- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മത്തൊട്ടിലിൽ എങ്കിലും ഉപേക്ഷിക്കാമായിരുന്നു അവർക്ക്; കൊല്ലത്ത് കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ നിന്ന് കണ്ടെത്തിയ നവജാത ശിശു മരിച്ചു; അണുബാധയേറ്റതാകാം മരണകാരണമെന്ന് എസ്എടി ആശുപത്രി അധികൃതർ
തിരുവനന്തപുരം: കൊല്ലത്ത് കല്ലുവാതുക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു മരണം. അണുബാധയേറ്റതാകാം മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിൽനിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം
വീടുകൾക്ക് സമീപമുള്ള പറമ്പിൽ കരിയിലക്കൂട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചിൽ കേട്ട് സമീപവാസികൾ നടത്തിയ തിരച്ചിലിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരവധി തെരുവ് നായ്ക്കൾ ഉള്ള സ്ഥലത്താണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ