കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ്ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ  ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ള കുട്ടിയെ പൊലീസും സിപിഎമ്മും വെറുതെവിടില്ല. അബ്ദുള്ളക്കുട്ടിക്ക് ആരോപണത്തിൽ കൈകഴുകി രക്ഷപ്പെടാൻ കഴിയില്ലെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

കുറ്റക്കാരനെന്ന് വന്നപ്പോൾ കൂട്ടുപ്രതിയുടെ മേൽ കുറ്റം  ചുമത്തി രക്ഷപ്പെടാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമമെന്ന്  ജയരാജൻ ആരോപിച്ചു. അഴിമതി നടന്നുവെന്നകാര്യം  വിജിലൻസിന് മുൻപാകെ തന്നെ  അബ്ദുള്ളക്കുട്ടി സമ്മതിച്ചിട്ടുണ്ട്.  അഴിമതിയിൽ മുൻ ടൂറിസം മന്ത്രിക്കും, എംഎ‍ൽഎയ്ക്കും പങ്കുണ്ടെന്നും  പദ്ധതിയുടെ പേരിൽ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഇവർ നടത്തിയത് കൂട്ടുകൃഷിയാണെന്നും എം വി ജയരാജൻ ആരോപിച്ചു. ഇതോടെ അബ്ദുള്ളക്കുട്ടിയെ കുടുക്കാൻ ഈ ആരോപണം ആയുധമാക്കുമെന്ന് ഉറപ്പായി.

അന്നത്തെ  ടൂറിസം മന്ത്രിയും കണ്ണൂർ എംഎ‍ൽഎ.യും കോൺഗ്രസ് പാർട്ടിക്കാരായിരുന്നു. അന്നത്തെ കണ്ണൂർ എംഎ‍ൽഎ. പിന്നീട് ബിജെപിയിൽ ചേക്കേറി. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിലായാലും അഴിമതിക്കാര്യത്തിൽ രണ്ടുകൂട്ടർക്കുമുള്ള പങ്ക് നിഷേധിക്കാനാവില്ല. കൂടിയ നിരക്ക് ക്വട്ടേഷൻ ചെയ്ത കമ്പനിക്ക് കരാർ നൽകാനും പണി പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്യാനും മുൻകൈയെടുത്തത് അന്നത്തെ എംഎ‍ൽഎ.യും ടൂറിസം മന്ത്രിയുമായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.

2016ൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ തലേന്നാളായിരുന്നു അന്നത്തെ മുഖ്യമന്ത്രി കണ്ണൂർ ജില്ലയിൽ മാരത്തോൺ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചത്. അതിലൊന്ന് ലൈറ്റ് ആൻഡ്  സൗണ്ട് ഷോ ഉദ്ഘാടനമായിരുന്നു. ഏകദിന ഷോ മാത്രം നടത്തുകയും ഉപകരണങ്ങൾ മുഴുവനെടുത്തു കൊണ്ടുപോവുകയും ചെയ്തു. 2011ൽ ഡിടിപിസി സെക്രട്ടറിയുടെ പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ നടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്നത്തെ എംഎ‍ൽഎ.യുടെ സിൽബന്തിയായ ആൾ റാങ്ക് ലിസ്റ്റിൽ നാലാമതായിപ്പോയി. അതുകൊണ്ട് റാങ്ക് ലിസ്റ്റ് റദ്ദാക്കി.

പുതിയ അപേക്ഷ ക്ഷണിക്കുകയും ഇന്റർവ്യൂ എന്ന പ്രഹസനം നടത്തി സ്വന്തം ഇഷ്ടക്കാരനെ ഒന്നാം റാങ്കുകാരനാക്കി. അങ്ങനെയാണ് പുതിയ ഡിടിപിസി സെക്രട്ടറിയെ നിയമിച്ചത്. യുഡിഎഫ് ഭരണം അവസാനിക്കുന്നത് വരെ അദ്ദേഹം ഡിടിപിസി സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ കണ്ണൂർ എംഎ‍ൽഎ.ക്ക് 'ചാകര'യായിരുന്നു. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങൾക്ക് വൻ തുക കണക്കിൽ കാണിച്ചു. കരാർ തുക 3.58 കോടി രൂപയായിരുന്നു. 50 ശതമാനം തുക അഡ്വാൻസ് കരാർ കമ്പനിക്ക് നൽകിയത് അന്നത്തെ എംഎ‍ൽഎ. നിർബന്ധിച്ചതുകൊണ്ടാണെന്ന് ഡിടിപിസി ഫയലുകൾ പരിശോധിച്ചാൽ കാണാൻ കഴിയും-സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു.

ലൈറ്റ്  ആൻഡ് സൗണ്ട് ഷോയുടെ എല്ലാ അഴിമതിക്കും നേതൃത്വം കൊടുത്തയാളാണ് അന്നത്തെ ടൂറിസം മന്ത്രിയെന്നാണ് വിജിലൻസിന് മുൻ എംഎ‍ൽഎ. കൊടുത്ത മൊഴി. അന്നത്തെ മന്ത്രിയും മുൻ എംഎ‍ൽഎ.യും നടത്തിയ കൂട്ടുകൃഷിയാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ. ഒരാൾ ഒറ്റക്കല്ല, എല്ലാവരും ചേർന്നാണ് യുഡിഎഫ് ഭരണത്തിൽ പൊതുപണം കവർന്നെടുത്തത്.

അഴിമതിക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് വേണ്ടതെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഇതോടെ അബ്ദുള്ളക്കുട്ടിയെ കുടുക്കാനാണ് ഈ കേസെന്നും വ്യക്തമാകുകയാണ്.