു ബിഡിൽ കേരളെ പങ്കെടുത്തത്. എന്നാൽ എല്ലാം അസ്ഥാനത്താക്കി കച്ചവടം അദാനി ഉറപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിയാണ് ലേലത്തിൽ രണ്ടാമതെത്തിയത്. ജി.എം.ആർ. ഗ്രൂപ്പ് മൂന്നാമതും എത്തി.
യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരന് വേണ്ടി ചെലവഴിക്കുന്ന തുകയായി ലേലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ സ്വാഭാവികമായും അദാനി ഗ്രൂപ്പ് ഒന്നാമതെത്തുകയായിരുന്നു. തിരുവനന്തപുരം, മംഗളൂരു ഉൾപ്പെടെയുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത്. ഇതിൽ അഞ്ചു വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്.
അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്‌പ്പൂരിന് വേണ്ടി 174 കോടിയും, ലക്നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയും ആണ് അദാനി ഫിനാൻഷ്യൽ ബിഡിൽ ക്വാട്ട് ചെയ്തത്. .
വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം ഉള്ള കമ്പനികൾ മാത്രമേ ടെക്ക്നിക്കൽ ബിഡിൽ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ ഒഴിവാക്കിയതാണ് അദാനിക്ക് ഗുണകരമായത്. അദാനിക്ക് വേണ്ടിയുള്ള ഇടപെടലാണ് ഇതെന്ന ആക്ഷേപം സജീവായിരുന്നു. കേരള സർക്കാരിന്റെ കമ്പനിയായ ടിയാൽ യോഗ്യത നേടാതിരിക്കാൻ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തുകയും ചെയ്തു. മംഗലാപുരം വിമാനത്താവളത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന കൊച്ചി വിമാനത്താവള കമ്പനിയും ബിഡിൽ പരാജയപ്പെട്ടു. കെഎസ്ഐഡിസിക്ക് വേണ്ടി എംഡി ശർമ്മിള മേരി ജോസഫ് ആണ് ടെണ്ടറിൽ പങ്കെടുത്തത്.
രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സർക്കാർ ഈ നീക്കത്തെ എതിർത്തെങ്കിലും നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കുകയും ചെയ്തു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം കെഎസ്ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽ പോലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം.
എന്നാൽ ലേലത്തിൽ ഒന്നാമതെത്തിയ കമ്പനിയുമായി പത്തുശതമാനം വ്യത്യാസമേയുള്ളു എങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ പ്രകാരം ഉയർന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാനാകൂ. എന്നാൽ അദാനിയും കെ.എസ്ഐ.ഡി.സിയും സമർപ്പിച്ച ബിഡുകൾ തമ്മിൽ ഇതിലേറെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അദാനിക്ക് തിരുവനന്തപുരം കിട്ടുമെന്ന് ഉറപ്പാണ്. ഇതോടെ വിഴിഞ്ഞം തുറമുഖം വഴി തിരുവനന്തപുരത്തിന്റെ തീരത്തും വിമാനത്താവളം വഴി ആകാശത്തും അദാനി ഗ്രൂപ്പിന് സാന്നിധ്യമാകുകയാണ്. അദാനി ഗ്രൂപ്പിന്റെ എവിയേഷൻ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുള്ള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക.
മറുനാടന് മലയാളി ബ്യൂറോ