- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ; പഞ്ചാബിൽ അപ്രസക്തമാണ്; ജനങ്ങൾ വോട്ട് പാഴാക്കരുത്'; അമരീന്ദറിന്റെ പടിയിറക്കം മുതലെടുക്കാൻ ആംആദ്മി
ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമുള്ള അമരീന്ദർ സിങിന്റെ പടിയിറക്കവും കോൺഗ്രസിലെ തമ്മിലടിയും മുതലെടുക്കാൻ ആംആദ്മി പാർട്ടി. പഞ്ചാബിൽ കോൺഗ്രസ് നാമവശേഷമായെന്ന് ആംആദ്മി ദേശീയ വക്താവും എംഎൽഎയുമായ രാഗവ് ചദ്ദ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ജനങ്ങൾ അവരുടെ വിലപ്പെട്ട സമ്മതിദാനവകാശം കോൺഗ്രസിന് വേണ്ടി പാഴാക്കരുത്. അധികാരത്തോടുള്ള ആസക്തിയാണ് കോൺഗ്രസിനെ ക്ഷയിപ്പിച്ചത്. അവർ ആത്മഹത്യാ മുനമ്പിലാണ്്. പഞ്ചാബിൽ കോൺഗ്രസ് അപ്രസക്തമാണ് ' രാഗവ് ചദ്ദ പറഞ്ഞു.
അതേസമയം കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ രൂക്ഷ പ്രതികരണമാണ് അമരീന്ദർ രാജിക്ക് ശേഷം നടത്തിയത്. പാർട്ടിക്കുള്ളിൽ താൻ അവഹേളിതനായെന്നും രണ്ടു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് സിഎൽപി യോഗം വിളിച്ചതെന്നും അമരീന്ദർ പറഞ്ഞു. തന്റെ മേൽ ഹൈക്കമാന്റിനും സംശയം തോന്നി. ഭാവി രാഷ്ട്രീയം എന്താണെന്ന് തീരുമാനിച്ചിട്ടില്ല. സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അമരീന്ദർ വ്യക്തമാക്കി.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് പാർട്ടിക്കുള്ളിൽ കലഹം രൂക്ഷമായത്. സുനിൽ ഢാക്കർ, മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രതാപ് സിങ് ബജ്വ, ബിയാന്ത് സിങിന്റെ പേരമകൻ രവനീത് സിങ് ഭിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. 117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.
ന്യൂസ് ഡെസ്ക്