- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ദിവസം മുൻപെ മരിച്ചയാളെ തിങ്കളാഴ്ച്ച ജീവനോടെ കണ്ടുവെന്നാണ് മകളുടെ മൊഴി; താൻ കിടപ്പു രോഗിയായതിനാൽ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഭാര്യയും; മരിച്ചയാളുടെ വയറ്റിൽ ഭക്ഷണാവശിഷ്ടം ഒന്നുമില്ല; ആമാശയം ചുരുങ്ങിയ നിലയിൽ; റസാഖിനെ പട്ടിണിക്കിട്ട് കൊന്നതോ? തളാപ്പിലെ മരണത്തിൽ പൊലീസിന് സംശയങ്ങൾ
കണ്ണൂർ: കണ്ണൂർ നഗരത്തിലെ മക്കാനി തളാപ്പ് റോഡിൽ ലംഹയിൽ അബ്ദുൽ റാസഖിന്റെ (65)മരണത്തിൽ ദുരൂഹതയേറുന്നു. ഇതുസംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്നതിനെ കുറിച്ചു ആലോചിച്ചു വരികയാണെന്നു പൊലിസ് അറിയിച്ചു.
ഇന്നലെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്നും നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതക സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മറ്റു ചില കാര്യങ്ങളാണ് പൊലിസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഇതുകാരണം ഇയാളുടെ ആമാശയം ചുരുങ്ങിയ നിലയിലാണ്. മരിക്കുന്നതിന് ഒരാഴ്ച്ച മുൻപേ വരെ ഇയാൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് ഇതു സംബന്ധിച്ചു പൊലിസിന്റെ പ്രാഥമിക നിഗമനം.
ഇതുകൂടാതെ ഹൃദയസംബന്ധമായ അസുഖമുള്ളതായും ഇതുമരണകാരണമായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ തലയ്ക്കേറ്റ മുറിവ് കട്ടിലിൽ നിന്നും വീണപ്പോഴുണ്ടായതാണെന്നാണ് നിഗമനം. ശരീരത്തിൽ മറ്റുക്ഷതങ്ങളോയൊന്നും കണ്ടെത്തിയിട്ടില്ല. മരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ മകളും ഭാര്യയും ഒന്നിച്ചുണ്ടായിട്ടും ഇയാൾക്ക് ഭക്ഷണം ലഭിച്ചില്ലെന്നാണ് പൊലിസ് പറയുന്നത്. അതുകൊണ്ടു തന്നെ മകൾക്കും മറ്റു ബന്ധുക്കൾക്കുമെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കാനുള്ള കാര്യം പരിഗണനയിലാണെന്നു പൊലിസ് സൂചിപ്പിച്ചു.
നാലു ദിവസം മുൻപെ മരിച്ചയാളെ തിങ്കളാഴ്ച്ച ജീവനോടെ കണ്ടുവെന്നാണ് മകൾ പൊലിസിന് നൽകിയ മൊഴി. താൻ കിടപ്പു രോഗിയായതിനാൽ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് ഭാര്യ പൊലിസിനെ അറിയിച്ചിരുന്നത്. മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്താൽ മാത്രമേ ഈക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാവൂവെന്നു അന്വേഷണ ഉദ്യോഗസ്ഥനായകണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച മൂന്നുമണിയോടെയാണ് വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.
തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം പുറത്തറിയാതിരിക്കാൻ വീട്ടുകാർ കുന്തിരിക്കം പുകച്ചിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഏറെക്കാലമായി ദുബൈയിൽ ജോലി ചെയ്തിരുന്ന റാസിഖ് അവിടുത്തെ ജോലി മതിയാക്കി നാട്ടിലേക്ക് വരികയായിരുന്നു. ഇതിനു ശേഷം റാസിഖ് സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നു പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുമായി വീടിനു സമീപത്തുള്ള കടമുറിയുടെ ഉടമസ്ഥതാ അവകാശത്തെ ചൊല്ലി തർക്കമുണ്ടായിരുന്നതായും ഇവർ റാസിഖുമായി അകലുകയും ചെയ്തിരുന്നതായി വിവരമുണ്ട്.
ഒരു വീട്ടിൽ താമസിച്ചുവരികയാണെങ്കിലും മകളോ മറ്റുള്ളവരെ സംസാരിച്ചിരുന്നില്ല. കഴിഞ്ഞ ആറുമാസക്കാലമായി താൻ ഭർത്താവുമായി സംസാരിച്ചിരുന്നില്ലെന്നു ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കിടപ്പുരോഗിയായതിനാൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവർ പൊലിസിന് നൽകിയ വിവരം.മരണമടഞ്ഞ അബ്ദുൽ റാസിഖിന് അഞ്ചുമക്കളാണുള്ളത്. ഇതിൽ രണ്ടുപെൺമക്കൾ അവിവാഹിതരാണ്. ഉപ്പയുമായി പിണങ്ങി കഴിയുന്നതിനാൽ ഇവർ എവിടെയാണെന്നു മറ്റുള്ളവർക്ക് അറിയില്ലെന്നു പൊലിസ് പറഞ്ഞു. ഒരു മകളുടെയും കൊച്ചുമകന്റെയും ഭാര്യയുടെയും കൂടെയായിരുന്നു ഇയാൾ താമസിച്ചുവന്നിരുന്നത്.
എന്നാൽ ഇവർ ഇയാളുടെ കാര്യങ്ങളൊന്നും അന്വേഷിച്ചിരുന്നില്ലെന്നാണ് പൊലിസിനു ലഭിക്കുന്ന വിവരം. കഴിഞ്ഞ ആറുമാസമായി ഭർത്താവ് താനുമായി സംസാരിച്ചിരുന്നില്ലെന്ന് ഭാര്യ സഫിയ മൊഴി നൽകിയിട്ടുണ്ട്. മൂത്തമകൾ ഫാത്ത്മയും പേരക്കുട്ടിയുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നില്ല. ലോക്ഡൗണിനു ശേഷം ഇയാൾക്ക് പുറം ലോകവുമായി വലിയ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് അയൽക്കാർ പറയുന്നത്. ഇയാളുടെ മറ്റുമക്കൾ മരണവിവരമറിഞ്ഞ് ബംഗ്ളൂരിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്.
ഇവരിൽ നിന്നും മൊഴിയെടുക്കുമെന്നും പൊലിസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ റാസിഖിന്റെ മൃതദേഹം കബറടക്കി. അടുത്ത ബന്ധുക്കളും നാട്ടുകാരുംമാത്രമാണ് അന്ത്യമോപചാര ചടങ്ങുകളിൽ പങ്കെടുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്