- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ചെന്നൈയിൽ സിബിഐ ജോയിന്റ് ഡയറക്ടർ ആയിരിക്കെ അഭയകേസിന്റെ വിചാരണ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നു; ഒരുമുതിർന്ന ജഡ്ജിയാണ് അകാരണമായ കാലതാമസത്തിന് കാരണമെന്ന് ഒരു ഓഫീസർ എന്നോട് പറഞ്ഞു; ഇപ്പോൾ അത് വ്യക്തമായി': സിബിഐയുടെ മുൻ ഡയറക്ടർ എം നാഗേശ്വർ റാവുവിന്റെ ട്വീറ്റ്
കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽ നേരത്തെ രംഗത്തെത്തിയിരുന്നു. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോൻ പുത്തൻപുരയ്ക്കൽ കോട്ടയത്ത് ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ബലം നൽകുന്ന ട്വീറ്റ് മുൻ സിബിഐ ഡയറക്ടർ എം നാഗേശ്വർ റാവു ഡിസംബർ 26 ന് പോസ്റ്റ് ചെയ്തതോടെ ഇത് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി.
'2016-18 കാലഘട്ടത്തിൽ ചെന്നൈയിൽ സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ ഞാൻ അഭയ കേസിന്റെ വിചാരണ വേഗത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അധികം മുന്നോട്ട് പോകാതിരുന്നപ്പോൾ ഒരുമുതിർന്ന ജഡ്ജിയാണ് ഈ അകാരണമായ കാലതാമസത്തിന് കാരണം എന്ന് ഒരു ഓഫീസർ എന്നോട്ട് പറഞ്ഞു. ഇപ്പോൾ അത് ആരാണെന്ന് വ്യക്തമായി.'-ട്വീറ്റിന് ഒപ്പം, പിഗുരൂസിന്റെ സിറിയക് ജോസഫിനെ കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്കും നാഗേശ്വർ റാവു പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഭയ കൊല്ലപ്പെട്ട സമയത്ത് ഹൈക്കോടതിയിലെ അഡീ.അഡ്വ.ജനറലായിരുന്ന സിറിയക് ജോസഫ് 1994 ൽ ഹൈക്കോടതി ജഡ്ജിയായി ഉയർന്നിരുന്നു. 2008 ൽ ബെംഗളൂരുവിലെ നാർകോ അനാലിസിസ് ലാബിന്റെ കണ്ടെത്തലുകളിൽ ഇടപെടാൻ ശ്രമിച്ചതായി വന്ന വാർത്ത പിഗുരൂസ് ലേഖനത്തിൽ സൂചിപ്പിക്കുന്നു. അന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു സിറിയക് ജോസഫ്. 2009 മധ്യത്തോടെ മാധ്യമങ്ങളിൽ ഇത് ചൂട് വാർത്തയായിരുന്നു. അപ്പോഴേക്കും സിറിയക് ജോസഫ് സുപ്രീം കോടതിയിലേക്ക് ഉയർന്നതായി പിഗുരൂസ് നിരീക്ഷിക്കുന്നു.
2009 ഓഗസ്റ്റിൽ പ്രതികളുടെ നാർക്കോ അനാലിസിസ് ടേപ്പുകൾ കർണാടക ചീഫ് ജസ്റ്റിസ് കണ്ടതായി സിബിഐ കേരള ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. 2010 ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ നാർക്കോ അനാലിസിസിന്റെ സാധുത എടുത്തുകളയുകയും ചെയ്തു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസെന്ന നിലയിൽ സിറിയക് ജോസഫ് അധികാര ദുർവിനിയോഗം നടത്തി എന്നാണ് പിഗുരൂസ് ആരോപിക്കുന്നത്.
മതവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിലും മുഖ്യാതിഥിയായിരുന്നു സിറിയക്‌ജോസഫ്. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും വിവാദമായിട്ടുണ്ട്. താൻ സുപ്രീം കോടതി ജഡ്ജിയാണെങ്കിലും, മതമാണ് താൻ പരമോന്നതമായി കണക്കാക്കുന്നതെന്നും അദ്ദേഹം അഭിമാനിച്ചിരുന്നു.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായിരുന്ന വി.ടി.രഘുനാഥും സിറിയക് ജോസഫിന് എതിരെ പരോക്ഷ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അഭയകേസ് വിധി വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ചില വെളിപ്പെടുത്തലുകൾ. കേസിൽ സിബിഐയുടെ ക്ലോസർ റിപ്പോർട്ടുകൾ തള്ളിയ താൻ അഭയ കൊല്ലപ്പെട്ട പയസ് ടെൻത് കോൺവന്റ് സന്ദർശിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം തന്നെ സ്ഥലം മാറ്റുകയും കോൺവന്റ് സന്ദർശിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തുവെന്ന് വി.ടി.രഘുനാഥ് പറഞ്ഞിരുന്നു.
സുപ്രീം കോടതിയിലെ കാലാവധിക്ക് ശേഷം ടെലിെേകാം ട്രിബ്യൂണൽ ചെയർപേഴ്‌സണായുള്ള സിറിയക് ജോസഫിന്റെ നിയമനം കപിൽ സിബൽ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി -സുപ്രീം കോടതി ജഡ്ജിയായുള്ള 18 വർഷത്തെ സർവീസിനിടെ, ആയിരത്തിലധികം കേസുകളിൽ വിധി എഴുതാതെ വിട്ടു എന്നായിരുന്നു നിയമവൃത്തങ്ങളിലെ ആരോപണം. ടെലികോം ട്രിബ്യൂണലിൽ നിന്ന് സിബലിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിറിയക് ജോസഫ് അംഗമായെന്നും പിഗൂരൂസ് ലേഖനത്തിൽ പറയുന്നു.
'പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ പലതവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീ.അഡ്വ.ജനറലായിരുന്നുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ൃ
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റർ സെഫിക്ക് കൊലപാതകത്തന് ജീവപര്യന്തം ശിക്ഷയും തെളിവുനശിപ്പിക്കലിന് ഏഴുവർഷംതടവ് ഇരുവർക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂർ 6.5 ലക്ഷം രൂപയും സിസ്റ്റർ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.
കോട്ടയം അരീക്കര അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വിധി കേൾക്കാൻ തോമസും ലീലാമ്മയും ജീവിച്ചിരിപ്പിച്ചില്ല. ഇരുവുരം നാലു വർഷം മുൻപ് മരിച്ചു.